ഈജിപ്തിലെ വെടിനിർത്തൽ ചർച്ചകളിൽ ഹമാസിനെ പ്രതിനിധീകരിച്ച് എത്തുന്നത് ദോഹയിൽ ഇസ്രായേൽ ലക്ഷ്യമിട്ട നേതാക്കൾ
text_fieldsപ്രതീകാത്മക ചിത്രം
ഒരുമാസം മുമ്പ് ഖത്തർ തലസ്ഥാനമായ ദോഹയിൽ വെച്ച് ഇസ്രായേൽ വധിക്കാൻ ശ്രമിച്ച നേതാക്കളാണ് ഈജിപ്തിൽ നടക്കുന്ന വെടിനിർത്തൽ ചർച്ചകളിൽ ഹമാസിനെ പ്രതിനിധീകരിക്കുക. ആക്രമണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊരാളായിരുന്ന ഖലീലുൽ ഹയ്യ ഉൾപ്പെടെയുള്ള ഹമാസ് നേതാക്കൾ ദോഹയിൽ നിന്ന് ഞായറാഴ്ച ഉച്ചയോടെ ഈജിപ്ഷ്യൻ തലസ്ഥാനമായ കൈറോയിൽ വിമാനമിറങ്ങി. ആക്രമണത്തിൽ ഖലീലുൽ ഹയ്യയുടെ മകൻ ഉൾപ്പെടെ ആറുപേരാണ് മരിച്ചത്.
കൈറോയിലേക്ക് പുറപ്പെടുന്നതിനുമുമ്പ് ഹയ്യ അൽഅറബി ചാനലിന് പ്രത്യേക അഭിമുഖം നൽകിയിരുന്നു. ആക്രമണശേഷം ഇതാദ്യമായാണ് അദ്ദേഹം കാമറക്ക് മുന്നിലെത്തുന്നത്. മകന്റെ മരണം ഉൾപ്പെടെ സംഭവിച്ച വ്യക്തിപരമായ നഷ്ടങ്ങളും ഗസ്സയിൽ മരിച്ചവരുടെ വേദനയും തനിക്ക് ഒരുപോലെയാണെന്ന് അദ്ദേഹം പറഞ്ഞു. എന്റെ മകനും ഇസ്രായേൽ കൊന്നുകളഞ്ഞ മറ്റേത് ഫലസ്തീൻ കുഞ്ഞും ഒരുപോലെയാണ്. അവർ ചിന്തിയ ചോര ജറൂസലമിലേക്കുള്ള നമ്മുടെ വിജയത്തിന്റെ പാതയാകട്ടെയെന്ന് പ്രാർഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈജിപ്തിലെ ചെങ്കടൽ തീരനഗരമായ ശറമുശൈഖിലാണ് വെടിനിർത്തൽ ചർച്ചകൾ നടക്കുക. ഇസ്രായേലി സംഘം ഞായറാഴ്ച രാത്രിയോ തിങ്കളാഴ്ച രാവിലെയോ നഗരത്തിലെത്തും. സ്ട്രാറ്റജിക് അഫയേഴ്സ് വകുപ്പ് മന്ത്രി റോൺ ഡെർമറാണ് ഇസ്രായേലി സംഘത്തെ നയിക്കുക. ബന്ദി വിഷയം കൈകാര്യം ചെയ്യുന്ന ഗാൽ ഹിർഷ്, ഐ.ഡി.എഫിലെ നിറ്റ്സൻ അലോൺ എന്നിവർക്കൊപ്പം ഷിൻബെത്ത്, മൊസാദ് പ്രതിനിധികളും സംഘത്തിലുണ്ടാകും.
നേർക്കുനേർ കാണില്ലെങ്കിലും ഹമാസ്, ഇസ്രായേൽ സംഘങ്ങൾ തമ്മിലുള്ള പരോക്ഷ ചർച്ചകളാകും നടക്കുക. ചർച്ചകൾ തിങ്കളാഴ്ചയും വേണ്ടിവന്നാൽ അധിക ദിവസങ്ങളിലും നടക്കുമെന്ന് ഈജിപ്ഷ്യൻ മാധ്യമങ്ങൾ സൂചിപ്പിച്ചു. ചർച്ചയിൽ ഈജിപ്തും ഖത്തറുമാണ് പ്രധാന മധ്യസ്ഥർ. ഹമാസ്, ഇസ്രായേലി സംഘങ്ങൾ ഒരേ കെട്ടിടത്തിൽ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
മിഡിലീസ്റ്റിലെ യു.എസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ട്രംപിന്റെ മരുമകനും ഉപദേഷ്ടാവുമായ ജരേദ് കുഷ്നർ എന്നിവരും ചർച്ചയുടെ ഭാഗമാകും. യു.എസ് ഗൗരവത്തിലാണ് ചർച്ചയെ പരിഗണിക്കുന്നതെന്നതിന്റെ തെളിവാണ് കുഷ്നറുടെ സാന്നിധ്യം.