ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂറോപ്യൻ നഗരങ്ങളിൽ ഐക്യദാർഢ്യ റാലികളുടെ അലയൊലി
text_fieldsപ്രതീകാത്മക ചിത്രം
റോം/ലണ്ടൻ/ബാഴ്സലോണ: ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരെയും സുമൂദ് ഫ്ലോട്ടില്ലയിലെ സന്നദ്ധപ്രവർത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടും യൂറോപ്പിലങ്ങോളം ഫലസ്തീൻ ഐക്യദാർഢ്യ റാലികളുടെ അലയൊലി. ഗസ്സ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ യൂറോപ്യൻ നഗരങ്ങളിൽ കഴിഞ്ഞ ദിവസങ്ങളായി നടന്നുവരുന്ന റാലികളിൽ വൻ ജനാവലിയാണ് അണിനിരക്കുന്നത്.
ഗസ്സയിലേക്ക് ദുരതാശ്വാസ സാമഗ്രികളുമായി പോയ നാൽപതിലേറെ വരുന്ന, ബോട്ടുകളും ചെറുകപ്പലുകളുമടങ്ങുന്ന ഫ്ലോട്ടില്ല മെഡിറ്ററേനിയനിൽ തടഞ്ഞ് യാത്രാസംഘത്തെ തടവിലാക്കിയതിനെ തുടർന്ന് ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ തുടർച്ചയായി നാലാം ദിവസവും അരങ്ങേറിയ പ്രതിരോധ റാലിയിൽ രണ്ടര ലക്ഷം പേർ പങ്കെടുത്തതായി പൊലീസ് പറഞ്ഞു.
‘‘റാലിയിൽ പങ്കെടുത്ത സ്ത്രീകളും കുട്ടികളുമടങ്ങുന്ന കുടുംബങ്ങൾ, ‘‘ഞങ്ങൾ ഫലസ്തീനികൾ’’, ‘‘സ്വതന്ത്ര ഫലസ്തീൻ’’, ‘‘വംശഹത്യ അവസാനിപ്പിക്കൂ’’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വിളിച്ച് ഫലസ്തീൻ പതാകയുമേന്തി അണിനിരന്നു. പലരും ഫലസ്തീൻ പ്രതീകമായ ‘കഫിയ്യ’യും അണിഞ്ഞിരുന്നു.
സ്പെയിനിലെ ബാഴ്സലോണയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ 70,000ത്തിലധികം പേർ പങ്കെടുത്തുവെന്നാണ് പൊലീസ് കണക്ക്. തലസ്ഥാനമായ മഡ്രിഡിൽ 92,000 പേരുടെ റാലിയും നടന്നു.
ഇസ്രായേലിന്റെ അതിക്രൂരതക്കെതിരെ അനേകം സ്പാനിഷ് പൗരന്മാരാണ് രംഗത്തുവരുന്നത്. ‘‘ഒട്ടേറെ വർഷങ്ങളായി ഇസ്രായേൽ തെറ്റു ചെയ്യുന്നു. ഇതിനെതിരെയാണ് ഞങ്ങൾ തെരുവിലിറങ്ങുന്നത്’’ -അറുപത്തഞ്ചുകാരനായ ബാഴ്സലോണക്കാരൻ മാർട്ട കരാൻസ പറയുന്നു. രണ്ടു വർഷമായിതുടരുന്ന വംശഹത്യ അവസാനിപ്പിക്കൂ എന്നാവശ്യപ്പെട്ട് അയർലൻഡ് തലസ്ഥാനമായ ഡബ്ലിനിൽ നടന്ന റാലിയിലും പതിനായിരങ്ങളാണ് സംബന്ധിച്ചത്. ഇസ്രായേൽ നയങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളുന്ന രാജ്യങ്ങളാണ് സ്പെയിനും അയർലൻഡും.
ഗസ്സ യുദ്ധത്തിന്റെ പേരിൽ ഇസ്രായേലിനെ അന്താരാഷ്ട്ര കായിക മത്സരങ്ങളിൽനിന്ന് വിലക്കണമെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ഈയിടെ ആഹ്വാനം ചെയ്തിരുന്നു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ ഇസ്രായേലി കുടിയേറ്റക്കാരുടേതായ ഇറക്കുമതികൾ നിരോധിക്കാനും സ്പെയിൻ തീരുമാനിച്ചിരുന്നു. ഫ്ലോട്ടിലയിൽ അമ്പതിലേറെ സ്പെയിൻ പൗരന്മാരുണ്ടായിരുന്നു. ഇസ്രായേലിനെതിരെ ഉപരോധം പ്രഖ്യാപിക്കണമെന്നാണ് അയർലൻഡിൽ പ്രതിഷേധക്കാർ ആവശ്യപ്പെട്ടത്. ലണ്ടനിൽ നിരോധിത ‘ഫലസ്തീൻ ആക്ഷൻ ഗ്രൂപ്പി’ന് പിന്തുണ പ്രഖ്യാപിച്ച് തെരുവിലിറങ്ങിയ 442 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.
പാരിസിലാകട്ടെ പതിനായിരത്തോളം പേർ പ്രതിഷേധ റാലിയിൽ അണിനിരന്നു. ‘‘ഞങ്ങൾ ഇത് അവസാനിപ്പിക്കില്ല’’ എന്നാണ്, സുമൂദ് ഫ്ലോട്ടില്ലയിലെ ഫ്രഞ്ച് യാനങ്ങളുടെ വക്താവ് ഹെലൻ കൊറോൺ പറഞ്ഞത്. ‘‘ഈ ഫ്ലോട്ടില്ല ഗസ്സയിലെത്തിയില്ലെങ്കിലും ഇനിയും ഞങ്ങൾ ഫ്ലോട്ടില്ല അയക്കും, അതിനുശേഷം വേറെയും...ഫലസ്തീൻ മോചിതമാകുന്നതുവരെ’’ -അവർ കൂട്ടിച്ചേർത്തു.
ഇതിനിടെ, ഗസ്സ വിഷയത്തിൽ നിഷ്ക്രിയത പുലർത്തുന്ന തീവ്രവലതുപക്ഷ പാർട്ടി ഭരണമുള്ള ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ മെലോണി ജനങ്ങളിൽനിന്ന് വൻ വിമർശനമാണ് നേരിടുന്നത്.