ഇസ്രായേലിനെ ലക്ഷ്യമിട്ട ഇറാന്റെ മിസൈൽ ആക്രമണത്തിൽ മൂന്ന് ഫലസ്തീൻ സ്ത്രീകൾ കൊല്ലപ്പെട്ടു
text_fieldsറാമല്ല: ഇസ്രായേലിനെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ആക്രമണത്തിനിടെ മിസൈൽ അവശിഷ്ടം പതിച്ച് വെസ്റ്റ് ബാങ്കിൽ മൂന്ന് ഫലസ്തീൻ സ്ത്രീകൾ കൊല്ലപ്പെട്ടു. ഹിബ്രൂണിന് തെക്കുപടിഞ്ഞാറുള്ള ബെയ്ത് അവ്വയിലെ വനിതാ ഹെയർ സലൂണിന് മുകളിൽ മിസൈൽ അവശിഷ്ടങ്ങളോ യുദ്ധോപകരണങ്ങളോ പതിച്ചാണ് അപകടമുണ്ടായതെന്ന് ഫലസ്തീൻ റെഡ് ക്രസന്റും വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തിലാണ് സലൂണിലുണ്ടായിരുന്ന മൂന്ന് സ്ത്രീകൾ മരിച്ചത്. സംഭവത്തിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. പരിക്കേറ്റ 13 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങൾ മിസൈലുകൾ തകർക്കുമ്പോൾ തെറിച്ചുവീഴുന്ന അവശിഷ്ടങ്ങളാണ് അപകടത്തിന് കാരണമായതെന്ന് ഫലസ്തീൻ അതോറിറ്റിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്തു. ഹിബ്രൂൺ ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചിട്ടുണ്ട്.
മിസൈലുകളിൽ ഉപയോഗിക്കുന്ന 'ക്ലസ്റ്റർ സബ്-മുനിഷൻ' സലൂണിന് മുകളിൽ പതിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. മുമ്പും ഇറാന്റെ വ്യോമാക്രമണങ്ങളിൽ വെസ്റ്റ് ബാങ്കിലെ ഫലസ്തീൻ മേഖലകളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഇവിടെ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യമാണ്. അതേസമയം, ഇസ്രായേലിലെ ഷാരോൺ മേഖലയിലുള്ള മിസൈൽ ആക്രമണത്തിൽ ഒരു വിദേശ തൊഴിലാളി കൊല്ലപ്പെട്ടു. തെൽ അവീവിലെ എട്ടുനില കെട്ടിടത്തിന് ആക്രമണത്തിൽ തീപിടിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രായേൽ പൗരന്മാർക്ക് കൃത്യമായ ബോംബ് ഷെൽട്ടറുകൾ ലഭ്യമാണെങ്കിലും വെസ്റ്റ് ബാങ്കിലെ ഫലസ്തീനികൾക്ക് ഇത്തരം സുരക്ഷാ സംവിധാനങ്ങൾ കുറവാണ്. അയൽപക്കത്തുള്ള ഇസ്രായേൽ സെറ്റിൽമെന്റുകളിലെ സൈറണുകളെയാണ് പലപ്പോഴും ഇവർ മുന്നറിയിപ്പിനായി ആശ്രയിക്കുന്നത്.
ഫെബ്രുവരി 28ന് ഇസ്രായേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ യുദ്ധം ആരംഭിച്ചതിന് പിന്നാലെ മേഖലയിൽ സംഘർഷം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 20 ദിവസത്തിനിടെയുണ്ടായ ഏറ്റുമുട്ടലുകളിൽ ഇറാനിൽ 1,444 പേർ കൊല്ലപ്പെടുകയും 18,551 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലിൽ ഇതുവരെ 15 പേർ കൊല്ലപ്പെട്ടു.


