Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവീഴ്ത്തുമോ...

വീഴ്ത്തുമോ നെതന്യാഹുവിനെ ഈ പ്രതിപക്ഷ കൂട്ടായ്മ; പുതിയ നീക്കം

text_fields
bookmark_border
വീഴ്ത്തുമോ നെതന്യാഹുവിനെ ഈ പ്രതിപക്ഷ കൂട്ടായ്മ; പുതിയ നീക്കം
cancel

തെൽ അവിവ്: ഒക്ടോബർ 27ന് നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ നിലവിലുള്ള പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ട് ഇസ്രായേലിലെ സയണിസ്റ്റ് പ്രതിപക്ഷ കക്ഷികൾ തമ്മിൽ നിർണായക കരാർ ഒപ്പുവെച്ചു. സെപ്റ്റംബർ 26ന് പ്രതിപക്ഷ നേതാവ് യായർ ലാപിഡിന്റെ തെൽ അവിവിലുള്ള വസതിയിൽലാണ് അഞ്ച് പ്രമുഖ പ്രതിപക്ഷ നേതാക്കൾ അക്രമരഹിത കരാറിൽ ഒപ്പുവെച്ചത്.

രാജ്യം അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ തരണം ചെയ്യാനും പുനർനിർമാണത്തിനുമായി ഒരു സയണിസ്റ്റ്, രാഷ്ട്രതന്ത്രജ്ഞ സർക്കാർ രൂപവത്കരിക്കുക എന്നതാണ് പ്രത്യയശാസ്ത്രപരമായ ഭിന്നതകൾ മാറ്റിവെച്ചുകൊണ്ടുള്ള ഈ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യമെന്ന് നേതാക്കൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

മുൻ സൈനിക മേധാവിയും ‘യഷാർ’ പാർട്ടിയുടെ നേതാവുമായ ഗഡി ഐസെങ്കോട്ട് ആണ് നെതന്യാഹുവിനെതിരെയുള്ള മുന്നണിയുടെ മുൻനിര പോരാളി. 2023 ഡിസംബറിലെ ഗാസയിലെ സൈനിക നടപടികൾക്കിടയിൽ അദ്ദേഹത്തിന്റെ മകനും രണ്ട് അനന്തരവന്മാരും കൊല്ലപ്പെട്ടിരുന്നു.യുദ്ധം അവസാനിപ്പിക്കാൻ നെതന്യാഹുവിന് കൃത്യമായ പദ്ധിയില്ലെന്ന് ആരോപിച്ച് 2024 ജൂണിൽ അദ്ദേഹം യുദ്ധ മന്ത്രിസഭയിൽ നിന്ന് രാജി വെച്ചു.

പ്രൊഫഷണൽ ഗവൺമെന്റ്, അൾട്രാ ഓർത്തഡോക്സ് ജൂതന്മാർ ഉൾപ്പെടെയുള്ളവർക്ക് നിർബന്ധിത സൈനിക സേവനം എന്നിവയാണ് അദ്ദേഹത്തിന്റെ പാർട്ടിയുടെ പ്രധാന വാഗ്ദാനങ്ങൾ.

മുൻ പ്രധാനമന്ത്രിമാരായ നായ്ത്തലി ബെനറ്റും യായർ ലാപിഡും ചേർന്ന് രൂപവത്കരിച്ച ‘ബെയാച്ചദ്’ സഖ്യമാണ് മറ്റൊന്ന്. വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങളെ ശക്തമായി പിന്തുണക്കുന്നയാളാണ് ബെനറ്റെങ്കിൽ, മിതവാദിയായ യെഷ് ആറ്റിദ് പാർട്ടിയുടെ സ്ഥാപകനാണ് ലാപിഡ്.

അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിന്റെ സൈനിക നടപടികൾ എങ്ങനെ വിലയിരുത്തപ്പെടുന്നു എന്നതിൽ ആശങ്ക പ്രകടിപ്പിക്കുന്നവരാണ് ഇരുവരും. ഇറാനെതിരെയുള്ള യുദ്ധത്തെയും ഖത്തറിലെ ഹമാസ് നേതാക്കൾക്ക് നേരെ നടന്ന ആക്രമണങ്ങളെയും ബെനറ്റ് പരസ്യമായി പിന്തുണച്ചിരുന്നു.

പ്രതിപക്ഷ നിരയിലെ ഏറ്റവും തീവ്ര നിലപാടുള്ള നേതാവാണ് റഷ്യൻ കുടിയേറ്റക്കാരുടെ പ്രതിനിധിയായ അവിഗ്ഡോർ ലിബർമാൻ.

നെതന്യാഹുവിനോടുള്ള കടുത്ത എതിർപ്പാണ് അദ്ദേഹത്തെ ഈ കൂട്ടായ്മയിൽ എത്തിച്ചതെങ്കിലും, അറബ് പാർട്ടികളുമായോ അൾട്രാ ഓർത്തഡോക്സ് വിഭാഗങ്ങളുമായോ സഖ്യത്തിനില്ലെന്ന കടുത്ത നിലപാടിലാണ് അദ്ദേഹം.

ലേബർ പാർട്ടിയും മെരെറ്റ്സും ലയിച്ചുണ്ടായ ‘ദി ഡെമോക്രാറ്റ്സ്’ എന്ന ഇടതുപക്ഷ സഖ്യത്തിന്റെ തലവനാണ് റിട്ടയേർഡ് മേജർ ജനറലായ യെയർ ഗോളൻ.

സയണിസ്റ്റ് പ്രതിപക്ഷ നിരയിൽ ഫലസ്തീൻ പാർട്ടികളുമായി സഹകരിക്കാൻ തയ്യാറുള്ള ഏക നേതാവാണ് അദ്ദേഹം. ഗസ്സയിലെയും ലെബനനിലെയും സൈനിക നടപടികളെയും ഗവൺമെന്റിന്റെ നയങ്ങളെയും നിശിതമായി വിമർശിച്ചിട്ടുള്ള വ്യക്തിയാണ് ഗോളൻ.

ഗോളൻ ഒഴികെയുള്ള പ്രമുഖ പ്രതിപക്ഷ നേതാക്കളാരും ഫലസ്തീൻ രാഷ്ട്ര രൂപവത്കരണത്തെയോ ഫലസ്തീൻ ജനതയുടെ സ്വാതന്ത്ര്യ ആഗ്രഹങ്ങളെയോ പിന്തുണക്കുന്നില്ല.

അറബ് പാർട്ടികളെ സർക്കാരിന്റെ ഭാഗമാക്കാൻ ഇവർ തയ്യാറല്ല. ഐസെങ്കോട്ടും ബെനറ്റും ലിബർമാനും അറബ് കക്ഷികളുമായി സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അഴിമതി ആരോപണങ്ങളും തീവ്രവലതുപക്ഷ സ്വാധീനവുമില്ലാത്ത ഒരു ഭരണകൂടമാണ് ഇവർ ലക്ഷ്യമിടുന്നതെങ്കിലും, ഇസ്രായേൽ സമൂഹത്തിന്റെ വലതുപക്ഷ ചായ്‌വ് കാരണം ഫലസ്തീൻ പ്രശ്നം പോലുള്ള അടിസ്ഥാന വിഷയങ്ങളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.ഒക്ടോബർ 27ലെ തെരഞ്ഞെടുപ്പിൽ ഈ പ്രതിപക്ഷ കൂട്ടായ്മക്ക് നെതന്യാഹു സർക്കാരിനെ താഴെയിടാൻ കഴിയുമോ എന്നാണ് ഇസ്രായേൽ രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:israel elections Opposition Alliance Benjamin Netanyahu Yair Lapid 
News Summary - pposition Alliance To Oust Netanyahu
Next Story