തായ്‌ലൻഡ് - കംബോഡിയ വെടിനിർത്തലിന്‍റെയും ക്രെഡിറ്റെടുത്ത് ട്രംപ്; ‘ഇന്ത്യ - പാകിസ്താൻ പോലെ...’
text_fieldsവാഷിങ്ടൺ: തായ്‌ലൻഡ് - കംബോഡിയ വെടിനിർത്തലിന്‍റെയും ക്രെഡിറ്റ് ഏറ്റെടുത്ത് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി സംസാരിച്ച ശേഷം വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയായിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുണ്ടായ സംഘർഷവുമായാണ് അദ്ദേഹം സാഹചര്യത്തെ താരതമ്യം ചെയ്തത്.
സ്കോട്ട്‌ലൻഡിൽ സന്ദർശന നടത്തുന്ന ട്രംപ് തന്‍റെ ട്രൂത്ത് സോഷ്യലിൽ ഇക്കാര്യത്തിൽ നിരവധി പ്രസ്താവനകൾ നടത്തി. കംബോഡിയ, തായ്‍ലൻഡ് പ്രധാനമന്ത്രിമാരുമായി സംസാരിച്ചു. ഇരു കക്ഷികളും ഉടനടി വെടിനിർത്തലും സമാധാനവും തേടുകയാണ്. അവർക്ക് ദീർഘവും ചരിത്രപരവുമായ ചരിത്രവും സംസ്കാരവുമുണ്ട്. വരും വർഷങ്ങളിൽ അവർ ഒത്തുചേരുമെന്ന് പ്രതീക്ഷിക്കുന്നു. സങ്കീർണ്ണമായ ഒരു സാഹചര്യത്തെ ലളിതമാക്കാൻ ഞാൻ ശ്രമിക്കുകയാണ്. ഈ യുദ്ധത്തിൽ നിരവധി ആളുകൾ കൊല്ലപ്പെടുന്നുണ്ട്, ഇത് ഇന്ത്യയും പാകിസ്താനും തമ്മിലെ സംഘർഷത്തെയാണ് ഓർമ്മിപ്പിക്കുന്നന്നത് -ട്രംപ് കുറിച്ചു.
കഴിഞ്ഞ ദിവസവും തായ്‍ലൻഡ്-കംബോഡിയ അതിർത്തിയിലുണ്ടായ വെടിവെപ്പിൽ പത്തിലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 20ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിർത്തിയിലെ വിവിധ ഭാഗങ്ങളിലായി ആറിടത്ത് ഏറ്റുമുട്ടലുണ്ടായി. മേയ് മാസത്തിൽ വെടിവെപ്പിൽ കംബോഡിയൻ സൈനികൻ കൊല്ലപ്പെട്ടത് മുതൽ മേഖലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. അതിർത്തിപ്രദേശങ്ങളിൽനിന്ന് നൂറുകണക്കിനാളുകളാണ് ഒഴിഞ്ഞുപോയത്.