മരണം മഞ്ഞ നിറം നൽകിയ ഗസ്സയിലെ പുതിയ അതിർത്തി
text_fieldsഗസ്സ: വെടിനിർത്തൽ പ്രാബല്യത്തിലാണെങ്കിലും ഗസ്സയിൽ മരണം അതിന്റെ നൃത്തമവസാനിപ്പിക്കുന്നില്ല. തകർന്നു കിടക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഗസ്സയിലെ ശേഷിക്കുന്ന, ചിതറിത്തെറിച്ച ജനങ്ങൾ പുതിയ ജീവിതം കെട്ടിപ്പടുക്കുമ്പോൾ അവരെ മരണത്തിലേക്ക് തള്ളിവിട്ട് അപകടത്തിന്റെ നിറമുള്ള ഒരു മഞ്ഞ വര ഉയർന്നു വരുന്നു. ഇസ്രായേൽ സൈനിക മേഖലയായി ഗസ്സക്കുള്ളിൽ, ഗസ്സയിലെ ജനങ്ങളെ അതിരുകൾക്കുള്ളിൽ ചുരുക്കി ശ്വാസം മുട്ടിക്കുന്ന ആ യെല്ലോ ലൈൻ ഒരു പുതിയ അതിർത്തിയായി മാറിയിരിക്കുകയാണ്.
ഇസ്രായേലുമായുള്ള കിഴക്കൻ അതിർത്തിയിൽനിന്ന് ഗസ്സക്കുള്ളിൽ 1.5 കിലോമീറ്റർ മുതൽ 6.5 കിലോമീറ്റർ വരെ വ്യാപിക്കുകയും എൻക്ലേവിന്റെ ഏകദേശം 58 ശതമാനം ഉൾക്കൊള്ളുകയും ചെയ്യുന്നുണ്ട് ഈ യെല്ലോ ലൈൻ.
പ്രത്യക്ഷത്തിൽ മിക്കയിടത്തും ഈ പുതിയ അതിർത്തിരേഖയുടെ നിറം കാണില്ല. ചിലയിടങ്ങളിൽ മഞ്ഞനിറമുള്ള ഒരു അടയാളം കാണാം, ചിലയിടങ്ങളിൽ ഒരു നേർത്ത വര. ആ വര മുറിച്ചുകടന്നാൽ, പിന്നീടുള്ളത് മരണമാണ്. വരക്കു പുറത്ത് ഇസ്രായേൽ സേനയുടെ തോക്കിൻമുനകളാണുള്ളത്. ഈ അതിർത്തി, മാപ്പുകളിൽ എവിടെയെങ്കിലും രേഖപ്പെടുത്തിയ ഒരതിർത്തിയല്ല. എന്നാൽ, ഗസ്സക്കുള്ളിൽ അത് എവിടെയാണെന്നും, ഗസ്സക്കാരുടെ ദൈനംദിന ജീവിതത്തിൽ എങ്ങനെയാണ് ബാധിക്കുന്നതെന്നും ഓരോ ഗസ്സക്കാരനും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. രാത്രികളിൽ ലൈനിനുപുറത്ത് സ്ഫോടന ശബ്ദം കേൾക്കാം, ചിലപ്പോൾ ആളുകൾ ടെന്റുകൾ കെട്ടി ജീവിക്കുന്ന കെട്ടിടാവശിഷ്ടങ്ങൾക്ക് അരികിലായിരിക്കും ആ ശബ്ദം. അപ്പോഴാണ് ഗസ്സക്കാർ ടെന്റുകളുമായി, കൈയിൽ കിട്ടിയതെല്ലാം വാരിയെടുത്ത് അടുത്ത സ്ഥലങ്ങളിലേക്ക് മാറുന്നത്. ആ ടെന്റുകൾ ഇരുന്ന സ്ഥലം പിറ്റേദിവസം മഞ്ഞവരക്കുള്ളിലായിരിക്കും. ദിനംപ്രതി ഈ അതിർത്തികൾ വിസ്തൃതമായിക്കൊണ്ടിരിക്കുകയാണ്, അതായത് ഗസ്സ സ്ട്രിപ്പ് ചുരുങ്ങിക്കൊണ്ടിരിക്കുന്നു. കടുത്ത പട്ടിണിയും, രോഗങ്ങളും അലട്ടുന്ന ഗസ്സക്കാർ തകർന്ന കെട്ടിടത്തിന്റെ ഒരു കോണിൽ കണ്ടെത്തിയ താമസ സ്ഥലത്തിന്റെ സുരക്ഷക്ക് ഏതാനും ദിവസങ്ങൾ മാത്രമാണ് ആയുസ്സ്. യെല്ലോ ലൈൻ വിപുലമാകുന്നതോടെ അവർ മാറാൻ നിർബന്ധിതരാകുന്നു. ഗസ്സയിലെ 80 ശതമാനത്തിലധികം ജനങ്ങൾ ഒന്നിൽക്കൂടുതൽ തവണ താമസം മാറ്റേണ്ടിവന്നവരാണെന്ന് പഠനങ്ങൾ പറയുന്നു. പലർക്കും നാലും അഞ്ചും തവണ വാസസ്ഥലങ്ങൾ മാറേണ്ടിവന്നിട്ടുണ്ട്.
