ഇസ്രായേൽ പരിധി വിടുന്നതായി പകുതിയിലധികം അമേരിക്കക്കാർ
text_fieldsവാഷിങ്ടൺ: ഗസ്സയിൽ നിർബാധം ആക്രമണം തുടരുന്ന ഇസ്രോയേലിനെ നിരുപാധികം പിന്തുണക്കുന്ന രാജ്യമാണ് അമേരിക്ക. എന്നാൽ, ആ രാജ്യത്ത് ഇസ്രായേലിന്റെ അതിക്രമങ്ങൾക്കുള്ള പിന്തുണ കുറയുകയാണെന്ന് റിപ്പോർട്ട്.
പകുതിയിലധികം അമേരിക്കക്കാരും ഇസ്രായേൽ പരിധി വിടുകയാണെന്ന് കരുതുന്നതായി അസോസിയേറ്റഡ് പ്രസും നോർക് സെന്റർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച്ചും ചേർന്ന് നടത്തിയ സർവേ പറയുന്നു. 2023 നവംബറിൽ ഈ അഭിപ്രായമുള്ളവർ 40 ശതമാനമായിരുന്നിടത്താണ് ഇപ്പോൾ 50 ശതമാനം കടന്നിരിക്കുന്നത്.
അതേസമയം, ഗസ്സയിലെ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കുകയും ഹമാസ് എല്ലാ ബന്ദികളെയും മോചിപ്പിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഐക്യരാഷ്ട്രസഭ രക്ഷാസമിതി പ്രമേയം യു.എസ് വീറ്റോ ചെയ്തു. സമിതിയിലെ ബാക്കി 14 അംഗരാജ്യങ്ങളും പിന്തുണച്ചപ്പോഴായിരുന്നു പതിവുപോലെ അമേരിക്കയുടെ വീറ്റോ.
ഹമാസിനെ പ്രമേയം വേണ്ട രൂപത്തിൽ അപലപിക്കുന്നില്ലെന്നും സ്വയം പ്രതിരോധിക്കാനുള്ള ഇസ്രായേലിന്റെ അവകാശം വകവെച്ചുകൊടുക്കുന്നില്ലെന്നും പറഞ്ഞായിരുന്നു യു.എസിന്റെ എതിർപ്പ്. റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് എന്നീ സ്ഥിരാംഗങ്ങളും അൽജീരിയ, ഡെന്മാർക്, ഗ്രീസ്, ഗയാന, പാകിസ്താൻ, പാനമ, റിപ്പബ്ലിക് ഓഫ് കൊറിയ, സിയറലിയോൺ, സ്ലൊവീനിയ, സോമാലിയ എന്നീ താൽക്കാലികാംഗങ്ങളുമാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. 10 താൽക്കാലികാംഗ രാജ്യങ്ങൾ ചേർന്നാണ് പ്രമേയം തയാറാക്കിയത്.
14 രാജ്യങ്ങളുടെ ധീരമായ തീരുമാനത്തെ പ്രമേയത്തിന് പിന്നിൽ പ്രവർത്തിച്ച പ്രധാന രാജ്യങ്ങളിലൊന്നായ അൽജീരിയയുടെ പ്രതിനിധി അമർ ബെന്ദ്ജാമ അഭിനന്ദിച്ചു. പ്രമേയത്തെ യോഗത്തിൽ പങ്കെടുത്ത യു.എസ് പ്രതിനിധി മോർഗൻ ഓർട്ടേഗസ് വിമൾശിച്ചു. ‘ഹമാസിനെ വേണ്ട രൂപത്തിൽ അപലപിക്കാത്ത, സ്വയം പ്രതിരോധിക്കുന്നതിനുള്ള ഇസ്രായേലിന്റെ അവകാശം വകവെച്ചുകൊടുക്കാത്ത പ്രമേയത്തെ അനുകൂലിക്കാനാവില്ല. ഹമാസിന് ഗുണം ചെയ്യുന്ന വിവരണങ്ങളാണ് കൗൺസിലിലെ മറ്റംഗങ്ങൾ മുന്നോട്ടുവെക്കുന്നത് എന്നത് സങ്കടകരമാണ്’-ഓർട്ടേഗസ് പറഞ്ഞു.
ഗസ്സയിലെ നരനായാട്ട് തുടരുന്ന ഇസ്രായേലിനും അവരെ നിരുപാധികം പിന്തുണക്കുന്ന യു.എസിനും തിരിച്ചടിയാണ് പ്രമേയം. സുഹൃദ്രാജ്യങ്ങളായ ഫ്രാൻസും ബ്രിട്ടനുമൊക്കെ പ്രമേയത്തിനൊപ്പം നിൽക്കുന്നത് യു.എസിനെ അലോസരപ്പെടുത്തും. യു.എൻ പൊതുസഭയുടെ വാർഷിക ഒത്തുകൂടലിന് തൊട്ടുമുമ്പാണ് ഇതെന്നതും പ്രാധാന്യം വർധിപ്പിക്കുന്നു. കഴിഞ്ഞയാഴ്ച ഇസ്രായേൽ-ഫലസ്തീൻ പ്രശ്നപരിഹാരത്തിന് ദ്വിരാഷ്ട്ര ഫോർമുല മുന്നോട്ടുവെക്കുന്ന ‘ന്യൂയോർക് പ്രഖ്യാപനം’ 10നെതിരെ 142 വോട്ടുകൾക്ക് യു.എൻ പൊതുസഭ പാസാക്കിയിരുന്നു.