‘പാകിസ്താനും ചൈനക്കും മറ്റൊന്ന് കണ്ടെത്താനായിട്ടില്ലെന്നാണ് വ്യക്തമാകുന്നത്, ഇന്ത്യക്ക് സുപരിചിതമായ സാങ്കേതിക വിദ്യ,’ റഷ്യ-പാകിസ്താൻ സൈനിക കരാറിൽ പ്രതിരോധ വിദഗ്ദർ
text_fieldsക്രെംലിൻ(റഷ്യ): ജെ.എഫ്-17 തണ്ടർ ബ്ലോക്ക് -III യുദ്ധവിമാനങ്ങളിൽ സംയോജിപ്പിക്കുന്നതിനായി ആർ.ഡി-93എം.എ എഞ്ചിനുകൾ കൈമാറാനുള്ള റഷ്യ-പാകിസ്താൻ നിർദിഷ്ട കരാർ യഥാർഥത്തിൽ ഇന്ത്യക്ക് ഗുണം ചെയ്യുമെന്ന് പ്രതിരോധ വിദഗ്ദർ.
‘ജെ.എഫ്-17ന് റഷ്യ എഞ്ചിനുകൾ നൽകുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ശരിയാണെങ്കിൽ, അത് ഇന്ത്യക്ക് രണ്ട് തരത്തിൽ ഗുണം ചെയ്യും. ഒന്നാമതായി, ചൈനക്കും പാകിസ്താനും ഇതുവരെ റഷ്യൻ നിർമിത എഞ്ചിന് പകരം സാങ്കേതികവിദ്യ പ്രാബല്യത്തിൽ വരുത്തനായിട്ടില്ലെന്ന് ഇത് തെളിയിക്കുന്നു. രണ്ടാമതായി, ഈ എഞ്ചിനിൽ പ്രവർത്തിക്കുന്ന വിമാനങ്ങൾ ഓപറേഷൻ സിന്ദൂറിലടക്കം ഇന്ത്യക്ക് സുപരിചിതമായ ഒന്നാണ്.’ മോസ്കോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രിമാകോവ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രതിരോധ വിദഗ്ദൻ പ്യോട്ടർ ടോപിച്കനോവിനെ ഉദ്ധരിച്ച് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
ഇടക്കാലത്ത്, ചൈനയും ഇതേ എഞ്ചിനുകൾക്കായി റഷ്യയെ സമീപിച്ചിരുന്നുവെന്ന് ടോപിച്കനോവ് പറഞ്ഞു. എഞ്ചിൻ പാകിസ്താന് കൈമാറുന്നതിൽ അടൽ ബിഹാരി വാജ്പേയിയുടെ എൻ.ഡി.എ സർക്കാരും ഡോ. മൻമോഹൻ സിങിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാറും ആശങ്കയുയർത്തിയിരുന്നുവെന്നും ടോപിച്കനോവ് പറഞ്ഞു.
റഷ്യ-ചൈന-പാകിസ്താൻ ത്രിരാഷ്ട്ര കരാറനുസരിച്ച് 2000മുതൽ ഇരുരാജ്യങ്ങൾക്കും റഷ്യൻ നിർമിത ആർ.ഡി-93 എഞ്ചിനുകൾ ലഭ്യമാക്കുന്നുണ്ട്. ഇതിന്റെ പരിഷ്‍കരിച്ച പതിപ്പിനാണ് നിലവിൽ പാകിസ്താൻറെ ശ്രമം. പൂർണമായി നിർമിച്ച എഞ്ചിനുകളാണ് കൈമാറ്റം ചെയ്യുതെന്നും സാങ്കേതിക വിദ്യയുടെ കൈമാറ്റമല്ല കരാറിലൂടെ ഉദ്ദേശിക്കുന്നതെന്നും റഷ്യ ഇന്ത്യയോട് വ്യക്തമാക്കിയതായാണ് വിവരം.
ഇന്ത്യയുടെ സുപ്രധാന സഖ്യകക്ഷിയായ റഷ്യ പാകിസ്താനുമായി ആയുധ ഇടപാട് നടത്തുന്നത് മോദി ഗവൺമെന്റിന്റെ നയതന്ത്ര പരാജയമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.
പാകിസ്താന്റെ ജെ.എഫ്-17 ബ്ലോക്ക് – III ജെറ്റുകളില്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ ഉപയോഗിച്ചതായി പറയുന്ന നവീകരിച്ച എഞ്ചിനുകളുള്‍പ്പെടെ സജ്ജീകരണങ്ങളാണ് ഒരുക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. രാജ്യ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ നയതന്ത്ര തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടു. ജൂണില്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ ഇടപെട്ടിട്ടും കരാറുമായി റഷ്യ മുന്നോട്ട് പോയി. പാകിസ്താനെ നയതന്ത്രതലത്തില്‍ ഒറ്റപ്പെടുത്തുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടുവെന്നുമായിരുന്നു ജയറാം രമേശിന്റെ ആരോപണം.