തുടരെയുള്ള വെടിവെപ്പ്; വൈറ്റ് ഹൗസ് ബോൾറൂം നിർമാണം പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ട്രംപ് വീണ്ടും കോടതിയിൽ
text_fieldsവാഷിങ്ടൺ: വൈറ്റ് ഹൗസിൽ പുതിയ ബോൾറൂം നിർമിക്കുന്നതിന് തടസ്സമായി നിൽക്കുന്ന കോടതി ഉത്തരവ് നീക്കണമെന്ന ആവശ്യവുമായി ട്രംപ് ഭരണകൂടം വീണ്ടും കോടതിയെ സമീപിച്ചു. നിർമാണ സ്ഥലത്തിന് സമീപം നടന്ന വെടിവെപ്പുകൾ ഉൾപ്പെടെയുള്ള സുരക്ഷാ ഭീഷണികൾ ചൂണ്ടിക്കാട്ടിയാണ് നീക്കം.
നിർമാണം പൂർത്തിയാക്കുന്നത് അടിയന്തര പ്രാധാന്യമുള്ള കാര്യമാണെന്ന് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് കോടതിയിൽ സമർപ്പിച്ച ഹരജിയിൽ വ്യക്തമാക്കി. പ്രസിഡന്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും ഭരണഘടനാപരമായ കടമകൾ നിർവഹിക്കുന്നതിനും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ബോൾറൂം അനിവാര്യമാണെന്നാണ് ഭരണകൂടത്തിന്റെ വാദം.
കഴിഞ്ഞ ശനിയാഴ്ച വൈറ്റ് ഹൗസ് സുരക്ഷാ ചെക്ക്പോയിന്റിന് സമീപം നടന്ന വെടിവെപ്പ് സംഭവത്തെയാണ് അധികൃതർ പ്രധാനമായി ചൂണ്ടിക്കാട്ടുന്നത്. ഒരു മാസത്തിനിടെ പ്രസിഡന്റിനെ ലക്ഷ്യമിട്ടുള്ള രണ്ടാമത്തെ ആക്രമണമാണിത്. ഏപ്രിലിൽ വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിനിടെയുണ്ടായ സമാന സംഭവവും ഭരണകൂടം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ബോൾറൂം നിർമാണത്തിന് മാർച്ച് 31ന് ഫെഡറൽ കോടതി താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ‘ദേശീയ സുരക്ഷ’ എന്ന ഒറ്റ വാദത്തിൽ നിർമാണം തുടരാനാകില്ലെന്നും, യു.എസ് കോൺഗ്രസിന്റെ അനുമതി നേടണമെന്നുമാണ് ജഡ്ജി റിച്ചാർഡ് ലിയോൺ ഉത്തരവിട്ടത്.
നിർമാണത്തിനായി നികുതിദായകരുടെ ഒരു ബില്യൺ ഡോളർ പണം ഉപയോഗിക്കാൻ ട്രംപ് ശ്രമിച്ചെങ്കിലും, റിപ്പബ്ലിക്കൻ പാർട്ടിയിലെ തന്നെ പലരും ഇതിനെ എതിർത്തു. പദ്ധതിയുടെ ചെലവ് തുടർച്ചയായി ഉയരുന്നത് വിവാദങ്ങൾക്കും വഴിവെച്ചിട്ടുണ്ട്. 90,000 ചതുരശ്ര അടിയിൽ നിർമിക്കുന്ന ബോൾറൂമിൽ ബങ്കറുകൾ, അത്യാധുനിക ആശുപത്രി സൗകര്യങ്ങൾ, ഡ്രോൺ പ്രതിരോധ സംവിധാനങ്ങൾ, സ്‌നൈപ്പർ കേന്ദ്രങ്ങൾ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടുമെന്ന് ഭരണകൂടം അറിയിച്ചു.


