മാർപാപ്പയെ അവസാനമായി കാണാൻ ജനപ്രവാഹം
text_fieldsവത്തിക്കാൻ സിറ്റി: പൊതുജനങ്ങൾക്ക് അന്തിമോപചാരത്തിന് അനുമതി നൽകിയതോടെ ഫ്രാൻസിസ് മാർപാപ്പയുടെ മൃതദേഹം സൂക്ഷിച്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. ബുധനാഴ്ച രാവിലെ 11 മണി മുതലാണ് പൊതുജനത്തിന് അവസരമൊരുക്കിയത്. ശനിയാഴ്ച നടക്കുന്ന സംസ്കാര ചടങ്ങുകൾ വരെ ഇവിടെ മൃതദേഹം സൂക്ഷിക്കും.
മാർപാപ്പ താമസിച്ചിരുന്ന വത്തിക്കാൻ ഹോട്ടലിൽ നിന്ന് ബിഷപ്പുമാരുടെയും കർദിനാൾമാരുടെയും അകമ്പടിയോടെയാണ് മൃതദേഹം ബസിലിക്കയിലെത്തിച്ചത്. ലോകനേതാക്കളും പാപ്പയെ അവസാനമായി കാണാൻ വത്തിക്കാനിലെത്തും. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സംസ്കാര ചടങ്ങിൽ സംബന്ധിക്കാൻ വെള്ളിയാഴ്ച വാഷിങ്ടണിൽ നിന്ന് തിരിക്കും. ചടങ്ങുകൾക്കുശേഷം ശനിയാഴ്ച വൈകീട്ടാകും അദ്ദേഹത്തിന്റെ മടക്കം. ആഗോള കത്തോലിക്ക സഭയുടെ അധ്യക്ഷ പദവി അലങ്കരിച്ച കാലത്തുടനീളം അശരണർക്കും വേട്ടയാടപ്പെട്ടവർക്കുമൊപ്പം നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിനു പിന്നാലെയിട്ട അനുശോചന സന്ദേശം ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം എക്സിൽനിന്ന് പിൻവലിച്ചു.
പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മാർപാപ്പയുടെ വിയോഗത്തിൽ ഇതുവരെ പൊതുപ്രസ്താവന നടത്തിയിട്ടില്ല. ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിക്കെതിരെ ഫ്രാൻസിസ് മാർപാപ്പ പരസ്യനിലപാടെടുത്തിരുന്നു. ഹമാസിനോട് ബന്ദികളെ വിട്ടയക്കാനും ആവശ്യപ്പെട്ടിരുന്നു.