പ്രളയം: പാകിസ്താനിൽ 20 ലക്ഷം പേരെ മാറ്റിപ്പാർപ്പിച്ചു
text_fieldsലാഹോർ: കിഴക്കൻ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ അതിരൂക്ഷമായ പ്രളയത്തെത്തുടർന്ന് 20 ലക്ഷത്തിലധികം പേരെ വീടുകളിൽ നിന്നും മാറ്റിപ്പാർപ്പിച്ചു. സിന്ധ് പ്രവിശ്യയിൽനിന്ന് 1,50,000 പേരെ ഒഴിപ്പിച്ചതായും ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റി മേധാവി ഇനാം ഹൈദർ മാലിക് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ജൂൺ അവസാനം മുതൽ രാജ്യത്തുടനീളം 900ൽ അധികം പേർക്ക് മഴയെത്തുടർന്ന് ജീവൻ നഷ്ടപ്പെട്ടതായി ഇന്റർനാഷണൽ മെഡിക്കൽ കോർപ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. കനത്ത മഴ കാരണം നദികൾ കരകവിഞ്ഞൊഴുകുന്നതാണ് പ്രളയത്തിന് പ്രധാന കാരണമെന്ന് കരുതുന്നു. കാലാവസ്ഥ വ്യതിയാനവും പ്രളയക്കെടുതി രൂക്ഷമാകുന്നതിന് കാരണമായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി.
മുന്നറിയിപ്പ് സംവിധാനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണെന്ന് വിമർശകർ ആരോപിക്കുന്നു. പാകിസ്താനിലെ 40% ആളുകളും ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രളയത്തിൽ വീടുകളും കൃഷിയിടങ്ങളും നശിക്കുന്നത് ജനങ്ങൾക്ക് കനത്ത ആഘാതമാണ് സൃഷ്ടിക്കുന്നത്.
പ്രളയഭീഷണി ഉണ്ടായിട്ടും സ്വത്തുക്കൾ സംരക്ഷിക്കാൻ പല കുടുംബങ്ങളും വീടുകളിൽ തുടരാൻ തീരുമാനിച്ചത് രക്ഷാപ്രവർത്തനം ദുസ്സഹമാക്കിയതായി ആരോപണമുയർന്നു. ഗ്രാമീണരെയും അവരുടെ കന്നുകാലികളെയും ബോട്ടുകളിൽ മാറ്റിപ്പാർപ്പിക്കാൻ രക്ഷാപ്രവർത്തകർ നന്നേ പാടുപെട്ടു. ശക്തമായ ഒഴുക്കുള്ളതിനാൽ രക്ഷാപ്രവർത്തനം വളരെ അപകടം പിടിച്ചതായിരുന്നു. ഇതിനിടയിലാണ് ചൊവ്വാഴ്ച രക്ഷാപ്രവർത്തനത്തിനിടെ സിന്ധു നദിയിൽ ബോട്ട് മറിഞ്ഞ് ഒമ്പത് പേർ മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് ജലൽപൂർ പിർവാല നഗരത്തിന് സമീപം സമാനമായ അപകടത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായിരുന്നു.
പ്രളയബാധിത പ്രദേശങ്ങളായ പഞ്ചാബിൽ ടൺ കണക്കിന് ദുരിതാശ്വാസ സാമഗ്രികൾ, പുതപ്പുകൾ, കൂടാരങ്ങൾ, ജല ശുദ്ധീകരണ ഉപകരണങ്ങൾ എന്നിവ എത്തിച്ചതായി പാകിസ്താൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. വെള്ളം പൂർണ്ണമായും ഇറങ്ങിയ ശേഷം മാത്രമേ പുനരധിവാസ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിക്കുകയുള്ളൂ എന്നും ഇതിന് ആഴ്ചകൾ എടുക്കുമെന്നും മാലിക് പറഞ്ഞു. ഏറ്റവും പുതിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പാക് അധികൃതർ ഈ ആഴ്ച കാലാവസ്ഥാ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന വെല്ലുവിളികളെ നേരിടാൻ 300 ദിന പദ്ധതി തയ്യാറാക്കാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.