ആണവ പോര്‍മുനയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ ‘പൊസൈഡൺ’ വിജയകരമായി പരീക്ഷിച്ച് റഷ്യ, തുല്യരില്ലെന്ന് പുടിൻ
text_fieldsവ്ലാദിമിർ പുടിൻ
മോസ്‌കോ: ആണവ പോര്‍മുനയുള്ള അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ വിജയകരമായി പരീക്ഷിച്ച് റഷ്യ. ഗ്രീക്ക് പുരാവൃത്തത്തിലെ സമുദ്രദേവനായ പൊസൈഡണിന്റെ പേരു നല്‍കിയിരിക്കുന്ന ആയുധത്തിന് ശത്രു റഡാറുകളെ കബളിപ്പിക്കാന്‍ സാധിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
കഴിഞ്ഞ ദിവസം ബ്യൂറെവെസ്റ്റ്‌നിക് മിസൈൽ പരീക്ഷിച്ചതിന് പിന്നാലെ റഷ്യക്കെതിരെ പരസ്യവിമർശനവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. മിസൈലുകൾ പരീക്ഷിക്കുന്നതിനുപകരം യുക്രെയ്ൻ യുദ്ധത്തിന് പരിഹാരമുണ്ടാക്കുകയാണ് റഷ്യ ആദ്യം ചെയ്യേണ്ടതെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ആയുധപരീക്ഷണം സംബന്ധിച്ച വിവരം പുടിൻ പങ്കിടുന്നത്.
ആണവോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പൊസൈഡണ്‍ ഡ്രോണിന്റെ ചൊവ്വാഴ്ച നടന്ന പരീക്ഷണം വലിയ വിജയമായിരുവെന്ന് പുടിന്‍ പറഞ്ഞു. ഒരു അന്തര്‍വാഹിനിയില്‍നിന്നാണ് ഡ്രോൺ തൊടുത്തത്. വേഗതയുടെയും ആഴത്തിന്റെയും കാര്യത്തില്‍ പൊസൈഡണ്‍ ഡ്രോണിന് തുല്യരില്ലെന്നും തടയുക അസാധ്യമാണെന്നും പുടിൻ കൂട്ടിച്ചേര്‍ത്തു.
അന്തര്‍വാഹിനികളുമായി താരതമ്യം ചെയ്യുമ്പോൾ പൊസൈഡണിന് ഇന്ധനം പകരുന്ന ആണവ റിയാക്ടര്‍ നൂറിരട്ടി ചെറുതാണ്. ഡ്രോണിൽ സജ്ജീകരിച്ചിരിക്കുന്ന ആണവപോര്‍മുനയുടെ കരുത്ത് സര്‍മത് ഭൂഖണ്ഡാന്തര ആണവ മിസൈലുകളേക്കാള്‍ അധികമാണെന്നും പുടിൻ വെളിപ്പെടുത്തി.
തീരപ്രദേശങ്ങള്‍ക്കു സമീപത്തുവെച്ച് പൊട്ടിത്തെറിക്കാനും റേഡിയോ ആക്ടീവ് സുനാമി സൃഷ്ടിക്കാനും ശേഷിയുള്ള വിധത്തിലാണ് ആണവ പോര്‍മുനയോടെ പൊസൈഡണിനെ നിര്‍മിച്ചിരിക്കുന്നതെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.


