Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right'ഇന്ത്യ സാമ്പത്തിക...

'ഇന്ത്യ സാമ്പത്തിക ദുരന്തത്തിന്‍റെ വക്കിൽ'; യു.എസിലും വിമർശനം ആവർത്തിച്ച് രാഹുൽ ഗാന്ധി

text_fields
bookmark_border
ഇന്ത്യ സാമ്പത്തിക ദുരന്തത്തിന്‍റെ വക്കിൽ; യു.എസിലും വിമർശനം ആവർത്തിച്ച് രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: ഇന്ത്യ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിലും വോട്ട് ചോരിയിലും കേന്ദ്രത്തിനെതിരെ യു.എസിലും വിമർശനം ആവർത്തിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.ചൊവ്വാഴ്ച കൊളംബിയ സർവകലാശാലയിൽ സംസാരിക്കവെ, ഇന്ത്യ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്ന് രാഹുൽ പറഞ്ഞു. " തുറന്നുപറഞ്ഞാൽ, ഇന്ത്യ ഒരു സാമ്പത്തിക ദുരന്തത്തിന്‍റെ വക്കിലാണ്. അതാണ് യാഥാർത്ഥ്യം. ഒരാൾക്ക് അത് തള്ളിക്കളയാം, മാധ്യമങ്ങൾക്ക് അത് തള്ളിക്കളയാം, പക്ഷേ ഇന്ത്യക്ക് വലിയൊരു തൊഴിലില്ലായ്മ പ്രശ്‌നമുണ്ട്. ഇന്ത്യയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയൊരു പ്രശ്‌നമുണ്ട്," ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ യുവജനങ്ങളെക്കുറിച്ച് മോഡറേറ്ററായ ലിഡിയ പോൾഗ്രീന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ അവസ്ഥയിൽ രോഷം പ്രകടിപ്പിക്കുന്ന ഒരു വിഭാഗം യുവജനങ്ങൾ ഇടത്തരം കുടുംബങ്ങളിൽ പെട്ടവരും ഔപചാരിക വിദ്യാഭ്യാസം നേടിയവരുമാണ്. തങ്ങളുടെ ഭാവി സുരക്ഷിതമായി കാണാൻ കഴിയുന്നില്ല എന്നതാണ് ചെറുപ്പക്കാർക്കിടയിലെ രോഷത്തിന് അടിസ്ഥാന കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

സംവാദത്തിൽ "വോട്ട് ചോരി" ആരോപണം ആവർത്തിക്കുകയും തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. "2024-ൽ വോട്ട് ചെയ്യേണ്ടിയിരുന്ന 140 ദശലക്ഷം ആളുകളെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്തിരിക്കുന്നു. ഞങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കുന്നു: ഈ സാഹചര്യത്തിൽ ഒരു തെരഞ്ഞെടുപ്പ് എങ്ങനെ സാധുവായി കണക്കാക്കും? എന്നിട്ടും അവർ ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. തെരഞ്ഞെടുപ്പ് സമ്പ്രദായത്തിൽ മാറ്റം വരുത്താതെ ഒന്നും സംഭവിക്കില്ല. ഞങ്ങൾ അതിനായി പ്രവർത്തിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് കൃത്രിമത്വത്തിന് ഞങ്ങളുടെ പക്കൽ മതിയായ തെളിവുകളുണ്ട്." - രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

"സർക്കാർ സംവിധാനത്തിനുള്ളിലുള്ള ആളുകൾ ഭയത്തോടെ ഞങ്ങളോട് സംസാരിക്കുന്നുണ്ട്. ഒരു പ്രത്യേക പരിധിക്ക് അപ്പുറത്തേക്ക് സമ്മർദ്ദം വർധിച്ചാൽ സർക്കാർ ഇതിന് അക്രമത്തിലൂടെ പ്രതികരിച്ചേക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. മുമ്പ് ഭയത്തിന്റെ അന്തരീക്ഷമായിരുന്നു, എന്നാൽ ഇപ്പോൾ ആളുകൾ ഭയപ്പെടുന്നത് നിർത്തിയിരിക്കുന്നു. ഇതിൽ വിദ്യാർത്ഥി പ്രസ്ഥാനം വലിയൊരു പങ്ക് വഹിച്ചിട്ടുണ്ട്." - രാഹുൽ തുടർന്നു.

ഇതിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തി. പ്രതിപക്ഷ നേതാവിനെ "ഇന്ത്യ വിരുദ്ധ പ്രചാരണത്തിന്റെ നേതാവ്" എന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചത്. രാജ്യത്തിന് പുറത്തു വെച്ച് രാഹുൽ ഗാന്ധി രാജ്യത്തെ അപമാനിച്ചുവെന്നാണ് ബി.ജെ.പിയുടെ ആരോപണം. "രാഹുൽ ഗാന്ധി ഇന്ത്യ വിരുദ്ധ പ്രചാരണത്തിന്റെ നേതാവായി മാറിയിരിക്കുന്നു. ഇന്ത്യയുടെ പുരോഗതിയോടും ഇന്ത്യൻ ജനാധിപത്യത്തോടുമുള്ള വെറുപ്പാണ് വിദേശത്ത് പോകുമ്പോഴെല്ലാം ഇന്ത്യയെക്കുറിച്ച് മോശമായി സംസാരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്!" - ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി എക്സിൽ പോസ്റ്റ് ചെയ്തു.

സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ഗാന്ധിയുടെ പരാമർശങ്ങൾക്ക് മറുപടിയായി, വളർച്ചാ നിരക്കും ആഗോള ഏജൻസികളുടെ റേറ്റിംഗുകളും ബി.ജെ.പി ചൂണ്ടിക്കാണിച്ചു. "ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്ന് ആഗോളതലത്തിൽ അംഗീകരിക്കുമ്പോഴും രാഹുൽ ഇന്ത്യയെ 'സാമ്പത്തിക ദുരന്തം' എന്ന് വിളിക്കുന്നു!" ഭണ്ഡാരി കൂട്ടിച്ചേർത്തു.

രാഹുൽ ഗാന്ധി അധികാരമോഹിയാണ് എന്നായിരുന്നു ബംഗാൾ മന്ത്രിയും ബി.ജെ.പി നേതാവുമായ ദിലീപ് ഘോശിന്റെ ആരോപണം."അന്ധനായ ഒരാൾ പകൽ സമയത്തും ഇരുട്ട് കാണുന്നു. ഇന്ന് ഇന്ത്യയുടെ ജി.ഡി.പി ലോകത്തിന് ഒരു മാതൃകയാണ്, നമ്മുടെ വിദേശനാണ്യ ശേഖരം റെക്കോർഡ് ഉയരത്തിലാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതമാണ്, ജനങ്ങൾ 12 വർഷമായി സന്തോഷത്തിലാണ്. അധികാരമോഹികൾക്ക് മാത്രമേ അസംതൃപ്തിയുള്ളൂ. ഇവിടെ ആരും അദ്ദേഹത്തെ ശ്രദ്ധിക്കാത്തതുകൊണ്ടാണ് അദ്ദേഹം വിദേശത്ത് പോയി സംസാരിക്കുന്നത്," ഘോശ് പറഞ്ഞു.രണ്ട് ദിവസത്തെ സന്ദർശനത്തിനായി യു.എസിലെത്തിയ രാഹുൽ ഗാന്ധി ഇന്ന് ഷിക്കാഗോ സർവകലാശാലയും സന്ദർശിക്കും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Rahul Gandhi leader of opposition economic crisis Vote Chori unemployment PoliticalNews Congress BJP 
News Summary - Rahul Gandhi Flags Indias Economic Crisis In US
Next Story