എസ്റ്റോണിയൻ അതിർത്തിയിൽ പ്രവേശിച്ച് റഷ്യൻ യുദ്ധവിമാനങ്ങൾ; പ്രതിരോധിച്ച് നാറ്റോ
text_fieldsമോസ്കോ: എസ്റ്റോണിയൻ വ്യോമാതിർത്തി ലംഘിച്ച് റഷ്യൻ യുദ്ധവിമാനങ്ങൾ. മിഗ്-31 വിമാനങ്ങളാണ് എസ്റ്റോണിയൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചത്. വ്യോമാതിർത്തി ലംഘനം ഉണ്ടായ ഉടൻ നാറ്റോ ഇടപെടുകയും റഷ്യൻ യുദ്ധവിമാനങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. ബാൾട്ടിക് കടലിന് മുകളിൽ 12 മിനിറ്റ് നേരെ റഷ്യൻ വിമാനങ്ങൾ തുടർന്നുവെന്നാണ് റിപ്പോർട്ട്.
റഷ്യയുടെ നടപടിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് യുറോപ്യൻ യൂണിയൻ നയതന്ത്രപ്രതിനിധി കാജ കള്ളാസ് രംഗത്തെത്തി. ഏറ്റവും അപകടകരമായ പ്രകോപനമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. യുറോപ്യൻ യൂണിയന്റെ കിഴക്കൻ അതിർത്തിയിൽ തുടർച്ചയായി ഉണ്ടാകുന്ന പ്രകോപനങ്ങൾ മേഖലയിൽ ഇനിയും സംഘർഷസാധ്യത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എസ്റ്റോണിയക്കൊപ്പം ഉറച്ച് നിൽക്കുമെന്നും എല്ലാതരം പ്രകോപനങ്ങളേയും നേരിടുമെന്നും യുറോപ്യൻ കമീഷണൻ പ്രസിഡന്റ് ഉർസുല പറഞ്ഞു. റഷ്യക്കെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ അതിർത്തി കടന്നെത്തിയ റഷ്യൻ ഡ്രോണുകൾ പോളണ്ട് വെടിവച്ചിട്ടിരുന്നു.
റഷ്യൻ ഡ്രോണുകൾ വെടിവെച്ചിട്ട് പോളണ്ട്; യുക്രെയ്ൻ യുദ്ധത്തിലേക്ക് നാറ്റോയും ?
വാഴ്സോ: റഷ്യൻ ഡ്രോണുകൾ വെടിച്ചെിട്ട് പോളണ്ട്, നാറ്റോ സൈന്യങ്ങൾ. പോളണ്ടിന്റെ വ്യോമാതിർത്തിക്കുള്ളിൽ വന്ന ഡ്രോണുകളാണ് വെടിവെച്ചിട്ടത്. സെപ്തംബർ 10നാണ് സംഭവമുണ്ടായത്.
പോളിഷ് വ്യോമാതിർത്തി ലംഘിച്ച ഡ്രോണുകളാണ് ഇത്തരത്തിൽ വെടിവെച്ചിട്ടത്. ഡ്രോൺ പോലുള്ള വസ്തുക്കൾ നിരവധി തവണ പോളിഷ് വ്യോമതിർത്തി കടന്ന് എത്തിയെന്ന് സൈനിക മേധാവി പറഞ്ഞു. ഇത് തങ്ങളുടെ പൗരൻമാർക്ക് ഭീഷണിയാണെന്നും പോളണ്ട് വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് മൂന്ന് എയർപോർട്ടുകൾ പോളണ്ട് അടച്ചു. വാഴ്സോയിലെ ചോപിൻ എയർപോർട്ടും അടച്ചിരുന്നു. ആളുകളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാനും സർക്കാർ മുന്നറിയിപ്പ് നൽകി. യുക്രെയ്നുമായി അതിർത്തിപങ്കിടുന്ന സ്ഥലങ്ങളിൽ ജീവിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും നിർദേശിച്ചു.
ഞങ്ങൾ യുദ്ധത്തിലാണെന്ന് ഇപ്പോൾ പറയാനാവില്ല. എന്നാൽ, ഗൗരവകരമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് പോളിഷ് പ്രധാനമന്ത്രി ഡോണാൾഡ് ടസ്ക് പറഞ്ഞു.