Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലിബിയൻ മോർച്ചറിയിലെ ആ...

ലിബിയൻ മോർച്ചറിയിലെ ആ മൃതദേഹം ആരുടേത്? 50 വർഷം മുമ്പ് അപ്രത്യക്ഷനായ വിഖ്യാത ശിയാ നേതാവിന്റേതോ?

text_fields
bookmark_border
ലിബിയൻ മോർച്ചറിയിലെ ആ മൃതദേഹം ആരുടേത്?  50 വർഷം മുമ്പ് അപ്രത്യക്ഷനായ വിഖ്യാത ശിയാ നേതാവിന്റേതോ?
cancel

തിറ്റാണ്ടുകൾ പഴക്കമുള്ള ഒരു മൃതദേഹത്തിന്റെ നവീന സാ​ങ്കേതിക പരിശോധനയിലൂടെ ലോക രാഷ്ട്രീയത്തിലെ ഒരു പ്രമാദ തിരോധാനം വെളിച്ചത്തുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഒരു സംഘം പേർ. ഇതിൽ പഴയകാല പത്രപ്രവർത്തകനും ബി.ബി.സിയുടെ ലേഖകനും ഇംഗ്ലണ്ടിലെ ഒരു സർവകലാശാലയിലെ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും ഉൾപ്പെടുന്നു. തങ്ങളുടെ അന്വേഷണത്തിലൂടെ 50 വർഷ​ത്തോളമായി പശ്ചിമേഷ്യയെ ചുറ്റിവരിഞ്ഞ ഒരു നിഗൂഢതയുടെ ചുരുളഴിക്കാനാവുമെന്ന് ഇവർ കരുതുന്നു.

2011ൽ ലിബിയൻ തലസ്ഥാനമായ ട്രിപളിയിലെ രഹസ്യ മോർച്ചറിയിൽ വെച്ച് ഒരു പത്രപ്രവർത്തകൻ പകർത്തിയ മൃതദേഹത്തിന്റെ യഥാർത്ഥ ഫോട്ടോ ആണ് അതിലേക്കു നയിച്ചത്. 1978ൽ, ഇറാൻ വിപ്ലവത്തി​ന്റെ ത​ലേദിവസം ലിബിയയിനിന്ന് അപ്രത്യക്ഷനായ വിഖ്യാത ശിയാ പുരോഹിതൻ മൂസ അൽ സദർ ആയിരിക്കാം അദ്ദേഹമെന്ന് സംശയം ബലപ്പെട്ടിരിക്കുന്നു. മൃതദേഹത്തിന്റെ ഡിജിറ്റൈസ് ചെയ്ത ഫോട്ടോയിൽ അഴുകിക്കാണുന്ന മുഖം പ്രത്യേക അൽഗോരിതം വഴി പരിശോധനക്ക് വിധേമാക്കിയിരിക്കുകയാണ് ബ്രാഡ്‌ഫോർഡ് സർവകലാശാലയിലെ പ്രഫസർ ഹസ്സൻ ഉഗെയ്ൽ.

സദറിന്റെ തിരോധാനം നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് കാരണമായി. ചിലർ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്നു. മറ്റുള്ളവർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ലിബിയയിലെവിടെയോ തടവിലാണെന്നും അവകാശപ്പെടുന്നു. അദ്ദേഹത്തിന്റെ അനുയായികളെ സംബന്ധിച്ചിടത്തോളം, ആ തിരോധാനം 1963ലെ യു.എസ് പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ കൊലപാതകത്തിന് സമാനമായ ഗൂഢാലോചനയാണെന്ന് ഇപ്പോൾ ഇത് വീണ്ടും വാർത്തകളിലേക്കു കൊണ്ടുവന്ന ബി.ബി.സി ലേഖകൻ മൊയി ഷെരീഫ് പറയുന്നു.

