നടക്കാതെ പോയ ഇന്ത്യാ സന്ദർശനം
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ വരണമെന്ന അഭിലാഷം ബാക്കിയാക്കിയാണ് മാർപാപ്പ വിട പറഞ്ഞത്. ഇന്ത്യയിലേക്ക് വരാൻ താൻ ഏറെയിഷ്ടപ്പെടുന്നെന്ന് വത്തിക്കാനിൽ ചെന്ന ഇന്ത്യക്കാരോടെല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്. കർദിനാൾമാരുടെ സൗഹൃദ സന്ദർശനവേളകളിലെല്ലാം പ്രധാനമന്ത്രിയോട് അവരുന്നയിച്ച ആവശ്യവും മാർപാപ്പയുടെ ഇന്ത്യൻ സന്ദർശനമായിരുന്നു. എന്നിട്ടും രാജ്യത്താകെയുള്ള 2.3 ശതമാനം ക്രൈസ്തവരിൽ 55 ശതമാനത്തോളമുള്ള കത്തോലിക്ക സമൂഹം ഏറെ കൊതിച്ച പാപ്പയുടെ സന്ദർശനം നടക്കാതെ പോയത് എന്തുകൊണ്ടാണ്?
ഓരോ ജനറൽ ബോഡി യോഗത്തിനു ശേഷവും കാത്തലിക് ബിഷപ് കൗൺസിൽ ഓഫ് ഇന്ത്യ (സി.ബി.സി.ഐ) സർക്കാറുമായി നടത്തിയ ചർച്ചകളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചകളിലും മുൻഗണന വിഷയമായിരുന്നു ഇത്. വത്തിക്കാനിൽ പോയി പോപ്പിനെ കണ്ട മോദി പറഞ്ഞിരുന്നതും ഇന്ത്യാ സന്ദർശനത്തിന് താൻ മാർപാപ്പയെ ക്ഷണിച്ചിട്ടുണ്ടെന്നാണ്.
അതേസമയം, ഇത്തരമൊരു സന്ദർശനം നടക്കാതെ പോയതിന് പ്രധാനമന്ത്രിയുടെ ഓഫിസിന് നേർക്കാണ് മുതിർന്ന മാധ്യമ പ്രവർത്തകനായ ജോൺ ദയാൽ വിരൽചൂണ്ടുന്നത്. ആർ.എസ്.എസ്, വി.എച്ച്.പി തുടങ്ങിയ സംഘടനകളുടെ എതിർപ്പാണ് അനുമതി നൽകുന്നതിൽ പ്രധാനമന്ത്രിയുടെ ഓഫിസിനുള്ള തടസ്സമെന്നും ക്രിസ്തീയ പുരോഹിതർ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ജോൺ ദയാൽ വ്യക്തമാക്കി.
ഇന്ത്യയിലേക്ക് മതനേതാക്കൾ വരേണ്ടതില്ലെന്നാണ് ആർ.എസ്.എസും വി.എച്ച്.പിയും പറയുന്നത്. 'സർക്കാറിന്റെ വാതിലുകൾ മുട്ടിക്കൊണ്ടിരിക്കുന്നു, തുറക്കുന്നില്ല' എന്ന് മാർപ്പാപ്പ തന്നോട് പറഞ്ഞുവെന്ന് ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ പറഞ്ഞു.