Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഎവറസ്റ്റിൽ റെക്കോർഡ്...

എവറസ്റ്റിൽ റെക്കോർഡ് തിരക്ക്; ഒറ്റദിവസം കൊണ്ട് മുകളിലെത്തിയത് 274 മലകയറ്റക്കാർ!

text_fields
bookmark_border
എവറസ്റ്റിൽ റെക്കോർഡ് തിരക്ക്; ഒറ്റദിവസം കൊണ്ട് മുകളിലെത്തിയത് 274 മലകയറ്റക്കാർ!
cancel

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മൗണ്ട് എവറസ്റ്റിൽ ഒരു ദിവസത്തിനിടെ 274 പർവതാരോഹകരും ഷെർപ്പ ഗൈഡുകളും ചേർന്ന് പുതിയ ചരിത്ര റെക്കോർഡ് കുറിച്ചതായി നേപ്പാൾ ടൂറിസം വകുപ്പ് അറിയിച്ചു. ബുധനാഴ്ചയാണ് ഈ നേട്ടം കൈവരിച്ചത്. 2019-ൽ സ്ഥാപിതമായ 223 പേരുടെ പഴയ റെക്കോർഡാണ് ഇതോടെ മറികടന്നത്.

8,848 മീറ്റർ ഉയരമുള്ള എവറസ്റ്റിൽ കയറൽ സാധാരണയായി ഏപ്രിൽ-മെയ് മാസങ്ങളിലാണ് നടക്കുന്നത്. ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും കുറയുന്ന ചെറിയ കാലയളവിലാണ് പർവതാരോഹകർക്ക് മുകളിലെത്താൻ സാധിക്കുന്നത്. മഞ്ഞുപാളികൾ കാരണം ഈ സീസണിലെ മലകയറ്റം വൈകിയിരുന്നു. മേയ് 13-നാണ് പാത പൂർണ്ണമായി തുറന്നത്. പാത തുറക്കാൻ വൈകിയതിനാൽ, ബേസ് ക്യാമ്പിൽ കാത്തിരുന്ന നൂറുകണക്കിന് ആളുകൾ അനുകൂല കാലാവസ്ഥ വന്നപ്പോൾ ഒന്നിച്ച് മുകളിലേക്ക് തിരിച്ചു.

ചൈന ഇത്തവണ ടിബറ്റ് വഴിയുള്ള വടക്കൻ പാതയിലേക്ക് അനുമതി നൽകാത്തതിനാൽ വിദേശ സഞ്ചാരികളെല്ലാം നേപ്പാൾ പാതയെ ആശ്രയിച്ചു. അതിനാൽ എല്ലാ സംഘങ്ങളും നേപ്പാൾ ഭാഗത്തുകൂടിയാണ് കയറിയത്. ഇതും തിരക്ക് വർധിക്കാൻ കാരണമായതായി വിലയിരുത്തപ്പെടുന്നു. നേപ്പാൾ ഇത്തവണ 500 പേർക്ക് മലകയറ്റത്തിനുള്ള അനുമതി നൽകിയിരുന്നു.

എന്നാൽ എവറസ്റ്റിലെ അതിരുകടന്ന തിരക്കിനെതിരെ വർഷങ്ങളായി വിമർശനങ്ങൾ ഉയരുന്നുണ്ട്. കൊടുമുടിയിൽ നീണ്ട നിരയായി കാത്തുനിൽക്കുന്ന പർവതാരോഹകരുടെ ചിത്രങ്ങൾ മുമ്പും ലോകശ്രദ്ധ നേടിയിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 8,000 മീറ്ററിന് മുകളിലുള്ള 'ഡെത്ത് സോൺ' എന്നറിയപ്പെടുന്ന അപകടമേഖലയിലെ തിരക്ക് വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്.

ഡെത്ത് സോൺ മേഖലയിൽ ഓക്സിജൻ വളരെ കുറവായതിനാൽ ജീവഹാനിക്ക് കാരണമാകാം. തിരക്ക് കാരണം മുകളിലെത്താൻ വൈകുന്നതും അപകടസാധ്യത വർധിപ്പിക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇത്തവണ മലകയറിയ ഭൂരിഭാഗം പേരും കൃത്രിമ ഓക്സിജന്റെയും ഷെർപ്പ ഗൈഡുകളുടെയും സഹായത്തോടെയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്.

Show Full Article
TAGS:Mount Everest crowd historical record nepal mountaineering 
News Summary - Record crowd at Mount Everest; 274 climbers reached the summit in a single day
Next Story