തന്റെ ജന്മനാടായ ലബനാനിൽ അരികുവൽക്കരിക്കപ്പെട്ട ശിയാ മുസ്‍ലിംകൾക്കുവേണ്ടി വാദിച്ചതിലൂടെയും, വിശാല വീക്ഷണമുള്ള ഒരു മതനേതാവെന്ന നിലയിലും സദറിനെ അനുയായികൾ ഏറെ ബഹുമാനിച്ചിരുന്നു. ജീവിച്ചിരിക്കുന്ന ഒരു ശിയാ പുരോഹിതന് ലഭിക്കുന്ന അസാധാരണ ബഹുമതിയായ ഇമാം എന്ന പദവിയാണ് അവർ അദ്ദേഹത്തിന് നൽകിയത്.

ലോകത്തിലെ ഏറ്റവും രാഷ്ട്രീയമായും മതപരമായും വംശീയമായും അസ്ഥിരമായ പ്രദേശമായ പശ്ചിമേഷ്യയുടെ വിധിയെയും സദറിന്റെ തിരോധാനം മാറ്റിമറിച്ചുവെന്ന നിരീക്ഷണങ്ങളുമുണ്ട്. ഇറാനിയൻ വിപ്ലവത്തിന്റെ തലേന്ന് അപ്രത്യക്ഷനായ ഇറാനിയൻ-ലെബനാൻ പുരോഹിതൻ, ഇറാനെയും മേഖലയെയും മിതമായ ആശയത്തിലേക്ക് കൊണ്ടുപോകുന്നതിന് തന്റെ സ്വാധീനം ഉപയോഗിക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്നും ചിലർ കരുതുന്നു.

ഇക്കാരണങ്ങളാലെല്ലാം ശ്രദ്ധേയമായ ആ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കാൻ ബി.ബി.സി ലേഖകൻ തയ്യാറെടുത്തു. 2011ൽ മോർച്ചറിയിൽവെച്ച് ഫോട്ടോ എടുത്ത പത്രപ്രവർത്തകനെ ചെന്നുകണ്ടു. ബ്രാഡ്‌ഫോർഡ് യൂനിവേഴ്‌സിറ്റിയുടെ തിരിച്ചറിയൽ ശ്രമങ്ങളിൽ വളരെയധികം ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ശിയാ പുരോഹിതന്റ ശരീരം അസാധാരണമാംവിധം ഉയരമുള്ളതായിരുന്നു. സദറിന് 1.98 മീറ്റർ (6 അടി 5 ഇഞ്ച്) ഉയരമുണ്ടെന്ന് പറയപ്പെടുന്നു. എന്നാൽ, മുഖത്ത് തിരിച്ചറിയാൻ കഴിയുന്ന സവിശേഷതകൾ കുറവായിരുന്നു. ‘ലെബനാനിലെ മലനിരകളിലെ ഉയർന്ന പ്രദേശമായ യമ്മൂനെഹ് ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഞാൻ. 1968ലെ ഭയാനകമായ ശൈത്യകാലത്ത്, ഒരു ഹിമപാതത്തിൽ ആ ഗ്രാമം തകർന്നപ്പോൾ, മൂസ അൽ സദർ പുതഞ്ഞു കിടക്കുന്ന മഞ്ഞിലൂടെ നടന്ന് ഗ്രാമീണരെ സഹായിച്ചതിനെക്കുറിച്ചുള്ള കഥകൾ വളരെക്കാലമായി പറഞ്ഞുകേട്ടിട്ടുണ്ട്’- ഫോട്ടോ പകർത്തിയ പത്രപ്രവർത്തകൻ പറഞ്ഞു.

അക്കാലത്ത് യമ്മൂനെഹ് പോലുള്ള ഒറ്റപ്പെട്ട ഗ്രാമത്തിൽ സദറിന് വലിയ പ്രശസ്തി ലഭിച്ചിരുന്നില്ല. പക്ഷേ, അദ്ദേഹം പതുക്കെ ദേശീയ പ്രശസ്തി നേടിക്കൊണ്ടിരുന്നു. ആ ദശകത്തിന്റെ അവസാനത്തോടെ അദ്ദേഹം ലെബനാനിലെ ഒരു പ്രധാന വ്യക്തിയായി മാറി. മതാന്തര സംവാദത്തിനും ദേശീയ ഐക്യത്തിനും വേണ്ടി വാദിക്കുന്നതിലൂടെ പ്രശസ്തനായി.

