ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായൻ മരിയോ വർഗാസ് യോസ അന്തരിച്ചു
text_fieldsലിമ: എഴുത്തിലും രാഷ്ട്രീയത്തിലും മാധ്യമ പ്രവർത്തനത്തിലുമടക്കം ലോകത്തെ വിസ്മയിപ്പിച്ച നൊബേൽ ജേതാവായ പെറുവിയൻ സാഹിത്യകാരൻ മരിയോ വർഗാസ് യോസ അന്തരിച്ചു. 89 വയസ്സായിരുന്നു. വേറിട്ട ആഖ്യാനശൈലിയുമായി ലാറ്റിൻ അമേരിക്കയുടെ ജീവിത യാഥാർഥ്യങ്ങളെ ലോകത്തിന് പരിചയപ്പെടുത്തിയ യോസ പതിറ്റാണ്ടുകളോളം ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായനായിരുന്നു. മക്കളായ അൽവാരോ, ഗൊൺസാലോ, മോർഗാന എന്നിവർ സമൂഹമാധ്യമമായ എക്സിലാണ് മരണവിവരം അറിയിച്ചത്.
1936 മാർച്ച് 28ന് പെറുവിലെ അറെക്വിപ്പയിലാണ് ജനനം. പതിനഞ്ചാം വയസ്സിൽ ലാ ക്രോണിക്ക എന്ന പത്രത്തിൽ പാർട്ട് ടൈം ക്രൈം റിപ്പോർട്ടറായി കരിയറിന് തുടക്കം. പാരീസിലെ സ്കൂളിൽ അധ്യാപകനായും പെറുവിലെ സെമിത്തേരിയിലും ജോലി നോക്കി. പ്രമുഖ വാർത്ത ഏജൻസി എ.എഫ്.പിയിലും ചെറിയകാലം സേവനം ചെയ്തു. 1959ൽ ആദ്യ കഥാസമാഹാരമായ ‘ദി കബ്സ് ആൻഡ് അദർ സ്റ്റോറീസ്’ പ്രസിദ്ധീകരിച്ചു.
1963ൽ ആദ്യ നോവലായ ‘ദി ടൈം ഓഫ് ദി ഹീറോ’ എന്ന പുസ്തകത്തിലൂടെ സാഹിത്യരംഗത്ത് സജീവമായി. പെറുവിയൻ മിലിട്ടറി അക്കാദമിയിലെ അനുഭവങ്ങൾ ഇതിവൃത്തമായ നോവൽ സൈന്യത്തെ പ്രകോപിപ്പിച്ചു. കോൺവർസേഷൻ ഇൻ ദി കത്തീഡ്രൽ, വാർ ഓഫ് ദി എൻഡ് ഓഫ് ദി വേൾഡ് തുടങ്ങിയ നോവലുകൾ ലോകം കീഴടക്കി. ഇതോടെ 1960 - 1970കളിലെ ലാറ്റിൻ അമേരിക്കൻ എഴുത്തുകാരുടെ തരംഗമായ ‘ബൂം’ നേതാക്കളിൽ ഒരാളായും വർഗാസ് യോസ പേരെടുത്തു.
ഫിദൽ കാസ്ട്രോ നയിച്ച ക്യൂബൻ വിപ്ലവത്തെ തുടക്കത്തിൽ പിന്തുണച്ചെങ്കിലും പിന്നീട് എതിരായി. കാസ്ട്രോയുടെ ക്യൂബയെ അപലപിച്ചു. 1980 ആയപ്പോഴേക്കും വികസ്വര രാജ്യങ്ങൾക്കുള്ള പരിഹാരമായി സോഷ്യലിസത്തിൽ താൻ വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗറില്ലാ പോരും പണപ്പെരുപ്പവും കൊണ്ട് പൊറുതിമുട്ടിയ കാലത്ത് 1990ൽ പെറു പ്രസിഡന്റ് പദവിയിലേക്ക് മത്സരിച്ചു. ആൽബർട്ടോ ഫുജിമോറിക്ക് മുന്നിൽ മുട്ടുമടക്കി.
പലവട്ടം പരിഗണിക്കപ്പെട്ടതിനൊടുവിൽ 2010ൽ സാഹിത്യ നൊബേൽ യോസയെ തേടിയെത്തി. 1994ൽ റോയൽ സ്പാനിഷ് അക്കാദമി അംഗമായ അദ്ദേഹം നിരവധി കോളജുകളിലും യൂനിവേഴ്സിറ്റികളിലും വിസിറ്റിങ് പ്രഫസറായി.