യുക്രെയ്‌നിനെതിരായ യുദ്ധത്തെ പിന്തുണക്കാൻ റഷ്യയിലേക്ക് സൈന്യത്തെ അയച്ചു; ആദ്യമായി സമ്മതിച്ച് ഉത്തരകൊറിയ
text_fieldsസിയോൾ: യുക്രെയ്‌നിനെതിരായ യുദ്ധത്തെ പിന്തുണക്കാൻ റഷ്യയിലേക്ക് സൈന്യത്തെ അയച്ചതായി ഉത്തരകൊറിയ ആദ്യമായി സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായ ഒരു കടന്നുകയറ്റത്തിൽ യുക്രേനിയൻ സൈന്യം പിടിച്ചെടുത്ത കുർസ്‌ക് മേഖല റഷ്യക്ക് തിരിച്ചുപിടിക്കാൻ സഹായിക്കുന്നതിനാണ് വിന്യാസംകൊണ്ട് ഉദ്ദേശിച്ചതെന്നും വെളിപ്പെടുത്തി.
1950-53 ലെ കൊറിയൻ യുദ്ധം അവസാനിച്ചതിനുശേഷം ഒരു പ്രധാന സായുധ സംഘട്ടനത്തിൽ ആദ്യമായി പങ്കെടുത്ത ഉത്തരകൊറിയ ഏകദേശം 10,000-12,000 സൈനികരെ റഷ്യയിലേക്ക് അയച്ചതായി യു.എസ്, ദക്ഷിണ കൊറിയ, യുക്രെയ്ൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ പുറത്തുവിട്ടിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വരെ ഉത്തരകൊറിയ റഷ്യയിലേക്കുള്ള തങ്ങളുടെ സൈനിക വിന്യാസം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല.
തങ്ങളുടെ സൈന്യം കുർസ്‌ക് മേഖല പൂർണമായും തിരിച്ചുപിടിച്ചുവെന്ന് റഷ്യ പറഞ്ഞതിന് രണ്ടു ദിവസത്തിനുശേഷമാണ് ഉത്തരകൊറിയൻ പ്രഖ്യാപനം വന്നത്. എന്നാൽ, മേഖല തിരിച്ചുപിടിച്ചെന്ന അവകാശവാദം യുക്രേനിയൻ ഉദ്യോഗസ്ഥർ നിഷേധിച്ചു.
2024 ജൂണിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും ഒപ്പുവച്ച പരസ്പര പ്രതിരോധ ഉടമ്പടി പ്രകാരം റഷ്യയിലേക്ക് യുദ്ധസൈന്യത്തെ അയക്കാൻ തീരുമാനിച്ചതായി ഉത്തരകൊറിയൻ കേന്ദ്ര സൈനിക കമീഷൻ സ്റ്റേറ്റ് മീഡിയ നടത്തിയ പ്രസ്താവനയിൽ പറഞ്ഞു. ശീതയുദ്ധം അവസാനിച്ചതിനുശേഷം ഇരു രാജ്യങ്ങളുടെയും ഏറ്റവും വലിയ പ്രതിരോധ കരാറായി കണക്കാക്കപ്പെടുന്ന ഈ ഉടമ്പടിയിൽ, ഏതെങ്കിലും ഒരു രാജ്യം ആക്രമിക്കപ്പെട്ടാൽ ഉടനടി സൈനിക സഹായം നൽകാൻ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുന്നു.
‘യുക്രേനിയൻ നവ-നാസി അധിനിവേശക്കാരെ ഉന്മൂലനം ചെയ്ത് തുടച്ചുനീക്കുന്നതിനും റഷ്യൻ സായുധ സേനയുമായി സഹകരിച്ച് കുർസ്ക് പ്രദേശം മോചിപ്പിക്കുന്നതിനുമാണ് വിന്യാസം ഉദ്ദേശിച്ചതെന്ന്’ കിം പറഞ്ഞതായി പ്രസ്താവനയിൽ ഉദ്ധരിച്ചു. നീതിക്കുവേണ്ടി പോരാടിയവരെല്ലാം വീരന്മാരും മാതൃരാജ്യത്തിന്റെ ബഹുമാനത്തിന്റെ പ്രതിനിധികളുമാണെന്നും കിം പറഞ്ഞു.
ഉത്തരകൊറിയയുടെ യുദ്ധവിജയങ്ങളെ അനുസ്മരിക്കാൻ പ്യോങ്‌യാങ്ങിൽ ഉടൻ ഒരു സ്മാരകം സ്ഥാപിക്കുമെന്നും വീരമൃത്യു വരിച്ച സൈനികരുടെ ശവകുടീരങ്ങൾക്ക് മുന്നിൽ പുഷ്പങ്ങൾ അർപ്പിക്കുമെന്നും കിം പറഞ്ഞു. യുദ്ധത്തിൽ പങ്കെടുത്ത സൈനികരുടെ കുടുംബങ്ങളെ മുൻഗണനയോടെ പരിഗണിക്കാനും പരിപാലിക്കാനും സർക്കാർ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
ഉത്തരകൊറിയ എത്ര സൈനികരെ അയച്ചുവെന്നും അവരിൽ എത്ര പേർ മരിച്ചുവെന്നും പ്രസ്താവനയിൽ പറഞ്ഞിട്ടില്ല. എന്നാൽ, മാർച്ചിൽ, റഷ്യ-യുക്രെയ്ൻ യുദ്ധമുന്നണികളിൽ ഏകദേശം 4,000 ഉത്തരകൊറിയൻ സൈനികർ കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് ദക്ഷിണ കൊറിയയുടെ സൈന്യം പറയുകയുണ്ടായി. ഈ വർഷം ആദ്യം ഉത്തരകൊറിയ റഷ്യയിലേക്ക് ഏകദേശം 3,000 സൈനികരെ കൂടി അയച്ചതായി ദക്ഷിണ കൊറിയൻ സൈന്യം വിലയിരുത്തി.