അമേരിക്കയിൽ ഔഡി 4 ബില്യൺ ഡോളറിന്റെ ഫാക്ടറി നിർമിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം
text_fieldsജർമൻ കാർ നിർമാതാക്കളായ ഔഡി ജോർജിയയിൽ 4 ബില്യൺ ഡോളർ ചെലവിൽ അസംബ്ലി പ്ലാന്റ് നിർമിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. പ്ലാന്റിൽ പ്രതിവർഷം 2,00,000 എസ്.യു.വികൾ നിർമിക്കുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കയിൽ ഫാക്ടറി നിർമിക്കാനുള്ള കമ്പനിയുടെ തീരുമാനത്തിന് കാരണം തന്റെ താരിഫ് നയങ്ങളാണെന്ന് യു.എസ് പ്രസിഡന്റ് അവകാശപ്പെട്ടു.
ഇടക്കാല തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിർമാണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ട്രംപ് ഉൽപ്പാദനം അമേരിക്കയിലേക്ക് മാറ്റാൻ വിദേശ-ആഭ്യന്തര വ്യവസായ സ്ഥാപനങ്ങൾക്ക് മേൽ സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. കാർ ഇറക്കുമതിക്ക് മേൽ വൻതോതിൽ താരിഫ് ചുമത്തുന്നത് ഉൾപ്പെടെയുള്ള തന്ത്രങ്ങളാണ് അദ്ദേഹം ഇതിനായി ഉപയോഗിച്ചത്. കഴിഞ്ഞ വർഷം, ട്രംപിന്റെ താരിഫുകൾ കാരണം ഔഡിക്ക് 1.2 ബില്യൺ യൂറോയുടെ ($1.4 ബില്യൺ) നഷ്ടമുണ്ടായിരുന്നു.
ഇടക്കാല തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കൻ നിർമാണ മേഖലയെ പുനരുജ്ജീവിപ്പിക്കുമെന്ന തന്റെ വാഗ്ദാനം പാലിച്ചുകൊണ്ട്, നിർണായക സംസ്ഥാനമായ ജോർജിയയിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥികളുടെ സാധ്യതകൾ വർധിപ്പിക്കാനുള്ള ട്രംപിന്റെ അവസാനഘട്ട ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ പ്രഖ്യാപനം. വിലക്കയറ്റവും ഇറാനിൽ തുടരുന്ന യുദ്ധവും കാരണം നവംബർ 3ന് നടക്കുന്ന വോട്ടെടുപ്പിൽ തിരിച്ചടികൾ നേരിടേണ്ടി വരുമെന്ന ആശങ്കയിലാണ് റിപ്പബ്ലിക്കൻ പാർട്ടി.
ഫോക്സ്വാഗണിന്റെ ഉടമസ്ഥതയിലുള്ള ഔഡി, ഉൽപ്പാദന പ്ലാന്റിന്റെ നിർമാണം അടുത്ത വർഷം ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്നും 2030കളുടെ തുടക്കത്തിൽ കാർ ഉൽപ്പാദനം ആരംഭിക്കുമെന്നും അറിയിച്ചു. പ്ലാന്റിൽ ഔഡി Q7, Q8, Q9 എസ്.യു.വികൾ അസംബിൾ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് റിപ്പോർട്ട്. നിക്ഷേപം ഏകദേശം 4,500 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി അറിയിച്ചു.


