
ജറൂസലമിലെ ഇസ്രായേലീ വേട്ടക്കിടയിലും ഫലസ്തീനികൾക്ക് സെൻസർഷിപ്പുമായി സമൂഹ മാധ്യമങ്ങൾ
text_fieldsജറൂസലം: കിഴക്കൻ ജറൂസലമിൽ മസ്ജിദുൽ അഖ്സയോടു ചേർന്ന ശൈഖ് ജർറാഹ് പ്രദേശത്തെ ഫലസ്തീനികളെ കുടിയൊഴിപ്പിക്കാനുള്ള ഇസ്രായേൽ നീക്കത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ പ്രതിഷേധക്കാർക്കെതിരെ സമൂഹ മാധ്യമ ഭീമന്മാരുടെ സെൻസർഷിപ്പും. 'സേവ്ശൈഖ് ജർറാഹ്' എന്ന ഹാഷ്ടാഗിൽ ലോകം മുഴുക്കെ സമൂഹ മാധ്യമങ്ങൾ വഴി കാമ്പയിൻ സജീവമാണ്. എന്നാൽ, ഫലസ്തീനികളിൽ പലരുടെയും അക്കൗണ്ടുകൾ സെൻസർഷിപ്പിന് വിധേയമാകുകയോ അടച്ചുപൂട്ടുകയോ ചെയ്യുന്നതായാണ് ആരോപണം.
ഫലസ്തീനിൽ എന്തുനടക്കുന്നുവെന്ന് വ്യക്തമാക്കിയുള്ള വിഡിയോകളും ചിത്രങ്ങളും സമൂഹ മാധ്യമങ്ങൾ ഇടപെട്ട് ഒഴിവാക്കുകയാണെന്നും വിഷയം ലോകമറിയാതെ പോകാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നുമാണ് ഫലസ്തീനികളുടെ പരാതി. 'സ്വന്തം നാട്ടിൽ അതിജീവനത്തിനായി പൊരുതുന്ന ഫലസ്തീനികളുടെ വായ്മൂടിക്കെട്ടുകയാണ് സമൂഹ മാധ്യമ കമ്പനികളെ'ന്ന് അൽശബക പ്രതിനിധി മർവ ഫതഫ്ത പറഞ്ഞു. ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എന്നിവ വഴിയുള്ള സന്ദേശങ്ങളും ചിത്രങ്ങളുമാണ് വ്യാപകമായി എടുത്തുകളയുന്നത്.
മുസ്ലിം വിശുദ്ധഗേഹമായ മസ്ജിദുൽ അഖ്സയിൽ വെള്ളിയാഴ്ച ഇസ്രായേൽ സുരക്ഷാേസന നടത്തിയ അതിക്രമങ്ങളില 178 ഫലസ്തീനികൾക്ക് പരിക്കേറ്റിരുന്നു. വെസ്റ്റ്ബാങ്കിൽ മറ്റൊരു ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.