ഞായറാഴ്ച ഇറാൻ ആക്രമിക്കപ്പെട്ടേക്കാം; അല്ലെങ്കിൽ മനോഹരമായ കരാറിലെത്താം: ഭീഷണി ആവർത്തിച്ച് ട്രംപ്
text_fieldsഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനെതിരെ വീണ്ടും കനത്ത ആക്രമണത്തിന് യു.എസ് നീക്കം നടത്തുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ഭീഷണി ആവർത്തിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യു.എസ് നാളെ (ഞായറാഴ്ച) തന്നെ ഇറാന് നേരെ ആക്രമണം നടത്താമെന്നും, അല്ലെങ്കിൽ ഇറാനുമായി ഒരു "വലിയ, മനോഹരമായ" കരാറിലെത്താമെന്നും ട്രംപ് പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. "ഞാൻ അത് ചെയ്യാൻ പോകുകയാണോ ഇല്ലയോ എന്ന് നിങ്ങളോട് പറയുമെന്ന് നിങ്ങൾ ശരിക്കും കരുതുന്നുണ്ടോ?" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എസുമായി ഒരു കരാറിലെത്തുന്നതിലൂടെ ഇറാന് തുടർ സൈനിക നടപടികൾ ഒഴിവാക്കാൻ കഴിയുമെന്ന് ട്രംപ് പറഞ്ഞു. "അവർക്ക് ഒരു കരാറിലെത്താൻ ആഗ്രഹമുണ്ട്, എന്നാൽ പ്രശ്നം എന്തെന്നാൽ, അവർ ആ കരാർ പാലിക്കുമോ എന്നതാണ്?" എന്ന് ട്രംപ് കൂട്ടിച്ചേർത്തു.
ഇറാൻ എപ്പോഴെങ്കിലും ഒരു ആണവായുധം വികസിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യം. ബി-2 ബോംബർ വിമാനങ്ങൾ ഉൾപ്പെട്ട മുൻ യുഎസ് നീക്കങ്ങൾ ശാശ്വതമായ ഒരു ഫലം ഉറപ്പുനൽകാൻ പര്യാപ്തമായിരുന്നില്ല. ഇക്കാര്യത്തിൽ ശാശ്വതമായ ഫലം ഉണ്ടാക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. ഹുർമുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പൽ ഗതാഗതം വർദ്ധിച്ചെന്ന് അവകാശവാദം ട്രംപ് ആവർത്തിച്ചു."എനിക്ക് ഇത് അവസാനിപ്പിക്കേണ്ടി വന്നേക്കാം, അല്ലെങ്കിൽ ചിലപ്പോൾ അവർ ഒരു കരാറിലെത്തിയേക്കാം," ട്രംപ് പറഞ്ഞു. "പക്ഷേ എനിക്ക് ഉറപ്പില്ല. എങ്ങനെയായാലും, ജയം നമുക്കാണ്."കഴിഞ്ഞ ഫെബ്രുവരി 28ന് ആരംഭിക്കുകയും പശ്ചിമേഷ്യയിൽ വലിയൊരു സംഘർഷത്തിലേക്ക് നയിക്കുകയും ചെയ്തിരിക്കുന്നു. ഇറാനൊപ്പം യുദ്ധത്തിൽ പങ്കുചേർന്ന ഹൂതികൾ സൗദി അറേബ്യയിൽ മക്കയ്ക്ക് നേരെ ആക്രമണം നടത്തിയത് മേഖലയെ ഏറെ അസ്വസ്ഥമാക്കിയിരിക്കുകയാണ്.
താൽക്കാലിക കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ തകർത്തത് അമേരിക്കയാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആവർത്തിച്ചു. അമേരിക്കക്കാർ "എല്ലാം നശിപ്പിച്ച ഭീരുക്കളാണ്" എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കരാർ അന്തിമമാക്കാനായി ടെഹ്റാൻ ഇപ്പോഴും മുൻകൈ എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുനേരെ ആക്രമണമുണ്ടായാൽ കനത്ത തിരിച്ചടി നൽകുമെന്നും ഇറാൻ വ്യക്തമാക്കി.


