മാധ്യമ വേട്ട കടുപ്പിക്കാൻ ട്രംപ്; തന്നെ മോശക്കാരനാക്കുന്ന ടി.വി നെറ്റ്‌വർക്കുകളുടെ ലൈസൻസ് നഷ്ടപ്പെട്ടേക്കുമെന്ന് മുന്നറിയിപ്പ്
text_fieldsവാഷിങ്ടൺ: തനിക്കെതിരായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്യുന്ന ടി.വി നെറ്റ്‌വർക്കുകളുടെ ലൈസൻസുകൾ എടുത്തുകളഞ്ഞേക്കുമെന്ന മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രശസ്ത ജനപ്രിയ അവതാരകൻ ജിമ്മി കിമ്മലിന്റെ സംപ്രേഷണം എ.ബി.സി ചാനൽ നിർത്തലാക്കിയതിനു പിന്നാലെയാണ് ട്രംപ് സ്വരം കടുപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച യൂട്ടാവാലിയിൽ യാഥാസ്ഥിതികവാദിയായ ചാർലി കിർക്കിന്റെ കൊലയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശമത്തെ തുടർന്നാണ് ജിമ്മി കിമ്മലിനെ എ.ബി.സി സസ്‌പെൻഡ് ചെയ്തത്.
ട്രംപ് ഭരണകൂടം അതിന്റെ വിമർശകരുടെ അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന ആശങ്കയിലാണ് ഈ നിരയിലുള്ള മറ്റ് ടോക്ക് ഷോ അവതാരകർ. ഇത് വ്യക്തമായ സെൻസർഷിപ്പാണെന്ന് സ്റ്റീഫൻ കോൾബെർട്ട് സി.ബി.എസ് ഷോയിൽ പറഞ്ഞു. ഒരു സ്വേച്ഛാധിപതിയെ സംബന്ധിച്ചിടത്തോളം ഒരു ഇഞ്ച് പോലും വിട്ടുതരാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ടെലിവിഷൻ നെറ്റ്‌വർക്കുകൾ 97ശതമാനം എനിക്കെതിരെ ആയിരുന്നു. എന്നിട്ടും കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ ഞാൻ വിജയിച്ചു. അതും എളുപ്പത്തിൽ’- ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. അവർ എനിക്ക് മോശം പ്രചാരണം മാത്രമാണ് നൽകുന്നത്. അവർക്ക് ലൈസൻസ് ഉള്ളതുകൊണ്ടാണത്. അവരുടെ ലൈസൻസ് എടുത്തുകളയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ എന്നും ട്രംപ് കൂട്ടിച്ചേർത്തു.
‘മാഗ’ (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ) എന്ന തെരഞ്ഞെടുപ്പ് മുദ്രാവാക്യത്തിനു ചുറ്റും അണിനിരന്ന ട്രംപ് പിന്തുണക്കാർ കിർക്കിന്റെ കൊലയിൽനിന്ന് രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുകയാണെന്നായിരുന്നു തന്റെ ഷോയിൽ 57കാരനായ കിമ്മൽ നടത്തിയ പരാമർശം.
കിമ്മലിന്റെ പ്രസ്താവനകൾ കുറ്റകരവും വിവേക രഹിതമായിരുന്നു എന്നു കാണിച്ച്, അമേരിക്കയിലെ ഏറ്റവും വലിയ ടി.വി സ്റ്റേഷൻ ഉടമകളിൽ ഒന്നായ ‘നെക്‌സ്‌സ്റ്റാർ മീഡിയ’ പ്രസ്തുത ഷോ ഭാവിയിൽ സംപ്രേഷണം ചെയ്യില്ലെന്ന് പറഞ്ഞതിനു തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ സസ്‌പെൻഷനും പ്രഖ്യാപിച്ചു. അമേരിക്കക്ക് ഇത് വലിയ വാർത്തയാണെന്നായിരുന്നു കിമ്മലിന്റെ ഷോ നിർത്തിവെച്ചതിനോടുള്ള ട്രംപിന്റെ പ്രതികരണം.
ഇതിനുപുറമെ, തനിക്കെതിരെ മോശം ഉള്ളടക്കങ്ങൾ പ്രസിദ്ധീരിച്ചുവെന്നാരോപിച്ച് ന്യൂയോർക്ക് ടൈംസിനെതിരെ 150കോടി ഡോളറിന്റെ അപകീർത്തി കേസും ട്രംപ് നൽകിയിട്ടുണ്ട്. എന്നാൽ, ട്രംപിന്റെ വിരട്ടലിന് വഴങ്ങില്ലെന്നാണ് ന്യൂയോർട്ട് ടൈംസ് സി.ഇ.ഒയുടെ പ്രതികരണം.