1974ൽ, ശിയാകൾക്ക് ആനുപാതിക പ്രാതിനിധ്യവും ദരിദ്രർക്ക് സാമൂഹികവും സാമ്പത്തികവുമായ വിമോചനവും ആവശ്യപ്പെടുന്ന സാമൂഹിക-രാഷ്ട്രീയ സംഘടനയായ ‘മൂവ്‌മെന്റ് ഓഫ് ദി ഡിപ്രൈവ്ഡ്’ എന്ന പ്രസ്ഥാനത്തിന് സദർ തുടക്കം കുറിച്ചു. വിഭാഗീയത ഒഴിവാക്കാൻ അദ്ദേഹം അത്രയധികം ദൃഢനിശ്ചയം ചെയ്തതിനാൽ അദ്ദേഹം ക്രിസ്ത്യൻ പള്ളികളിൽ പോലും പ്രസംഗങ്ങൾ നടത്തി.

1978 ആഗസ്റ്റ് 25ന്, ലിബിയയുടെ അന്നത്തെ നേതാവ് കേണൽ മുഹമ്മർ ഗദ്ദാഫിയെ കാണാൻ സദർ ലിബിയയിലേക്ക് പറന്നു. ആഭ്യന്തരയുദ്ധത്തിലേക്ക് പതിച്ച ലെബനാനിലെ സിവിലിയന്മാരെ സുരക്ഷിതമാക്കാൻ ഗദ്ദാഫി ഇടപെടണമെന്ന് സദർ ആഗ്രഹിച്ചു. ആഗസ്റ്റ് 31ന്, ഗദ്ദാഫിയുമായുള്ള കൂടിക്കാഴ്ചക്കായി ആറു ദിവസം കാത്തിരുന്ന ശേഷം ട്രിപ്പളിയിലെ ഒരു ഹോട്ടലിൽ നിന്ന് ലിബിയൻ സർക്കാറിന്റെ കാറിൽ സദറിനെ കൊണ്ടുപോയി.

അദ്ദേഹത്തെ പിന്നീടൊരിക്കലും ആരും കണ്ടിട്ടില്ല. ഗദ്ദാഫിയുടെ സുരക്ഷാ സേന അവിടെനിന്ന് അദ്ദേഹം റോമിലേക്ക് പോയെന്ന് അവകാശപ്പെട്ടു. എന്നാൽ, തുടർന്നുള്ള അന്വേഷണങ്ങളിൽ ഇത് തെറ്റാണെന്ന് തെളിഞ്ഞു. ഗദ്ദാഫിയുടെ ലിബിയയിൽ സ്വതന്ത്ര പത്രപ്രവർത്തനം പരിമിത​​പ്പെടുത്തിയിരുന്നു. എന്നാൽ 2011ൽ, അറബ് വസന്തകാലത്ത് ഒരു വാതിൽ തുറക്കപ്പെട്ടു. ട്രിപ്പളിയിലെ ഒരു രഹസ്യ മോർച്ചറിയെക്കുറിച്ച് കലാപം റിപ്പോർട്ട് ചെയ്ത ലെബനീസ്-സ്വീഡിഷ് റിപ്പോർട്ടറായ കാസിം ഹമാദെക്ക് ഒരു സ്രോതസ്സിൽ നിന്നും സൂചന ലഭിച്ചു. അതിൽ സദറിന്റെ ശരീരാവശിഷ്ടങ്ങളും അടങ്ങിയിരിക്കുന്നുവെന്നതായിരുന്നു അത്.

കാസിമിനെ കാണിച്ച മോർച്ചറി മുറിയിൽ 17 മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നു. ഒന്ന് കുട്ടിയുടെതായിരുന്നു. ബാക്കിയുള്ളവരെല്ലാം മുതിർന്ന പുരുഷന്മാരായിരുന്നു. അവരെല്ലാം മരിച്ചിട്ട് മൂന്ന് പതിറ്റാണ്ടുകളോളമായി എന്ന് മോർച്ചറി ജീവനക്കാരൻ കാസിമിനോട് പറഞ്ഞു. അത് സദറിന്റെ സമയക്രമവുമായി ഏതാണ്ട് യോജിക്കുന്നതായിരുന്നു.

