ഫലസ്തീൻ അനുകൂലിയും ഇടതുപക്ഷക്കാരിയുമായ പുതിയ ഐറിഷ് പ്രസിഡന്റ്; ആരാണ് കാതറിൻ കോണോളി?
text_fieldsവഴങ്ങലുകൾക്കെതിരെ നിലകൊള്ളാൻ ഭയപ്പെടാത്ത ഒരു പ്രസിഡന്റിനെയായിരുന്നു അയർലെൻഡുകാർക്ക് ആവശ്യം. തെരഞ്ഞെടുപ്പിലൂടെ അവരത് നേടിയെടുത്തു. ഇടതുപക്ഷ രാഷ്ട്രീയം കൈമുതലായുള്ള കാതറിൻ കൊണോളി യൂറോപ്യൻ രാജ്യമായ അയർലൻഡിന്റെ പത്താമത് പ്രസിഡന്റായി. ഗസ്സയിലെ യുദ്ധത്തിനെതിരെ ശബ്ദമുയർത്തിയ ജനപ്രിയനായ പ്രസിഡന്റ് മൈക്കൽ ഡി. ഹിഗ്ഗിൻസിന്റെ പിൻഗാമിയായാണ് കോണോളി ചുമതലയേൽക്കുക.
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളെ കോണോളി കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. യുക്രെയ്നിൽ റഷ്യൻ അധിനിവേശത്തെത്തുടർന്ന് വളർന്നുവരുന്ന യൂറോപ്യൻ യൂനിയന്റെ സൈനികവൽക്കരണത്തെയും അവർ ആവർത്തിച്ച് വിമർശിച്ചു. കുടിയേറ്റ വിരുദ്ധതക്കെതിരായും ശക്തമായി നിലകൊണ്ടു.
ഇടതുപക്ഷ മുന്നണിയുടെ പിന്തുണയോടുകൂടി സ്വതന്ത്ര സ്ഥാനാർഥിയായി മൽസരിച്ച കാതറിൻ കൊണോളി ചരിത്രത്തിലെ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഗാൽവേ സൗത്തിൽ നിന്നുള്ള പാർലമെന്റ് അംഗമായിരുന്നു 67 വയസ്സുള്ള കാതറിൻ. നേരത്തെ ലേബർ പാർട്ടി പ്രതിനിധിയായി ഗാൽവേ മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചരിത്രത്തിൽ ആദ്യമായി അയർലൻഡിലെ ഇടതുപക്ഷ കക്ഷികൾ ഒരുമിച്ചു പിന്തുണ നൽകിയ സ്ഥാനാർഥി കൂടിയാണ് കാതറിൻ. പോൾ ചെയ്ത വോട്ടുകളുടെ 63 ശതമാനം വോട്ട് നേടിയാണ് അവർ തെരഞ്ഞെടുക്കപ്പെട്ടത്. 9,14,143 വോട്ട് കാതറിൻ നേടിയപ്പോൾ തൊട്ടടുത്ത എതിരാളിയായ ഹെതർ ഹംഫ്രീക്ക് ലഭിച്ചത് 23 ശതമാനം വോട്ടുകൾ മാത്രമാണ്. 4,24,987 വോട്ടുകളാണ് ഹെതറിനു നേടാനായത്.
അറിയാം കാതറിൻ കോണോളിയെ
ഗാൽവേ സ്വദേശിയായ അവർ വളരെ ചെറുപ്പം മുതലേ പഠിച്ച കാര്യമാണ് വൈവിധ്യങ്ങളെ ഉൾക്കൊള്ളുക എന്നത്. 14 കുട്ടികളുള്ള ഒരു കുടുംബത്തിൽ നിന്ന് വരുന്ന താൻ വ്യത്യസ്ത ശബ്ദങ്ങൾ കേൾക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഒരു ധാരണയോടെയാണ് വളർന്നതെന്ന് അവർ പറയുന്നു.
ഏഴ് പെൺകുട്ടികളും ഏഴ് ആൺകുട്ടികളും ആയിരുന്നു കാതറിന്റെ മാതാപിതാക്കൾക്ക്. അവരുടെ ഒമ്പതാമത്തെ കുട്ടി അയർലെൻഡിന്റെ പ്രസിഡന്റുപദം വരെയെത്തി. ഇത്രയും വലിയ ഒരു കുടുംബത്തിൽ വളർന്നത് തന്റെ കാഴ്ചപ്പാടുകളെ എങ്ങനെ രൂപപ്പെടുത്തി എന്ന് കഴിഞ്ഞ മാസം ബി.ബി.സിയുടെ ‘ടോക്ക്ബാക്ക്’ പ്രോഗ്രാമിൽ അവർ പങ്കുവെക്കുകയുണ്ടായി.
