വിശ്വാസിയല്ലാത്ത എന്‍റെ പിതാവിന് സ്വർഗം ലഭിക്കുമോ? -പൊട്ടിക്കരഞ്ഞ് ആ ബാലൻ ചോദിച്ചു; പാപ്പ പറഞ്ഞു: ‘നമുക്ക് ഇമ്മാനുവേലിനെ പോലെ കരയാൻ കഴിഞ്ഞിരുന്നെങ്കിൽ...’
text_fieldsവത്തിക്കാൻ സിറ്റി: കഴിഞ്ഞ ദിവസം വിടവാങ്ങിയ ഫ്രാൻസിസ് മാർപാപ്പയുടെ പഴയ വിഡിയോകളാൽ നിറയുകയാണ് സമൂഹമാധ്യമങ്ങളെല്ലാം. വിവിധ രാജ്യങ്ങളിലെ അദ്ദേഹത്തിന്‍റെ സന്ദർശനവും അശരണരെ ആശ്വസിപ്പിക്കുന്ന ദൃശ്യങ്ങളുമെല്ലാം ഇതിലുണ്ട്. കോവിഡ് കാലത്ത് ആളൊഴിഞ്ഞ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലൂടെ ഏകനായി നടക്കുകയും പ്രാർഥിക്കുകയും ചെയ്യുന്ന പാപ്പയുടെ ദൃശ്യമെല്ലാം ഇപ്പോൾ വലിയ രീതിയിൽ ആളുകൾ വീണ്ടും കാണുകയാണ്.
ശ്രദ്ധേയമാകുന്ന മറ്റൊരു ദൃശ്യം മാർപാപ്പയുടെ പ്രവർത്തനങ്ങളും ജീവിതവും കാണിക്കുന്ന റോം റിപ്പോർട്സ് എന്ന ടി.വി ചാനൽ സംപ്രേഷണം ചെയ്ത ഏഴു വർഷം മുമ്പുള്ള ദൃശ്യമാണ്.
പൊതുയിടത്തിൽ പ്രത്യേകം തയാറാക്കിയ ചെറിയ വേദിയിൽ പാപ്പ കുട്ടികളുടെ ചോദ്യത്തിന് മറുപടി നൽകുകയാണ്. അതിനിടയിൽ ഒരു ബാലൻ മൈക്കിന് മുന്നിലെത്തിയെങ്കിലും അവനൊന്നും സംസാരിക്കാനായില്ല. കരയാൻ തുടങ്ങിയ അവനെ പാപ്പ അടുത്തേക്ക് വിളിക്കുകയും തന്‍റെ ചെവിയിൽ സ്വകാര്യമായി വിഷമമെന്തെന്ന് പറയാൻ ആവശ്യപ്പെടുകയും ചെയ്തു. ആ ബാലൻ വേദിയിലെത്തി പാപ്പയെ പുണർന്ന് ഏതാനും നിമിഷങ്ങൾ സംസാരിക്കുകയും തിരികെ തന്‍റെ ഇരിപ്പിടത്തിലേക്ക് മടങ്ങുകയും ചെയ്തു. തുടർന്ന് ഫ്രാൻസിസ് മാർപാപ്പ സംസാരിച്ചു തുടങ്ങി. അതിങ്ങനെയായിരുന്നു:
മനസ്സിൽ വേദനയുണ്ടാകുമ്പോൾ നമുക്ക് ഇമ്മാനുവേലിനെ പോലെ കരയാൻ കഴിഞ്ഞിരുന്നെങ്കിൽ... അവൻ കരഞ്ഞത് അവന്‍റെ പപ്പയ്ക്ക് വേണ്ടിയാണ്. അദ്ദേഹം മരിച്ചു. നമ്മുടെ മുമ്പിൽ ഇങ്ങനെ ചെയ്യാൻ അവൻ ധൈര്യപ്പെട്ടത് ഹൃദയത്തിൽ അവന്‍റെ അച്ഛനോട് സ്നേഹമുള്ളതുകൊണ്ടാണ്. അവൻെറ ചോദ്യം എല്ലാവരുടെയും മുന്നിൽ പറയട്ടെ എന്ന് ഞാൻ അനുമതി ചോദിച്ചു, അവൻ സമ്മതിച്ചു. അവന്‍റെ പപ്പ കുറച്ചുകാലം മുമ്പാണ് മരിച്ചത്. അദ്ദേഹം ഒരു നിരീശ്വരവാദിയായിരുന്നു. പക്ഷേ അദ്ദേഹം തന്‍റെ നാല് മക്കളെയും ജ്ഞാനസ്നാനം ചെയ്യിച്ചിട്ടുണ്ട്. അദ്ദേഹം നല്ലൊരു മനുഷ്യനാണ്. പപ്പ സ്വർഗത്തിലാണോ? ഒരു മകൻ തന്‍റെ പിതാവ് നല്ല മനുഷ്യനായിരുന്നു എന്ന് പറയുന്നത് വലിയ കാര്യമാണ്. ദൈവം അദ്ദേഹത്തെപ്പോലെ ഒരു മനുഷ്യനെ തന്നിൽനിന്ന് അകറ്റി നിർത്തുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ദൈവം തന്‍റെ മക്കളെ ഉപേക്ഷിക്കുമോ? (ആളുകൾ ഇല്ല എന്ന് വിളിച്ചു പറഞ്ഞു) ഇതാണ് ഇമ്മാനുവേൽ നിനക്കുള്ള ഉത്തരം! നീ നിന്‍റെ പപ്പയോട് സംസാരിക്കുക, അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുക. നിന്‍റെ ധൈര്യത്തിന് നന്ദി... -പാപ്പ പറഞ്ഞു.
video courtesy: ROME REPORTS in English