യു.എസ് ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ അവരുടെ സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തും -ഇറാൻ
text_fieldsതെഹ്റാൻ: യു.എസ് ആക്രമിച്ചാൽ മിഡിൽ ഈസ്റ്റിലെ അവരുടെ സൈനിക കേന്ദ്രങ്ങളിൽ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചിയാണ് അൽ ജസീറക്ക് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞത്. ഇറാന്റെ മിസൈൽ പദ്ധതികളിൽ ഒരുതരത്തിലുമുള്ള പിന്മാറ്റമുണ്ടാകില്ലെന്ന് സൂചനയും അരാഗച്ചി നൽകിയിട്ടുണ്ട്.
അനൗദ്യോഗിക ചർച്ചകളാണ് മസ്കറ്റിൽ നടന്നത്. അമേരിക്കയുമായി കൈകൊടുക്കാൻ ഇതിലൂടെ കഴിഞ്ഞു. നല്ല തുടക്കമാണിത്. എന്നാൽ, പരസ്പരവിശ്വാസം സൃഷ്ടിക്കാൻ ഇനിയുമേറെ മുന്നോട്ട് പോവണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, ചർച്ചകൾ നടക്കുന്നതിനിടെ തന്നെ ഇറാനുമായി വ്യാപാര ബന്ധങ്ങളുള്ള രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തിയുള്ള ഉത്തരവിൽ ഡോണൾഡ് ട്രംപ് കഴിഞ്ഞ ദിവസം ഒപ്പുവെച്ചിരുന്നു. ഇറാന് വേണ്ടി എണ്ണകയറ്റുമതി നടത്തുന്ന കപ്പലുകൾക്ക് പുതിയ ഉപരോധം യു.എസ് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ഇറാൻ വിഷയം ചർച്ച ചെയ്യാൻ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസിലേക്ക് യാത്രതിരിക്കുന്നു. ബുധനാഴ്ച രാവിലെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ഇക്കാര്യം ചർച്ച ചെയ്യും. ഇറാനുമായുള്ള ചർച്ചകളിൽ ബാലിസ്റ്റിക് മിസൈലുകളുടെ നിയന്ത്രണം ഉറപ്പാക്കണമെന്നും ഇറാൻ അച്ചുതണ്ടിന് ലഭിക്കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും നെതന്യാഹു ആവശ്യപ്പെടുമെന്നാണ് റിപ്പോർട്ട്.
യു.എസ്-ഇറാൻ ആദ്യഘട്ട ചർച്ച ഒമാനിൽ പൂർത്തിയായതിന് പിന്നാലെയാണ് നെതന്യാഹുവിന്റെ സന്ദർശനം. ചൊവ്വാഴ്ചയായിരിക്കും അദ്ദേഹം യാത്രതിരിക്കുക. തുടർന്ന് ബുധനാഴ്ച ട്രംപുമായി കൂടിക്കാഴ്ച നടത്തി വ്യാഴാഴ്ച മടങ്ങുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വരും ദിവസങ്ങളിൽ ഇറാനുമായി യു.എസ് രണ്ടാംഘട്ട സമാധാന ചർച്ചകൾ നടത്താനിരിക്കെയാണ് ഇസ്രായേൽ നീക്കം.


