ഗസ്സയിൽ അന്താരാഷ്ട്ര സേന ഉടനെന്ന് ട്രംപ്
text_fieldsഗസ്സ സിറ്റി: ഹമാസ് ഭരിച്ച ഗസ്സയിൽ പുതിയ അധികാര സമവാക്യങ്ങളുമായി പുതിയ അന്താരാഷ്ട്ര ഇടക്കാല സേന ഉടൻ എത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസുമായി പ്രശ്നമുണ്ടാകുന്ന പക്ഷം ഇടപെടാൻ വൻശക്തി രാജ്യങ്ങൾ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഇടക്കാല സേനക്ക് രണ്ടു വർഷം ഭരണ ചുമതല നൽകുന്ന ചർച്ചകൾ യു.എസ് രക്ഷാസമിതിയിൽ ആരംഭിക്കാനിരിക്കെയാണ് പ്രഖ്യാപനം. ഈജിപ്ത്, ഖത്തർ, യു.എ.ഇ, സൗദി അറേബ്യ, തുർക്കി എന്നിവയുടെ പിന്തുണയോടെ 20,000 സൈനികരാണ് എത്തുക. ഹമാസിന്റെ നിരായുധീകരണവും ഇവരുടെ ചുമതലയാകും.
അതേസമയം, വെടിനിർത്തൽ നിലവിൽവന്ന ശേഷം 190ലേറെ ആക്രമണങ്ങളിലായി 240 ഫലസ്തീനികൾ കൊല്ലപ്പെട്ടതിനിടെ ഗസ്സക്ക് പുതിയ ഭീഷണിയായി ഇസ്രായേൽ പിന്തുണക്കുന്ന സായുധ റിബൽ സംഘങ്ങൾ. ഇസ്രായേൽ സൈന്യം നിലയുറപ്പിച്ച മേഖലകളോട് ചേർന്നാണ് ഇവർ ആയുധമെടുത്ത് സംഘർഷം തുടരുന്നത്.
വെടിനിർത്തൽ നിലവിൽ വന്നതിന് പിറ്റേന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ അൽജഅ്ഫറാവിയെ ഇത്തരം സംഘങ്ങളിലൊന്ന് തട്ടിക്കൊണ്ടുപോയി അറുകൊല നടത്തിയിരുന്നു. തുടർന്നും ഇത്തരം സംഘങ്ങൾ ഗസ്സയിലുടനീളം സംഘട്ടനങ്ങൾ സൃഷ്ടിക്കുകയാണ്. ഗസ്സയിലെ നാല് പ്രവിശ്യകളിലായി നാല് മിലീഷ്യ സംഘങ്ങളാണ് ഇസ്രായേൽ പിന്തുണയിൽ പ്രവർത്തിക്കുന്നത്. ആയിരക്കണക്കിന് പൊലീസുകാരെ വെച്ച് ഹമാസ് ഇവരെ അടിച്ചമർത്താൻ നടത്തിയ ശ്രമങ്ങൾ ഇതുവരെ പൂർണമായി വിജയം കണ്ടിട്ടില്ല. പ്രശ്നം കൂടുതൽ കലുഷിതമായി നിർത്തി ഹമാസിനെ ദുർബലമാക്കാമെന്നാണ് ഇസ്രായേൽ കണക്കുകൂട്ടൽ.


