'മോദി ഉറ്റ സുഹൃത്ത്, നല്ല മനുഷ്യൻ, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് കുറച്ചിട്ടുണ്ട്'; അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമെന്ന് ട്രംപ്
text_fieldsവാഷിങ്ടൺ: ഇന്ത്യ-യു.എസ് വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ അടുത്തവർഷം ഇന്ത്യ സന്ദർശിക്കുമെന്ന സൂചന നൽകി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
റഷ്യയില്‍നിന്ന് പെട്രോളിയം വാങ്ങുന്നത് ഇന്ത്യ കുറിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുമായുള്ള തന്റെ സംഭാഷണങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം തന്റെ ഉറ്റ സുഹൃത്തും നല്ല മനുഷ്യനുമാണെന്ന് ട്രംപ് പറഞ്ഞു.
‘റഷ്യയില്‍നിന്ന് പെട്രോളിയം വാങ്ങുന്നത് നരേന്ദ്ര മോദി വലിയ അളവില്‍ കുറച്ചു. അദ്ദേഹം എന്റെയൊരു സുഹൃത്താണ്. ഞങ്ങള്‍ സംസാരിക്കാറുണ്ട്. ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. അത് നമുക്ക് മനസിലാകും, ഞാൻ പോകും... പ്രധാനമന്ത്രി മോദി ഒരു നല്ല മനുഷ്യനാണ്, ഞാൻ പോകും’, ട്രംപ് പറഞ്ഞു. അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാൻ പദ്ധതിയിട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ, ട്രംപ് മറുപടി നൽകി, "അതെ." എന്നായിരുന്നു മറുപടി.
ഈ വർഷം ആദ്യം ട്രംപ് ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യ -യുഎസ് ബന്ധം വഷളായിരുന്നു. യുക്രെയ്നിലെ യുദ്ധത്തിനിടയിൽ റഷ്യൻ എണ്ണ വാങ്ങുന്നതിലുള്ള യു.എസിന്റെ എതിർപ്പായിരുന്നു കാരണം.
ട്രംപിന് തിരിച്ചടി ?; തീരുവയിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി
വാഷിങ്ടൺ: ഡോണൾഡ് ട്രംപിന്റെ താരിഫിനെ ചോദ്യം ചെയ്ത് യു.എസ് സുപ്രീംകോടതി. ബുധനാഴ്ചയാണ് ട്രംപിന്റെ തീരുവക്കെതിരെ യു.എസ് സുപ്രീംകോടതി ചില നിർണായക ചോദ്യങ്ങൾ ഉയർത്തിയത്. ട്രംപിന്റെ നയങ്ങൾ ആഗോളസമ്പദ്‍വ്യവസ്ഥയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യു.എസ് സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു.
വൈറ്റ് ഹൗസ് ഇറക്കുമതി തീരുവയെ ന്യായീകരിച്ച് നടത്തിയ വാദമുഖങ്ങളിൽ കോടതി സംശയം പ്രകടിപ്പിച്ചു. ട്രംപിന്റെ തീരുവക്കെതിരെ വ്യാപാരികളും ചില യു.എസ് സ്റ്റേറ്റുകളും നൽകിയ ഹരജിയാണ് കോടതി പരിഗണിക്കുന്നത്. വ്യാപാരരംഗത്ത് ട്രംപിന്റെ തീരുവമൂലം വലിയ പ്രശ്നങ്ങളുണ്ടായെന്നാണ് ഹരജിക്കാരുടെ പ്രധാനവാദം. എന്നാൽ, അമേരിക്കൻ സമ്പദ്‍വ്യവസ്ഥയുടെ പുനരുദ്ധാരണത്തിന് വേണ്ടിയാണ് തന്റെ നടപടികളെന്നാണ് ട്രംപിന്റെ വിശദീകരണം. അതേസമയം, ഇത്തരം കേസുകളിൽ മാസങ്ങളെടുത്താവും യു.എസ് സുപ്രീംകോടതി തീരുമാനമെടുക്കുക. എന്നാൽ, കേസിന്റെ പ്രാധാന്യം പരിഗണിച്ച് കേസിൽ ആഴ്ചക്കൾക്കകം തന്നെ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്.
നേരത്തേ കേസ് വാദം കേൾക്കാൻ താൻ നേരിട്ടെത്തും എന്നാണ് ട്രംപ് പറഞ്ഞിരുന്നതെങ്കിലും പിന്നീട് ഈ പ്രസ്താവന പിൻവലിച്ചു. ട്രംപിന്‍റെ തീരുവകൾ ചട്ടവിരുദ്ധമാണെന്ന് നേരത്തേ യു എസ് കോർട്ട് ഓഫ് ഇന്‍റർനാഷണൽ ട്രേഡ് വിധിച്ചിരുന്നു. സുപ്രീംകോടതി വിധി ഇന്ത്യ ഉൾപ്പടെ വിവിധ രാജ്യങ്ങൾക്ക് നിർണായകമാണ്. തീരുവ ചട്ടവിരുദ്ധമാണെന്ന് യു എസ് സുപ്രീംകോടതി വിധിച്ചാൽ വാങ്ങിയ പകരം തീരുവ മുഴുവൻ ട്രംപ് ഭരണകൂടം തിരിച്ച് കൊടുക്കണ്ടി വരുമെന്നതാണ് യാഥാർഥ്യം.


