റഷ്യൻ ഡ്രോണുകൾ വ്യോമാതിർത്തി ലംഘിച്ചു; സെലൻസ്കി രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsചിസിനൗ: യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയെ മൊൾഡോവയിൽനിന്ന് നോർവേയിലേക്ക് കൊണ്ടുപോകേണ്ടിയിരുന്ന വിമാനം റഷ്യൻ ഡ്രോൺ വ്യോമാതിർത്തി ലംഘിച്ചതിനെ തുടർന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. തുടർന്ന് മുൻകരുതലിന്റെ ഭാഗമായി മൊൾഡോവ വ്യോമാതിർത്തി താൽക്കാലികമായി അടച്ചു. മൊൾഡോവയിൽനിന്ന് ഓസ്ലോയിലേക്ക് പറന്നുയരുന്നതിനിടെ സെലൻസ്കിയുടെ വിമാനം ഡ്രോൺ ഇടിക്കുന്നതിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് നോർവേ പ്രധാനമന്ത്രി യോനാസ് ഗാർ സ്റ്റോർ എൻ.ആർ.കെ ചാനലിനോട് പറഞ്ഞു.
ഹാരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനാണ് സെലൻസ്കി നോർവേയിലെത്തിയത്. ചൊവ്വാഴ്ച റിസ്കാനി ജില്ലയിലെ ഒരു ഗ്രാമത്തിലെ സൂര്യകാന്തിപ്പാടത്ത് റഷ്യൻ ഡ്രോൺ തകർന്നുവീണതായി മൊൾഡോവ പൊലീസ് പറഞ്ഞു. ഡ്രോൺ പതിച്ചതിനെ തുടർന്ന് നാലിടങ്ങളിൽ തീപിടിത്തമുണ്ടായെങ്കിലും ആളപായമില്ല. മൊൾഡോവയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച ഡ്രോൺ പിന്നീട് അയൽരാജ്യവും നാറ്റോ അംഗവുമായ റുമേനിയയിലേക്കു കടന്നു. റുമേനിയയുടെ വടക്കുകിഴക്കൻ മേഖലകളിലൂടെ സഞ്ചരിച്ച ഡ്രോണിന്റെ നീക്കം നിരീക്ഷിക്കാൻ സ്പാനിഷ് വ്യോമ-ബഹിരാകാശ സേനയുടെ രണ്ട് എഫ്-18 യുദ്ധവിമാനങ്ങൾ വിന്യസിച്ചു. പിന്നീട് ഡ്രോൺ വീണ്ടും മൊൾഡോവയുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിക്കുകയായിരുന്നു.
ചിസിനൗ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയാണ് ഡ്രോൺ പതിച്ച് പൊട്ടിത്തെറിച്ചതെന്ന് മൊൾഡോവ അധികൃതർ സ്ഥിരീകരിച്ചു. വ്യോമാതിർത്തിയിലെ നിയന്ത്രണം പിൻവലിച്ചതിന് പിന്നാലെ സെലൻസ്കിയുടെ വിമാനം വൈകിയാണെങ്കിലും യാത്ര തിരിച്ചു. ഡ്രോൺ പതിച്ച സ്ഥലത്തുനിന്ന് സ്ഫോടകവസ്തു വിദഗ്ധർ ശേഖരിച്ച അവശിഷ്ടങ്ങളിൽ പ്രൊപ്പൽഷൻ സംവിധാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. ഇവ റഷ്യ യുക്രെയ്ൻ യുദ്ധത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ‘ഗെറാൻ’ വിഭാഗത്തിലുള്ള ഡ്രോണിന്റേതിന് സമാനമാണെന്ന് മൊൾഡോവ പൊലീസ് വ്യക്തമാക്കി.