അതിൽ ഒരു മൃതദേഹം മാത്രമേ സദറിനോട് സാമ്യമുണ്ടായിരുന്നുള്ളൂ. മോർച്ചറി ജീവനക്കാരൻ ഒരു ഡ്രോയർ തുറന്ന​പ്പോൾ രണ്ട് കാര്യങ്ങൾ തന്നെ പെട്ടെന്ന് സ്പർശിച്ചതായി കാസിം ബി.ബി.സി റിപ്പോർട്ടറോടു പറഞ്ഞു. ഒന്നാമതായി, മുഖവും ചർമത്തിന്റെ നിറവും മുടിയും അപ്പോഴും സദറിന്റേതിന് സമാനമായി തോന്നി. രണ്ടാമതായി, ആ വ്യക്തി വധിക്ക​​പ്പെട്ടതിന്റെ സൂചനകൾ ആയിരുന്നു. തലയോട്ടിയെ ലക്ഷ്യമിട്ട വെടിയുണ്ടയായിരുന്നു കാസിമിന്റെ അനുമാനത്തിന്റെ കാരണം. നെറ്റിയിൽ കനത്ത പ്രഹരം ഏൽക്കുകയോ ഇടതു കണ്ണിന് മുകളിൽ ഒരു വെടിയുണ്ട തുളച്ചുകയറുകയോ ചെയ്തതായി കാണപ്പെട്ടു.

പക്ഷേ, ഇത് സദർ ആണെന്ന് എങ്ങനെ ഉറപ്പിക്കാനാകും? അതിനായി കാസിം മോർച്ചറിയിൽ വെച്ച് എടുത്ത ഫോട്ടോ ബി.ബി.സി ലേഖകൻ ബ്രാഡ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു ടീമിന് നൽകി. അവർ കഴിഞ്ഞ 20 വർഷമായി ‘ഡീപ് ഫേസ് റെക്കഗ്നിഷൻ’ എന്ന സവിശേഷ അൽഗോരിതം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഫോട്ടോകൾ തമ്മിലുള്ള സങ്കീർണ്ണമായ സമാനതകൾ ഇതുവഴി തിരിച്ചറിയാനാവും. അപൂർണമായ ചിത്രങ്ങളിൽ പോലും പരിശോധനകളിൽ വളരെ വിശ്വസനീയമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

സംഘത്തെ നയിക്കുന്ന പ്രഫസർ ഉഗെയ്ൽ, മോർച്ചറിയിൽ നിന്നുള്ള ചിത്രം വ്യത്യസ്ത ഘട്ടങ്ങളിലുള്ള സദറിന്റെ നാല് ഫോട്ടോകളുമായി താരതമ്യം ചെയ്യാൻ തീരുമാനിച്ചു. മോർച്ചറി ചിത്രം പരിശോധിക്കുന്ന സോഫ്റ്റ്‌വെയർ 100ൽ നിശ്ചിത സ്കോർ നൽകും. ഇങ്ങനെ നൽകുന്ന സംഖ്യ കൂടുന്തോറും അത് സമാന വ്യക്തിയോ അതല്ലെങ്കിൽ കുടുംബാംഗമോ ആകാനുള്ള സാധ്യത കൂടുതലാണ്.


ചിത്രത്തിന് 50ൽ താഴെ സ്കോർ ആണ് നേടുന്നതെങ്കിൽ ആ വ്യക്തി സദറുമായി ബന്ധമില്ലാത്തയാളായിരിക്കും. 60 നും 70 നും ഇടയിൽ ആണെങ്കിൽ അത് അയാളോ അടുത്ത ബന്ധുവോ ആണെന്നാണ് അർഥമാക്കുന്നത്. എഴുപതോ അതിൽ കൂടുതലോ എന്നത് നേരിട്ടുള്ള പൊരുത്തമായിരിക്കും. എന്നാൽ, 60കളിൽ സ്കോർ ചെയ്ത ഫോട്ടോ അത് സദർ ആയിരിക്കാനുള്ള ഉയർന്ന സാധ്യത ആണെന്ന് പ്രഫസർ ഉഗെയ്ൽ പറയുന്നു.

