Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘നിർമിതബുദ്ധി മനുഷ്യനെ...

‘നിർമിതബുദ്ധി മനുഷ്യനെ കീഴടക്കരുത്’; മുന്നറിയിപ്പുമായി പോപ്പ് ലിയോ

text_fields
bookmark_border
‘നിർമിതബുദ്ധി മനുഷ്യനെ കീഴടക്കരുത്’; മുന്നറിയിപ്പുമായി പോപ്പ് ലിയോ
cancel
camera_alt

പോപ്പ് ലിയോ പതിനാലാമൻ

വത്തിക്കാൻ സിറ്റി: നിർമിതബുദ്ധി മനുഷ്യജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും അതിന്റെ ദോഷഫലങ്ങളെക്കുറിച്ചും ഗൗരവകരമായ മുന്നറിയിപ്പുമായി പോപ്പ് ലിയോ പതിനാലാമൻ. 'മാഗ്നിഫിക്ക ഹ്യൂമാനിറ്റാസ്' എന്ന പേരിൽ പുറത്തിറക്കിയ തന്റെ പുതിയ ചാക്രികലേഖനത്തിലൂടെ നിർമിതബുദ്ധിയെ 'നിരായുധമാക്കണം' എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സാങ്കേതികവിദ്യ മനുഷ്യനെ ഭരിക്കുന്ന അവസ്ഥയുണ്ടാകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.

നിർമിതബുദ്ധിയെ മനുഷ്യബുദ്ധിയുമായി സമീകരിക്കരുതെന്ന് മാർപ്പാപ്പ മുന്നറിയിപ്പ് നൽകി. നിർമിതബുദ്ധിക്ക് മനുഷ്യനെപ്പോലെ വികാരങ്ങളോ, വേദനയോ, സ്നേഹമോ, ഉത്തരവാദിത്തബോധമോ ഇല്ല. അവ മനുഷ്യന്റെ പ്രവർത്തനങ്ങളെ അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മനുഷ്യന്റെ മനസ്സാക്ഷിയും സ്വാതന്ത്ര്യവും ഉപയോഗിച്ച് വേണം സാങ്കേതികവിദ്യയെ നിയന്ത്രിക്കാൻ.

എ.ഐ വലിയ നേട്ടങ്ങൾ നൽകുമ്പോഴും, അതിന്റെ അമിതമായ ഉപയോഗം വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നുണ്ട്. എ.ഐ സംവിധാനങ്ങളുടെ പ്രവർത്തനത്തിന് ആവശ്യമായ വലിയ അളവിലുള്ള ഊർജ്ജവും ജലവും പ്രകൃതിവിഭവങ്ങളെ ദോഷകരമായി ബാധിക്കുന്നു. കാർബൺ ബഹിർഗമനം വർധിപ്പിക്കുന്ന ഇത്തരം സാങ്കേതികവിദ്യകൾക്ക് പകരം സുസ്ഥിരമായ മാർഗ്ഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നിർമിതബുദ്ധി ഒരിക്കലും നിഷ്പക്ഷമല്ല. അത് പലപ്പോഴും സമൂഹത്തിലെ പക്ഷപാതിത്വവും അസമത്വവും വർധിപ്പിക്കാൻ കാരണമാകുന്നു. എ.ഐ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നവരുടെ മൂല്യങ്ങളും കാഴ്ചപ്പാടുകളുമാണ് അവയിൽ പ്രതിഫലിക്കുന്നത്. അതിനാൽ, സുതാര്യതയും കൃത്യമായ നിയമനിർമാണവും അത്യാവശ്യമാണെന്നും മാർപ്പാപ്പ വ്യക്തമാക്കി.

സാങ്കേതിക വിദ്യ കേവലം വാണിജ്യ-ഭൗമരാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയുള്ളതാകരുത്. പകരം, അത് പൊതുനന്മക്കും മനുഷ്യന്റെ അന്തസ്സിനും നീതിക്കും വേണ്ടി പ്രവർത്തിക്കുന്നതാകണം. ഇതിനായി ശക്തമായ നിയമപരമായ ചട്ടക്കൂടുകൾ അനിവാര്യമാണെന്ന് മാർപ്പാപ്പ ഓർമിപ്പിക്കുന്നു. നിർമിതബുദ്ധിയുടെ അനിയന്ത്രിതമായ വളർച്ചക്കെതിരെ ആഗോളതലത്തിൽ ഉയരുന്ന ആശങ്കകൾക്കിടെയാണ് കത്തോലിക്കാ സഭയുടെ പരമാധികാരിയുടെ ഈ നിർണ്ണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.

Show Full Article
TAGS:Pope Leo XIV Artificial Intelligence digital age Vatican News 
News Summary - Pope Leo XIV issues stark warning over rapid artificial intelligence growth
Next Story