Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഭീമാകാരമായ...

ഭീമാകാരമായ മലവെള്ളപ്പാച്ചിൽ, നിമിഷനേരം കൊണ്ട് ഇല്ലാതായി ഗ്രാമങ്ങൾ; നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ നടുക്കുന്ന വിഡിയോ

text_fields
bookmark_border
ഭീമാകാരമായ മലവെള്ളപ്പാച്ചിൽ, നിമിഷനേരം കൊണ്ട് ഇല്ലാതായി ഗ്രാമങ്ങൾ; നേപ്പാളിലെ മിന്നൽ പ്രളയത്തിന്റെ നടുക്കുന്ന വിഡിയോ
cancel

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽ പ്രളയത്തിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്. നോക്കിനിൽക്കെ ഇരച്ചെത്തിയ ഭീമാകാരമായ ജലനിരപ്പിൽ നിരവധി ഗ്രാമങ്ങൾ ഒന്നടങ്കം ഒലിച്ചുപോയി. മലവെള്ളപ്പാച്ചിലിൽ കെട്ടിടങ്ങളും വിപണികളും തകർന്നടിഞ്ഞ് നിമിഷനേരം കൊണ്ടാണ് വെള്ളത്തിനടിയിലായത്. ആളുകൾ ജീവനുവേണ്ടി നെട്ടോട്ടമോടുന്നതിന്റെയും ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

ഒഴുക്കിൽപെട്ട വീടുകൾ പൂർണമായും ഭാഗികമായും തകർന്നടിഞ്ഞു. വാഹനങ്ങളും കടകളും ശക്തമായ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങളും പ്രമുഖ വാർത്താ ഏജൻസിയായ പി.ടി.ഐ പുറത്തുവിട്ടിട്ടുണ്ട്.

വൻ ദുരന്തത്തിൽ ഇതുവരെ 55 പേർ മരിച്ചതായും, 105 ഇന്ത്യക്കാർ ഉൾപ്പെടെ 350ലധികം യാത്രക്കാരെ കാണാതായതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

രാജ്യത്തിന്റെ വടക്കുഭാഗത്ത് ടിബറ്റ് അതിർത്തിക്ക് സമീപമുള്ള ഭോട്ടെ കോശി നദിയിലാണ് വലിയ കുത്തൊഴുക്കും പ്രളയവും ഉണ്ടായത്. റാസുവ, ഗോർഖ, ചിത്വാൻ, ധാഡിങ്, കാഠ്മണ്ഡുവിന് തെക്കുപടിഞ്ഞാറുള്ള നുവാകോട്ട ജില്ലകളുമാണ് പ്രളയത്തിൽ ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത്.

ഹിമാനിയിൽ നിന്നുണ്ടായ മഞ്ഞുമലയിടിച്ചിലാകാം പ്രളയത്തിന് കാരണമെന്ന് കാഠ്മണ്ഡു ആസ്ഥാനമായുള്ള ഇന്റർനാഷനൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്‌മെന്റിലെ കാലാവസ്ഥ വിദഗ്ധർ വിലയിരുത്തുന്നു. ഭോട്ടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടർന്ന് ആഞ്ഞടിച്ച തിരമാലകൾ ഗ്രാമങ്ങളെയും വീടുകളെയും വിഴുങ്ങുകയായിരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഭരണകൂടവും അധികൃതരും കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർ കാണാതായവർക്കായുള്ള തിരച്ചിൽ ദുഷ്കരമായി തുടരുകയാണ്.

ചൈനീസ് സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ സി.സി.ടി.വി റിപ്പോർട്ട് ചെയ്തതനുസരിച്ച്, ടിബറ്റിലെ ഗ്യോറോംഗ് തുറമുഖ ഭാഗത്തുണ്ടായ മണ്ണൊടിച്ചിലും വലിയ ആൾനാശത്തിനും കാണാതായവർക്കും കാരണമായിട്ടുണ്ട്. നേപ്പാളിലെ യു.എസ് എംബസിയും ഇന്ത്യൻ എംബസിയും മുന്നറിയിപ്പും ജാഗ്രതാ നിർദേശവും നൽകിയിട്ടുണ്ട്. ഭോട്ടെ കോശി, ത്രിശൂലി, നാരായണി നദികളുടെ തീരത്തുള്ളവരും സമീപവാസികളും മാറിത്താമസിക്കാനും നദികളിൽ ഇറങ്ങരുതെന്നും നേപ്പാൾ പൊലീസ് അഭ്യർഥിച്ചു.

Show Full Article
TAGS:nepal Flash Floods video missing Indians Tibet Rescue Operation 
News Summary - Terrifying Visuals Emerge as Flash Floods Devastate Villages in Nepal; Dead and Missing
Next Story