ഈ നിഗമനം പരീക്ഷിക്കുന്നതിനായി പ്രഫസർ അതേ അൽഗോരിതം ഉപയോഗിച്ച് സദറിന്റെ കുടുംബത്തിലെ ആറ് അംഗങ്ങളുമായി ഫോട്ടോ താരതമ്യം ചെയ്തു. തുടർന്ന് ഏതെങ്കിലും വിധത്തിൽ അദ്ദേഹത്തോട് സാമ്യമുള്ള പശിചിമേഷ്യൻ പുരുഷന്മാരുടെ 100 റാൻഡം ചിത്രങ്ങളുമായും താരതമ്യം ചെയ്തു. കുടുംബ ഫോട്ടോകൾക്ക് മികച്ച സ്കോർ ലഭിച്ചു. എന്നാൽ മോർച്ചറി ചിത്രവും സദറിന്റെ ജീവനുള്ള ചിത്രങ്ങളും തമ്മിലുള്ള താരതമ്യം ആയിരുന്നു ഏറ്റവും മികച്ച ഫലം. കാസിം സദറിന്റെ മൃതദേഹം കണ്ടിരിക്കാനുള്ള ശക്തമായ സാധ്യതയുണ്ടെന്ന് ഇത് കാണിച്ചു.

2023 മാർച്ചിൽ, കാസിമിന്റെ ഫോട്ടോ താൻ ആദ്യമായി കണ്ടതിന് നാല് വർഷത്തിനു ശേഷം, സാധ്യമായ സാക്ഷികളുമായി സംസാരിക്കാനും സ്വയം അന്വേഷിക്കാനും ലിബിയയിലേക്ക് പോയതായി ബി.ബി.സി ലേഖകൻ പറഞ്ഞു. ‘വിഷയം സെൻസിറ്റീവ് ആണെന്ന് ഞങ്ങൾക്ക് എല്ലായ്പ്പോഴും അറിയാമായിരുന്നു. എന്നിട്ടും ലിബിയൻ പ്രതികരണം ഞങ്ങളെ അത്ഭുതപ്പെടുത്തി. രഹസ്യ മോർച്ചറി തിരയുന്ന ട്രിപ്പളിയിലെ ഞങ്ങളുടെ രണ്ടാം ദിവസമായിരുന്നു അത്. ബി.ബി.സി സംഘത്തോടൊപ്പം ഉണ്ടായിരുന്ന കാസിമിന് 2011ൽ അദ്ദേഹം സന്ദർശിച്ച പ്രദേശത്തിന്റെ പേര് ഓർമയില്ല. അത് ഒരു ആശുപത്രിക്ക് സമീപമായിരുന്നു എന്നതൊഴിച്ചാൽ. അവസാനം അത് കണ്ടെത്തി.

കെട്ടിടത്തിന്റെ അകത്ത് ചിത്രീകരിക്കാൻ ഞങ്ങൾ അനുമതി തേടിയെങ്കിലും നൽകിയില്ല. തൊട്ടടുത്ത ദിവസം തിരിച്ചറിയാത്ത ഒരു കൂട്ടം ആളുകൾ വിശദീകരണം നൽകാതെ ഞങ്ങളെ പിടികൂടി. അവർ ലിബിയൻ ഇന്റലിജൻസ് സർവിസ് ഉദ്യോഗസ്ഥരാണെന്ന് പിന്നീട് മനസ്സിലാക്കി. ഞങ്ങളെ ലിബിയൻ ഇന്റലിജൻസ് നടത്തുന്ന ഒരു ജയിലിലേക്ക് കൊണ്ടുപോയി. അവിടെ ഏകാന്തതടവിൽ പാർപ്പിച്ചു. ആറ് ദിവസം ഞങ്ങൾ തടങ്കലിൽ കഴിഞ്ഞു. ഒടുവിൽ, ബി.ബി.സിയുടെയും യു.കെ സർക്കാറിന്റെയും സമ്മർദത്തെത്തുടർന്ന് ഞങ്ങളെ വിട്ടയച്ച് നാടുകടത്തി’.

