റഷ്യയിൽ വൻ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.8 തീവ്രത
text_fieldsമോസ്കോ: റഷ്യയിലെ കിഴക്കൻ പ്രവിശ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കംചത്ക ഉപദ്വീപിലാണ് സംഭവമുണ്ടായത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാവിലെയാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിലുണ്ടായ നാശനഷ്ടങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇപ്പോൾ പുറത്ത് വന്നിട്ടില്ല. ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രണ്ടടി ഉയരത്തിലുള്ള തിരമാലകളുണ്ടാവുമെന്നാണ് പ്രവചനം.
കംചത്കയുടെ തലസ്ഥാനമായ പെട്രോപവ്‌ലോസ്‌ക്-കംചതസ്‌കിയില്‍ നിന്ന് 128 കിലോമീറ്റര്‍ അകലെയാണ് 10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. തുടർച്ചയായി ഭൂചലനങ്ങൾ നടക്കുന്ന പസഫിക് സമുദ്രത്തിലെ റിങ് ഓഫ് ഫയർ മേഖലയിലാണ് ഇപ്പോൾ ഭൂചലനമുണ്ടായ കംചതസ്ക ഉപദ്വീപ് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ ജൂലൈയിലും ഇവിടെ ഭൂചലനമുണ്ടായിരുന്നു. അന്ന് റിക്ടർ സ്കെയിലിൽ 8.8 തീവ്രതരേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. തുടർന്നുണ്ടായ സുനാമിയെ തുടർന്ന് തീരദേശത്തുള്ള ഒരു ഗ്രാമം കടലെടുക്കുകയും ചെയ്തിരുന്നു. അതേസമയം, റഷ്യക്കും ജപ്പാനുമിടയിൽ സ്ഥിതി ചെയ്യുന്ന കുർലിൽ ദ്വീപുകൾക്കും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റഷ്യയിലെ എമർജൻസി മിനിസ്ട്രിയാണ് മുന്നറിയിപ്പ് നൽകിയത്. അലാസ്കയുടെ ചില ഭാഗങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.