മഞ്ഞവരയുടെ നൂറു മീറ്റർ മാത്രം അപ്പുറത്താണ് ഇസ്രായേൽ സൈനികർ നിലകൊള്ളുന്നത്. ആളുകൾ മാറുന്നയിടങ്ങളിലുള്ള കെട്ടിടങ്ങൾ തകർക്കുന്നതിന്റെ ബുൾഡോസർ ശബ്ദങ്ങൾ, കുറഞ്ഞതോതിലെങ്കിലും അവശേഷിക്കുന്ന കൃഷിയിടങ്ങൾ ഇല്ലാതാക്കുന്നതിന്റെ ശബ്ദം എന്നിവയെല്ലാം മഞ്ഞവരക്കപ്പുറത്ത് നിന്ന് കേൾക്കാം. തങ്ങളുടെ ഇടങ്ങൾ ഇല്ലാതാവുന്നു എന്നാണ് ഈ ശബ്ദങ്ങൾ അവരോട് പറയുന്നത്. എന്നാൽ അതിനെ സംരക്ഷിക്കാൻ അവർക്കൊന്നും ചെയ്യാനാവുന്നില്ല. മഞ്ഞവരക്കപ്പുറത്തുനിന്ന് വെടിവെപ്പിന്റെയോ ചെറിയ സ്ഫോടനങ്ങളുടെയോ ശബ്ദം കേട്ടാണ് തങ്ങൾ പലപ്പോഴും ഉണരുന്നതെന്ന് ഗസ്സയിലെ നിവാസികൾ പറയുന്നു. ഒരു കാണാച്ചരടുപോലെ ഗസ്സക്കാരുടെ ജീവനുമുകളിൽ ഈ യെല്ലോ ലൈൻ നിലകൊള്ളുന്നുണ്ട്. കഴിഞ്ഞ ഡിസംബറിൽ ഗസ്സ മുനമ്പ് സന്ദർശിച്ച് ഇസ്രായേൽ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറൽ ഇയാൽ സമീർ പറഞ്ഞത് യെല്ലോ ലൈൻ ഒരു പുതിയ അതിർത്തി രേഖയാണെന്നായിരുന്നു. അപകടം വിതക്കുന്നു ആ രേഖ നാൾക്കുനാൾ വികസിക്കുകയാണ്. തെക്ക് റാഫ നഗരങ്ങളും വടക്ക് ബെയ്ത് ഹനൂണും ഉൾപ്പെടെ തകർന്ന എൻക്ലേവിന്റെ ഏകദേശം മിക്കവാറും ഭാഗങ്ങളുടെ പൂർണ നിയന്ത്രണം ഈ അപ്രഖ്യാപിത രേഖ ഇസ്രായേലിനു നൽകുന്നു.
രണ്ടു വർഷമായി തുടരുന്ന ഇസ്രായേൽ യുദ്ധത്തിൽ 71,657 ഫലസ്തീനികളാണ് കൊല്ലപ്പെട്ടിട്ടുള്ളത്. വെടിനിർത്തലിനുശേഷം മാത്രം 484 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഓരോ ജീവൻ നഷ്ടപ്പെടുമ്പോഴും പുതിയ അതിർത്തി വലുതായിക്കൊണ്ടിരിക്കുകയാണ്.