സദർ കൊല്ലപ്പെട്ടുവെന്ന് ചിലർ വളരെക്കാലമായി വിശ്വസിച്ചിരുന്നു. യു.എസിൽ ജോലി ചെയ്തിരുന്ന ഒരു ലെബനീസ് അക്കാദമിക് വിദഗ്ദ്ധനായ ഡോ. ഹുസൈൻ കെനാൻ പറയുന്നത്, 1978ൽ സദർ അപ്രത്യക്ഷനായ ആഴ്ച താൻ വാഷിങ്ടണിലെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് സന്ദർശിച്ചതായും അദ്ദേഹം കൊല്ലപ്പെട്ടതായി റിപ്പോർട്ട് ലഭിച്ചുവെന്ന് അറിയിച്ചതായും പറയുന്നു. ഈ വിവരണം മുൻ ലിബിയൻ നീതിന്യായ മന്ത്രി മുസ്തഫ അബ്ദുൽ ജലീൽ പിന്തുണക്കുന്നു. ‘ലിബിയൻ ജയിലുകളിൽ വെച്ച് അവർ അദ്ദേഹത്തെ കൊന്നു’ എന്നായിരുന്നു അദ്ദേഹം 2011ൽ കാസിമിനോട് പറഞ്ഞത്.

ഗദ്ദാഫി സദറിനെ കൊല്ലാൻ ഉത്തരവിട്ടെങ്കിൽ അതെന്തുകൊണ്ടായിരുന്നു എന്ന് ബി.ബി.സി ലേഖകൻ അന്വേഷിച്ചു. ഇറാനിയൻ വിപ്ലവത്തിനായുള്ള അവരുടെ ലക്ഷ്യങ്ങളെ സദർ തടസ്സപ്പെടുത്താൻ പോകുന്നുവെന്ന് ഭയന്ന് കടുത്ത ഇറാനിയൻ വാദികൾ ഗദ്ദാഫിയെ സ്വാധീനിച്ചു എന്നതാണ് ഒരു സിദ്ധാന്തം. അന്നത്തെ ഭരണാധികാരിയായ ഷാ മുഹമ്മദ് റെസ പഹ്‌ലവിയുടെ ഭരണം അവസാനിപ്പിക്കാൻ ആഗ്രഹിച്ച നിരവധി ഇറാനിയൻ വിപ്ലവകാരികളെ സദർ പിന്തുണച്ചിരുന്നുവെങ്കിലും ഇറാനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മിതവാദ വീക്ഷണം തീവ്ര ഇസ്‍ലാമിക വിപ്ലവകാരികളുടെ ആശയങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരുന്നു. അക്കാരണത്താൽ, അവർക്ക് അത് ഇഷ്ടപ്പെടാതിരിക്കുകയും വെറുപ്പ് തോന്നുകയും ചെയ്തുവെന്നാണത്.

ഇറാൻ വിദഗ്ധനായ ആൻഡ്രൂ കൂപ്പറിന്റെ അഭിപ്രായത്തിൽ, കാണാതാകുന്നതിന് ഒരു ആഴ്ച മുമ്പ് സദർ റസാ ഷാക്ക് സഹായം വാഗ്ദാനം ചെയ്ത് കത്തെഴുതിയിരുന്നുവെന്നാണ്. ഷായുടെ ജീവചരിത്രത്തിനായുള്ള ഗവേഷണത്തിന്റെ ഭാഗമായി, ഷായുടെ രഹസ്യ പൊലീസിന്റെ മുൻ ഡയറക്ടറായിരുന്ന പർവിസ് സബേതിയെ കൂപ്പർ അഭിമുഖം നടത്തി. പ്രതിപക്ഷത്തിലെ കൂടുതൽ മിതവാദികളെ ആകർഷിക്കുന്ന നയപരമായ മാറ്റങ്ങൾ വരുത്തുന്നതിനായി പ്രവർത്തിച്ചുകൊണ്ട് തീവ്ര ഇസ്‍ലാമിസ്റ്റുകളുടെ ശക്തി ഇല്ലാതാക്കാൻ സഹായിക്കുമെന്ന് സദറിന്റെ കത്ത് വാഗ്ദാനം ചെയ്തതായി സബേതി അദ്ദേഹത്തോട് പറഞ്ഞു. ഇറാനിലെ ഒരു മുൻ ലെബനീസ് അംബാസഡറും സദറിന്റെ കത്തിന്റെ നിലനിൽപ്പ് സ്ഥിരീകരിക്കുന്നു.

