Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹുർമുസ് വീണ്ടും...

ഹുർമുസ് വീണ്ടും തുറക്കാൻ നീക്കം; ഇറാൻ നേതൃത്വവുമായി ആസിം മുനീർ ചർച്ച നടത്തി

text_fields
bookmark_border
ഹുർമുസ് വീണ്ടും തുറക്കാൻ നീക്കം; ഇറാൻ നേതൃത്വവുമായി ആസിം മുനീർ ചർച്ച നടത്തി
cancel

തെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷം കൂടുതൽ രൂക്ഷമാകുന്നത് തടയുന്നതിനും ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമായി പാകിസ്താൻ സൈനിക മേധാവി ആസിം മുനീർ ഇറാൻ നേതൃത്വവുമായി നടത്തിയ ചർച്ചയിൽ പുരോഗതി.

ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‌വിക്കൊപ്പം കഴിഞ്ഞദിവസം തെഹ്റാനിലെത്തിയ ആസിം മുനീർ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാൻ, സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിലെ പരമോന്നത നേതാവിന്റെ പ്രതിനിധി മുഹ്സിൻ രിസായി, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി, ആഭ്യന്തര മന്ത്രി ഇസ്കന്ദർ മുഅ്മിനി എന്നിവരുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് ഇസ്‍ലാമാബാദിലേക്ക് മടങ്ങിയ ഇരുവരും അവിടെ യു.എസ് അംബാസഡറുമായി വിഷയം ചർച്ച ചെയ്തു.

ഇരുപക്ഷവും പാകിസ്‍താന്റെ ഇടപെടലുകളോട് പോസിറ്റിവായി പ്രതികരിച്ചുവെന്ന് മുഹ്സിൻ നഖ്‌വി പറഞ്ഞു. പാക് ഇടപെടലിൽ ഒരിക്കൽകൂടി ചർച്ചക്ക് വഴിതെളിയുന്നുവെന്നാണ് പുതിയ സംഭവ വികാസങ്ങൾ നൽകുന്ന സൂചന. സംഘർഷം കൂടുതൽ വ്യാപിക്കുന്നത് തടയുക, ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, യുദ്ധം എത്രയും വേഗം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ചയായത്. മേഖലയിലെ സമാധാനം ഉറപ്പാക്കുന്നതിനും തർക്കങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുന്നതിനുള്ള സാധ്യതകളും നേതാക്കൾ പരിശോധിച്ചു.

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പുനരാരംഭിക്കാൻ പാകിസ്താൻ നേരത്തേയും മധ്യസ്ഥശ്രമങ്ങൾ നടത്തിയിരുന്നു. ഏപ്രിലിൽ വെടിനിർത്തലിനും സംഘർഷം അവസാനിപ്പിക്കുന്നതിനുമായി ധാരണയിലെത്തിയിരുന്നെങ്കിലും പിന്നീട് സമാധാനപ്രക്രിയ നിലച്ചു. കഴിഞ്ഞ മാസം അമേരിക്കയും ഇറാനും വീണ്ടും സൈനികാക്രമണങ്ങൾ ആരംഭിച്ചതോടെ പാകിസ്താൻ ഗാരന്ററായി ഒപ്പുവെച്ച ഇടക്കാല സമാധാന ധാരണയും തകർന്നു.

അതേസമയം, ഇറാനെതിരായ സാമ്പത്തിക സമ്മർദം അമേരിക്ക ശക്തമാക്കുകയാണ്. തെഹ്റാന്റെ സാമ്പത്തിക സ്രോതസ്സുകൾ തടയുകയെന്ന ലക്ഷ്യത്തോടെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതായി യു.എസ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇറാന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായം നൽകുന്ന രാജ്യങ്ങൾ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Show Full Article
TAGS:Strait of Hormuz Asim Munir US Iran War 
News Summary - Move to reopen Hormuz; Asim Munir holds talks with Iranian leadership
Next Story