ഇറാൻ-അമേരിക്ക വെടിനിർത്തൽ: അമിതമായി ആശ്വസിക്കാൻ സമയമായിട്ടില്ലെന്ന് ഒമാൻ വിദേശകാര്യ മന്ത്രി
text_fieldsമസ്കത്ത്: അമേരിക്കയും ഇറാനും തമ്മിൽ പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തലിനെ സ്വാഗതം ചെയ്ത് ഒമാൻ. അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുത താൽക്കാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനത്തെ ഒമാൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. വെടിനിർത്തൽ യാഥാർത്ഥ്യമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പാകിസ്താനെയും മറ്റ് അന്താരാഷ്ട്ര കക്ഷികളെയും ഒമാൻ പ്രശംസിച്ചു. ലോകം ഒരു വലിയ ദുരന്തത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടിരിക്കുകയാണെന്നും എന്നാൽ ഇതിൽ അമിതമായി ആശ്വസിക്കാൻ സമയമായിട്ടില്ലെന്നും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി എക്സിലൂടെ പ്രതികരിച്ചു. വെടിനിർത്തൽ ഒരു തുടക്കം മാത്രമാണെന്നും, മേഖലയിലെ പ്രശ്നങ്ങളുടെ വേരുകൾ കണ്ടെത്തി യുദ്ധാവസ്ഥ പൂർണ്ണമായും അവസാനിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശാശ്വതമായ സമാധാനത്തിനായി ഗൗരവകരമായ ചർച്ചകൾ ഇപ്പോൾ അനിവാര്യമാണ്. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായുള്ള ശ്രമങ്ങൾക്ക് ഒമാൻ പൂർണ പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.