സദർ മരിച്ചുവെന്ന് വിശ്വസിക്കുന്ന പലരും ഉണ്ടെങ്കിലും, അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് മറ്റുള്ളവർ ഉറച്ചുനിൽക്കുന്നു. 1970 കളിൽ സ്ഥാപിച്ച സംഘടന ഇതിൽ ഉൾപ്പെടുന്നു. ഇതിപ്പോൾ ലെബനാൻ ശിയായുടെ ശക്തമായ രാഷ്ട്രീയ പാർട്ടിയായ ‘അമൽ’ ആണ്. 97 വയസ്സുള്ള സദർ മരിച്ചതിന് തെളിവില്ലെന്ന് അമലിന്റെ തലവനും പാർലമെന്ററി സ്പീക്കറുമായ നബിഹ് ബെറി വാദിക്കുന്നു.

2011ൽ കാസിം രഹസ്യ മോർച്ചറി സന്ദർശിച്ചപ്പോൾ, അദ്ദേഹം മൃതദേഹം ഫോട്ടോ എടുക്കുക മാത്രമല്ല ചെയ്തത്. ഡി.എൻ.എ പരിശോധനയിൽ ഉപയോഗിക്കുന്നതിനായി ചില രോമങ്ങൾ ശേഖരിക്കാനും കഴിഞ്ഞു. വിശകലനം ചെയ്യുന്നതിനായി അദ്ദേഹം അവ ബെറിയുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കൈമാറി. സദർ കുടുംബത്തിലെ ഒരാളുമായുള്ള ഒരു ബന്ധം മൃതദേഹം മൂസ സദറിന്റേതാണോ എന്ന് സംശയാതീതമായി തെളിയിക്കും. എന്നാൽ, ബെറിയുടെ ഓഫിസ് ഒരിക്കലും കാസിമിനോട് അക്കാര്യം സ്ഥിരീകരിച്ചില്ല. സദറിന്റെ തിരോധാനം അന്വേഷിക്കാൻ ലെബനാൻ സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥരിൽ ഒരാളായ ജഡ്ജി ഹസ്സൻ അൽ ഷാമി പറയുന്നത് ആ സാമ്പിൾ ഒരു സാങ്കേതിക പിഴവു കാരണം നഷ്ടപ്പെട്ടുവെന്നാണ്.

എന്നാൽ, മുഖം തിരിച്ചറിയൽ ഫലങ്ങൾ ബി.ബി.സി സംഘം സദറിന്റെ മകൻ സയ്യിദ് സദ്റുദ്ദീൻ സദറിന് സമർപ്പിച്ചു. ഫോട്ടോയിലെ മൃതദേഹം കണ്ടപ്പോൾ അത് തന്റെ പിതാവല്ലെന്ന് വ്യക്തമാണെന്നാണ് മകൻ സദ്റുദ്ദീൻ പറഞ്ഞത്. ഫോട്ടോ എടുത്ത വർഷമായ 2011 ശേഷം ഞങ്ങൾക്ക് ലഭിച്ച വിവരങ്ങളുമായി ഇത് വിരുദ്ധമാണ് എന്നും അദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ലിബിയൻ ജയിലിൽ തടവിലാണെന്നും മകൻ കൂട്ടിച്ചേർത്തു.

എന്നാൽ, ഈ വീക്ഷണത്തെ പിന്തുണക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്ന് ബി.ബി.സി പറയുന്നു. എല്ലാ ഓഗസ്റ്റ് 31 നും ലബനാനിലെ ശിയാ വിഭാഗം അദ്ദേഹത്തിന്റെ തിരോധാനത്തിന്റെ വാർഷികം ആഘോഷിക്കുന്നുണ്ട്.

Show Full Article
TAGS:lebenan Shia leader disappearance mystery libya Middle East News 
News Summary - Musa al Sadr: Body seen in Libyan mortuary could solve 50-year mystery of vanished religious leader
Next Story