‘സത്യസന്ധതക്കും ധാർമികതക്കും വളരെ ഉയർന്ന മൂല്യം നൽകുന്ന ഒരു പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത്. അമ്മ എന്റെ ചെറുപ്പത്തിൽ തന്നെ മരിച്ചു. ഏറ്റവും സത്യസന്ധനായ മനുഷ്യനായിരുന്നു ഞങ്ങളുടെ പിതാവ്. ഞങ്ങളെ വളർത്താൻ ആഴ്ച മുഴുവൻ അദ്ദേഹം പണിയെടുക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്’.
അമ്മയുടെ മരണം പെട്ടന്നായിരുന്നു. അന്ന് കാതറിന് വെറും ഒമ്പത് വയസ്സ് മാത്രമായിരുന്നു. ഇളയ കുട്ടിക്ക് ഒരു വയസ്സും. പ്ലാസ്റ്ററിങ് ജോലിക്കാരനായിരുന്ന അവളുടെ പിതാവിന് വീട്ടിൽ സഹായം ആവശ്യമായി വന്നു. ആ പ്രതിസന്ധിയിലേക്ക് കടന്നുവന്ന രണ്ട് മൂത്ത സഹോദരിമാർ അവരുടെ കൗമാരത്തിന്റെ ഭൂരിഭാഗവും ഇളയ സഹോദരങ്ങളെ പരിചരിച്ചു.
കൗമാരത്തിൽ തന്നെ കോണോളി തന്റെ സമൂഹത്തിൽ സജീവമായി. ‘ലെജിയൻ ഓഫ് മേരി‘, ‘ഓർഡർ ഓഫ് മാൾട്ട’ എന്നീ രണ്ട് കത്തോലിക്കാ സംഘടനകളിൽ സന്നദ്ധസേവനം നടത്തി. പ്രായമായവർക്ക് ഭക്ഷണം എത്തിക്കുന്നതും അവരുടെ വീടുകൾ വൃത്തിയാക്കുന്നതും എല്ലാം ഇതിൽ ഉൾപ്പെട്ടിരുന്നു. അതിനിടെ അവർ ജർമൻ ഭാഷയിൽ സൈക്കോളജിയിൽ ബിരുദം നേടി. കൗണ്ടി ഗാൽവേ ഹെൽത്ത് ബോർഡിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റായി ജോലിയിൽ പ്രവേശിച്ചു.
എന്നാൽ, ഒരു സ്ഥിരം തൊഴിൽ തസ്തിക നിരസിക്കുകയും പകരം നിയമ ബിരുദത്തിന് പഠിക്കാൻ രാത്രി ക്ലാസുകളിൽ പോവുകയും ചെയ്തു. 1991ൽ അവർ ബാരിസ്റ്ററായി യോഗ്യത നേടി. അതിനടുത്ത വർഷം അവർ തന്റെ ആൺസുഹൃത്തായ ബ്രയാൻ മക്‌എനറിയെ വിവാഹം കഴിച്ചു.
സംഭവബഹുലമായ രാഷ്ട്രീയ ജീവിതം
1999ൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ രണ്ട് കുട്ടികളുടെ അമ്മയായിരുന്നു അവർ. അയർലൻഡിന്റെ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മൈക്കൽ ഡി ഹിഗ്ഗിൻസും ഭാര്യയും ലേബർ പാർട്ടിക്കുവേണ്ടി നിലകൊള്ളാൻ പ്രോത്സാഹിപ്പിച്ചത് വഴിത്തിരിവായി. രാജ്യത്തെ ഭവനക്ഷാമം പരിഹരിക്കാനുള്ള അവരുടെ അഭിലാഷമായിരുന്നു അതിൽ പങ്കാളിയാകാനുള്ള പ്രധാന കാരണം. അതിനെ ‘നമ്മുടെ കാലത്തെ നിർവചിക്കുന്ന സാമൂഹിക പ്രതിസന്ധി’ എന്ന് അവർ വിശേഷിപ്പിച്ചു.
കണോലി ഗാൽവേയിൽ 17 വർഷം കൗൺസിലറായി സേവനമനുഷ്ഠിച്ചു. അതിൽ തന്റെ ജന്മനഗരത്തിന്റെ മേയറായി ഒരു വർഷത്തെ കാലാവധിയും ഉൾപ്പെടുന്നു. എങ്കിലും 2007ലെ പൊതുതെരഞ്ഞെടുപ്പിൽ ഹിഗ്ഗിൻസിനൊപ്പം മത്സരിക്കാനുള്ള തന്റെ ശ്രമത്തെ പിന്തുണക്കാത്തതിന് ലേബർ പാർട്ടിയുമായുള്ള തർക്കത്തെത്തുടർന്ന് അവർ പാർട്ടി വിട്ടു. സ്വതന്ത്രയായി മത്സരിച്ച അവർ ഡെയ്‌ലിലേക്ക് (ഐറിഷ് പാർലമെന്റ്) തിരഞ്ഞെടുക്കപ്പെടാൻ രണ്ട് തവണ പരാജയപ്പെട്ടു. ഒടുവിൽ 2016 ൽ ഒരു സീറ്റ് നേടി. 2020 ൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം നേടിയപ്പോൾ, പാർലമെന്റിലെ ചർച്ചകൾക്ക് നേതൃത്വം നൽകാൻ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതയായി കോണോളി മാറി.
