കുടിയേറ്റക്കാരായ കുട്ടികൾക്ക് രാജ്യം വിടാൻ ഓഫറുമായി ട്രംപ്; സ്വമേധയാ അമേരിക്ക വിട്ടാൽ 2500 ഡോളർ പ്രതിഫലം
text_fieldsമെക്സികോ അതിർത്തിയിൽ നിന്നുള്ള ദൃശ്യം (ഫയൽ)
ലോസാഞ്ചലസ്: രാജ്യത്തെ കുടിയേറ്റക്കാർക്ക് മുമ്പാകെ വിചിത്രമായ ഓഫറുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രക്ഷിതാക്കളുടെ അകമ്പടിയില്ലാതെ രജ്യത്ത് എത്തിയ കുടിയേറ്റക്കാരായ കുട്ടികൾ സ്വമേധയാ അമേരിക്ക വിടുകയാണെങ്കിൽ 2500 ഡോളർ പ്രതിഫലമായി നൽകാനുള്ള നിർദേശവുമായി ട്രംപ് ഭരണകൂടം.
കുടിയേറ്റക്കാർ സ്വമേധയാ രാജ്യം വിടുന്നത് പ്രോത്സാഹിപ്പിക്കുകയെന്ന ഡോണൾഡ് ട്രംപിന്റെ കഴിഞ്ഞ ജൂണിലെ നിർദേശത്തിന്റെ തുടർച്ചയാണ് കുട്ടികൾ രാജ്യം വിടുകയാണെങ്കിൽ പ്രതിഫലം നൽകുമെന്ന പ്രഖ്യാപനം. ആഭ്യന്തര വകുപ്പിനു കീഴിലെ കുടിയേറ്റ, കസ്റ്റംസ് എൻഫോഴ്സ്മെന്റ് വിഭാഗം ഇക്കാര്യം ശരിവെച്ചതായി വാർത്ത ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. 14 വയസ്സു മുതൽ പ്രായമുള്ള കുടിയേറ്റക്കാരായ കുട്ടികളാണ് ഈ ഇളവിന് അർഹർ.
താൽപ്പര്യമുള്ളവർക്ക് നിയമ സേവന ദാതാക്കൾ വഴി 24 മണിക്കൂറിനുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുമെന്നും ഹോംലാൻഡ് സെക്യുരിറ്റി വിഭാഗം നോട്ടീസിൽ അറിയിച്ചു. അതേസമയം, കസ്റ്റഡിയിലുള്ളവരോ, മെക്സികോയിൽ നിന്നുള്ള കുടിയേറ്റക്കാരോ ആയ കുട്ടികൾ പ്രതിഫലത്തിന് അർഹരല്ല.
സ്വമേധയാ രാജ്യം വിടാൻ സന്നദ്ധരാവുന്ന മുതിർന്നവർക്ക് ആയിരം ഡോളർ പ്രതിഫലം നൽകുമെന്ന നേരത്തെ ട്രംപ് ഭരണകൂടം അറിയിച്ചിരുന്നു. ഇതിനായി 250 ദശലക്ഷം ഡോളറാണ് നീക്കിവെച്ചത്.
ഇമിഗ്രേഷൻ ജഡ്ജിയുടെ അംഗീകാരത്തോടെ മാത്രമേ പണം നൽകൂ. കുട്ടികളുടെ സുരക്ഷിതമായ മടക്കം അധികൃതർ ഉറപ്പാക്കണമെന്നും നിർദേശിച്ചു.
അതേസമയം, ഡോണൾഡ് ട്രംപിന്റെ നടപടിക്കെതിരെ കടുത്ത വിമർശനവുമായി മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തി. ക്രൂരമായ തന്ത്രമെന്നായിരുന്നു കുട്ടികളുടെ സുരക്ഷക്കായി പ്രവർത്തിക്കുന്ന സംഘടനയുടെ പ്രസിഡന്റ് വെൻഡി യംങ് പ്രതികരിച്ചത്.
ജീവിതവും സുരക്ഷയും അപകടത്തിലാക്കിയ സാഹചര്യങ്ങളിലേക്ക് മടങ്ങാൻ നിർബന്ധിക്കുന്നതിനുപകരം സുരക്ഷ തേടിയെത്തിയ കുട്ടികൾ നമ്മുടെ സംരക്ഷണമാണ് അർഹിക്കുന്നതെന്ന് വെൻഡി യംങ് പറഞ്ഞു.
2019 മുതൽ ആറ് ലക്ഷത്തിൽ അധികം കുട്ടികളാണ് മെക്സികോ അതിർത്തി കടന്ന് അമേരിക്കയിൽ കുടിയേറിയതെന്നാണ് കണക്കുകൾ