പകരച്ചുങ്കം താൽക്കാലികമായി മരവിപ്പിച്ച് ട്രംപ്; ചൈനക്ക് മാത്രം 125 ശതമാനം തീരുവ
text_fieldsവാഷിങ്ടൺ: ആഗോളവിപണിയിലെ തകർച്ചക്കു പിന്നാലെ, പകരച്ചുങ്കത്തിന് 90 ദിവസത്തെ ഇടവേള പ്രഖ്യാപിച്ച് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതുവരെ 10 ശതമാനം മാത്രമായിരിക്കും തീരുവ. എന്നാൽ, ചൈനയുമായുള്ള കൊമ്പുകോർക്കൽ തുടരാനാണ് തീരുമാനമെന്ന് വ്യക്തമാക്കി ആ രാജ്യത്തുനിന്നുള്ള ഇറക്കുമതിക്ക് തീരുവ 125 ശതമാനമാക്കി.
ട്രംപിന്റെ ആദ്യ പ്രഖ്യാപനത്തോടെ ഒരു വശത്ത് അമേരിക്കയും മറുവശത്ത് മറ്റെല്ലാ രാജ്യങ്ങളും എന്ന അവസ്ഥ വന്നിരുന്നു. ഇത് വ്യാപാര യുദ്ധത്തിനും മാന്ദ്യത്തിനും വരെ കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ സ്വഭാവം മാറ്റി യു.എസും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം എന്ന നിലയിലേക്കാണ് പുതിയ തീരുമാനം വരുന്നത്. പ്രഖ്യാപനത്തിനുപിന്നാലെ യു.എസ് വിപണിയിൽ കുതിപ്പ് അനുഭവപ്പെട്ടു.
എന്നാൽ, യു.എസ് താരിഫ് നയം എങ്ങനെയാകുമെന്നതിന്റെ വിശദാംശങ്ങൾ വന്നിട്ടില്ല. 75ലധികം രാജ്യങ്ങൾ വിഷയത്തിൽ ചർച്ചവേണമെന്ന അഭ്യർഥനയുമായി അമേരിക്കയെ സമീപിച്ചതിനാലാണ് 90 ദിവസത്തേക്ക് തീരുമാനം മരവിപ്പിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ചൈന ലോകവിപണിയോട് ബഹുമാനക്കുറവ് കാണിച്ചതിനാൽ അവരുടെ ഉൽപന്നങ്ങൾക്കുള്ള തീരുവ 125 ശതമാനമാക്കുകയാണെന്നും ട്രംപ് പറഞ്ഞു.