‘ഇന്ത്യ പോരിനിറങ്ങിയാൽ തങ്ങൾക്കൊപ്പം പ്രതിരോധത്തിന് സൗദിയുമുണ്ടാവും’ നിർണായക പ്രതിരോധ കരാറിൽ വ്യക്തത വരുത്തി പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
text_fieldsപാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്
ന്യൂഡൽഹി: ഇന്ത്യ പാക്കിസ്താനെതിരെ യുദ്ധത്തിനിറങ്ങിയാൽ പ്രതിരോധിക്കാൻ തങ്ങൾക്കൊപ്പം സൗദിയുണ്ടാവുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സൗദിയുമായി കഴിഞ്ഞ ദിവസം ഒപ്പിട്ട നിർണായ പ്രതിരോധ കരാറിനെ പറ്റി ഇസ്‍ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘നാറ്റോ കരാറിൻറെ അനുഛേദം അഞ്ചനുസരിച്ച് സഖ്യത്തിലുള്ള രാജ്യങ്ങളിലേതെങ്കിലും ഒന്നിനെതിരെ ആക്രമണമുണ്ടായാൽ സംയുക്തമായി പ്രതിരോധിക്കുമെന്നാണ്. സമാനമാണ് പാക്കിസ്താനും സൗദിയും തമ്മിലേർപ്പെട്ടിരിക്കുന്ന കരാർ. തീർച്ചയായും യുദ്ധസാഹചര്യമുണ്ടായാൽ പാക്കിസ്താനൊപ്പം സൗദിയും പ്രതിരോധത്തിനിറങ്ങും,’-പാക് വാർത്ത ചാനലായ ജിയോ ടി.വിക്ക് നൽകിയ അഭിമുഖത്തിൽ ആസിഫ് പറഞ്ഞു.
യുദ്ധമുണ്ടാക്കാനല്ല, ആക്രമണം ചെറുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് കരാറെന്നും ആസിഫ് വ്യക്തമാക്കി. പാക്കിസ്താനെതിരെയോ സൗദിക്കെതിരെയോ ഒരു ആക്രമണമുണ്ടായാൽ ഞങ്ങൾ സംയുക്തമായി അതിനെ നേരിടും അദ്ദേഹം വ്യക്തമാക്കി.
‘ഏതെങ്കിലും രാജ്യത്തിനെതിരെ ആക്രമണം നടത്താൻ ഈ കരാറുകൊണ്ട് അർഥമാക്കുന്നില്ല. മറിച്ച് പ്രതിരോധം ലക്ഷ്യമിട്ടുള്ള കരാറാണിത്. അതുകൊണ്ടുതന്നെ, ഏതെങ്കിലും കക്ഷി പ്രതിരോധത്തിലാവുമ്പോഴാണ് കരാർ പ്രകാരം ഇടപെടലുകളുണ്ടാവുക,’ പാക് പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യക്കെതിരെ മാത്രമേ ഉപയോഗിക്കൂ എന്ന തങ്ങളുടെ പ്രഖ്യാപിത നിലപാടിനപ്പുറം,
പാക്കിസ്താന്റെ ആണവായുധങ്ങൾ സൗദിക്ക് ഉപയോഗിക്കാനാവുമെന്ന് വ്യക്തമാക്കുന്നതായിരുന്നു ഖ്വാജ ആസിഫിൻറെ വാക്കുകൾ. പാക്കിസ്‍താൻ തങ്ങളുടെ ആണവ സംവിധാനങ്ങളിൽ അന്താരാഷ്ട്ര സംഘടനകളുടെ പരിശോധനകൾ എല്ലാ കാലവും അനുവദിച്ചിട്ടുണ്ട്. ഒരിക്കലും ആണവശേഷി രാജ്യം ദുരുപയോഗം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കരാറനുസരിച്ച് എല്ലാതരം സൈനീക, പ്രതിരോധ മേഖലകളിലും സഹകരണമുണ്ടാവുമെന്ന് സൗദിയുടെ മുതിർന്ന ഉദ്യോഗസ്ഥനും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം റിയാദിൽ പാക്ക് പ്രധാനമന്ത്രി ഷഹ്ബാസ് ശരീഫിന്റെ സന്ദർശനവുമായി ബന്ധപ്പെട്ടാണ് ഇരുരാജ്യങ്ങളും നിർണായക പ്രതിരോധ കരാറിൽ ഒപ്പുവെച്ചത്. അതേസമയം, പാക്കിസ്താനും സൗദിയും തമ്മിലുള്ള ദീർഘകാലത്തെ നീക്കുപോക്ക് ഔദ്യോഗികമായി അംഗീകരിക്കപ്പെടുക മാത്രമായിരുന്നുവെന്നാണ് ഇന്ത്യയുടെ നിലപാട്. കരാറിൻറെ പ്രത്യാഘാതങ്ങൾ പഠിച്ചുവരികയാണെന്നും രാജ്യം വ്യക്തമാക്കിയിരുന്നു.