20 ഭാര്യമാർ, 104 മക്കൾ, എല്ലാവർക്കും വീടടക്കം സൗകര്യങ്ങൾ; കുലം വലുതാക്കണമെന്ന പിതാവിന്‍റെ ആഗ്രഹം മകൻ നടപ്പാക്കിയപ്പോൾ...
text_fieldsഡൊഡോമ: ടാൻസാനിയയിലെ ഒരു വിദൂരഗ്രാമത്തിൽനിന്നുള്ള ഒരു അസാധാരണ കുടുംബത്തിന്‍റെ കഥയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. മിസീ ഏണസ്റ്റോ മുയിനുച്ചി കപിങ്ങ എന്നയാളുടെ വലിയ കുടുംബത്തിന്‍റെ കഥയാണിത്. 20 സ്ത്രീകളെ വിവാഹം കഴിച്ച ഇദ്ദേഹം 104 കുട്ടികളുടെ പിതാവാണ്. ഒരിക്കൽ തന്‍റെ പിതാവ് നൽകിയ ഉപദേശം സ്വീകരിച്ചാണ് ഏറെ അംഗങ്ങളുള്ള കുടുംബം കെട്ടിപ്പടുക്കാൻ തീരുമാനിച്ചത്.
1961ൽ ആദ്യ വിവാഹം കഴിഞ്ഞ സമയം. പിതാവ് കപിങ്ങയോട് പറഞ്ഞു: നമ്മുടെ കുലം വളരെ ചെറുതാണ്, അത് വർധിച്ച് വലിയ കുലമാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു -എന്നായിരുന്നു പിതാവ് പറഞ്ഞ ആഗ്രഹം. പിതാവിന്‍റെ ആഗ്രഹം സഫലമാക്കാൻ കപിങ്ങ തീരുമാനിക്കുകയായിരുന്നു.
നിലവിൽ 16 ഭാര്യമാർ കപിങ്ങയോടൊപ്പമുണ്ട്. ഇവരിൽ ഏഴുപേർ സഹോദരിമാരാണ്. ഓരോ ഭാര്യക്കും സ്വന്തമായി വീടടക്കം സൗകര്യങ്ങൾ ഒരുക്കിനൽകിയിട്ടുണ്ട്. ചുറ്റിലും 104 മക്കളും 144 പേരമക്കളുമായി ജീവിതം ഹാപ്പി.
അടുത്തിടെ ഒരു അഭിമുഖത്തിൽ കപിങ്ങ പറഞ്ഞത് കുടുംബം ഒത്തൊരുമയോടെ മുന്നോട്ടുപോകുന്നതിന് പിന്നിൽ താനല്ലെന്നും തന്‍റെ ഭാര്യമാരാണെന്നുമാണ്. ‘‘ആളുകൾ കരുതുന്നത് ഞാനാണ് എല്ലാം നിയന്ത്രിക്കുന്നത് എന്നാണ്. പക്ഷേ സത്യം പറഞ്ഞാൽ സ്ത്രീകളാണ് ഈ കുടുംബത്തെ ഒരുമിച്ച് നിർത്തുന്നത്. അവരെ നയിക്കുക മാത്രമാണ് ഞാൻ ചെയ്യുന്നത്’’ -കപിങ്ങ പറയുന്നു.