മസ്ക് പടിയിറങ്ങുന്നതോടെ ഡോജിന്റെ ഭാവിയും അനിശ്ചിതത്വത്തിൽ; പ്രവർത്തനം ചുരുക്കും
text_fieldsവാഷിങ്ടൺ: ഇലോൺ മസ്ക് പടിയിറങ്ങുന്നതോടെ ഡോജിന്റെ യു.എസ് സർക്കാറിലുള്ള സ്വാധീനവും കുറയുമെന്ന് സൂചന. ഡോജിന്റെ പ്രവർത്തനങ്ങളിൽ ട്രംപ് ഭരണകൂടത്തിലെ പലർക്കും കടുത്ത അതൃപ്തിയുണ്ട്. ഇതിന്റെ പേരിൽ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയോ മസ്കുമായി കൊമ്പുകോർത്തിരുന്നു.
വലിയ രീതിയിൽ ജീവനക്കാരെ പിരിച്ചുവിടുന്നതിൽ ഉൾപ്പടെ യു.എസ് സർക്കാറിലെ പലർക്കും പ്രതിഷേധമുണ്ട്. ഇതിന് പുറമേ ഡോജിന്റെ ഇടപെടലുകളിൽ കാബിനറ്റ് സെക്രട്ടറിമാർക്ക് അതൃപ്തിയുണ്ട്. സ്വതന്ത്രമായി തീരുമാനമെടുക്കാൻ തങ്ങളെ അനുവദിക്കണമെന്നാണ് വിവിധ കാബിനറ്റ് സെക്രട്ടറിമാരുടെ ആവശ്യം.
ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‍ലയുടെ വിൽപനയിലും ലാഭത്തിലും വൻ ഇടിവുണ്ടായതിന് പിന്നാലെ അമേരിക്കൻ സർക്കാറിലെ പങ്കാളിത്തം ചുരുക്കുമെന്നു പ്രഖ്യാപിച്ച് ഉടമ ഇലോൺ മസ്ക്.പ്രസിഡന്റ് ഡോണൾഡ് ട്രംപ് പുതുതായി രൂപവത്കരിച്ച സർക്കാർ കാര്യക്ഷമതാ വകുപ്പിന്റെ (ഡോജ്) ചുമതലക്കാരനാണ് മസ്ക്. സർക്കാറിന്റെ ചെലവ് ചുരുക്കുകയാണ് വകുപ്പിന്റെ ലക്ഷ്യം. അടുത്തമാസം മുതൽ ‘ഡോജി’നുവേണ്ടി ചെലവഴിക്കുന്ന സമയം കുറക്കുമെന്നാണ് മസ്ക് അറിയിച്ചിരിക്കുന്നത്.
ടെസ്‍ലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്ന് ആരോപണമുയർന്നതിന് പിന്നാലെയാണ് പ്രഖ്യാപനം. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമേ ഇനി ‘ഡോജി’നായി ചെലവഴിക്കൂ എന്നാണ് മസ്കിന്റെ തീരുമാനം.