നിലവിലുള്ള സർക്കാറിന്റെ സ്ഥാനാർഥിക്കെതിരെ പ്രതിപക്ഷ പാർട്ടികളെ ഒന്നിപ്പിക്കാൻ അവർക്ക് കഴിഞ്ഞത് ഒരു അപ്രതീക്ഷിത വിജയമായിരുന്നു. സിൻ ഫീൻ, സോഷ്യൽ ഡെമോക്രാറ്റുകൾ, പീപ്പിൾ ബിഫോർ പ്രോഫിറ്റ്, നേരത്തെ സ്വന്തം പാർട്ടിയായിരുന്ന ലേബർ പാർട്ടി എന്നിവയുടെ പിന്തുണ ഉറപ്പാക്കിക്കൊണ്ട് പ്രസിഡന്റ് സ്ഥാനത്തേക്ക് അവരെയെല്ലാം ഒന്നിപ്പിച്ചു.
ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്ക് നിർണായകമായിരുന്നു പ്രസിഡന്റ് തെരഞ്ഞെടുപ്പ്. കുടിയേറ്റക്കാരെയും അഭയാർഥികളെയും ഫലസ്തീനെയും പിന്തുണക്കുന്ന കാതറിനെതിരെ അയർലൻഡിലെ തീവ്ര വലതുപക്ഷം വ്യാപകമായ പ്രചരണം നടത്തിയിരുന്നു. ഇത്തരം പ്രചരണങ്ങളെ അതിജീവിച്ചാണ് ഐറിഷ് സമൂഹം കാതറിൻ കൊണോളിയെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള കുടിയേറ്റക്കാർക്കിടയിൽ പ്രവർത്തിക്കുന്ന ‘ക്രാന്തി അയർലൻഡ്’ എന്ന ഇടതുപക്ഷ സംഘടനയും കാതറിൻ കൊണോളിക്ക് വേണ്ടി പ്രചരണം നടത്തിയിരുന്നു.
രാഷ്ട്രീയത്തിന് പുറത്ത് കോണോളി ജനകീയയായ ഐറിഷ് പ്രഭാഷകയും, ചെറുപ്പത്തിൽ മാരത്തണുകൾ ഓടുകയും ബാഡ്മിന്റൺ മത്സരങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന ഉത്സാഹിയായ കായിക വനിതയുമാണ്. 68 കാരിയായ അവർ അടുത്തിടെ ഡബ്ലിനിലെ വടക്കൻ ഭാഗത്തുള്ള ഒരു ഫ്ലാറ്റ് ബ്ലോക്കിൽ കുട്ടികളോടൊപ്പം ഫുട്ബോളും ബാസ്കറ്റ്ബോളും കളിച്ചുകൊണ്ട് പ്രചാരണ പാതയിൽ തന്റെ കഴിവുകൾ പ്രകടിപ്പിച്ചു. വൈറൽ വിഡിയോകളിലൂടെ ഇൻസ്റ്റാഗ്രാമിലും ടിക് ടോക്കിലും ദശലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയപ്പോൾ അവർ ഒരു അപ്രതീക്ഷിത സോഷ്യൽ മീഡിയ താരമായി മാറി.
ഞാന്‍ ആളുകളെ കേള്‍ക്കുകയും, പ്രതികരിക്കുകയും, അവശ്യഘട്ടങ്ങളില്‍ ശബ്ദമുയര്‍ത്തുകയും ചെയ്യുന്ന പ്രസിഡന്റായിരിക്കുമെന്നാണ് ജയത്തിനുശേഷം കാതറിൻ കൊണോളി പ്രതികരിച്ചത്. സമാധാനത്തിന് വേണ്ടി സംസാരിക്കുന്ന തന്റെ നിലപാട് നിഷ്പക്ഷതയുടേതേയിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എല്ലാവരെയും വില മതിക്കുന്ന പുതിയൊരു രാഷ്ട്രം കെട്ടിപ്പടുക്കുക എന്ന നിലപാടാണ് താന്‍ പ്രചാരണത്തിലുടനീളം കൈക്കൊണ്ടതെന്ന് വ്യക്തമാക്കിയ കോണോളി, എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും, പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടതില്‍ വലിയ അഭിമാനമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.


