വീണ്ടും വരുന്നു, ഹിജാസ് റെയിൽവേ; തുർക്കിയ, സിറിയ, ജോർദാൻ രാജ്യങ്ങൾ തമ്മിൽ ധാരണ
text_fieldsനൂറ്റാണ്ടിലേറെ വിസ്മൃതിയിലാണ്ടുകിടന്ന ഹിജാസ് റെയിൽവേ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു. സിറിയ, ജോർദാൻ വഴി സൗദി അറേബ്യയിലെ മദീന വരെ ഉണ്ടായിരുന്ന അതിബൃഹത്തായ റെയിൽവേ നെറ്റ്വർക്കിനാണ് വീണ്ടും ജീവൻ വെക്കുന്നത്. ഒന്നാം ലോക മഹായുദ്ധത്തിലും ഓട്ടോമൻ സാമ്രാജ്യത്തിനെതിരായ അറബ് വിപ്ലവത്തിലും തകർന്ന് മണ്ണടിഞ്ഞ റെയിൽവേ ലൈൻ പുനരുജ്ജീവിപ്പിക്കാൻ തുർക്കിയ, സിറിയ, ജോർദാൻ രാജ്യങ്ങൾ തമ്മിൽ ധാരണയായി. സെപ്റ്റംബർ 11 ന് ജോർദാൻ തലസ്ഥാനമായ അമ്മാനിൽ നടന്ന മൂന്നു രാഷ്ട്രങ്ങളുടെയും ഗതാഗത മന്ത്രാലയങ്ങളുടെ ടെക്നിക്കൽ മീറ്റിങിലാണ് തീരുമാനം. പദ്ധതിയുടെ കരടിന് യോഗം അംഗീകാരം നൽകി. സമ്പൂർണ കരാർ വരും മാസങ്ങളിൽ മന്ത്രിതല യോഗത്തിൽ ഒപ്പുവെക്കും. പദ്ധതിയുടെ സമ്പൂർണ പദ്ധതി രേഖ തുർക്കിയയാകും തയാറാക്കുക.
യഥാർഥ റെയിൽവേ ലൈൻ മദീന വരെ ഉണ്ടായിരുന്നുവെങ്കിലും ആദ്യഘട്ടത്തിൽ ജോർദാൻ വരെ മാത്രമേ വികസിപ്പിക്കുന്നുള്ളു. സൗദി അറേബ്യൻ അതിർത്തിയിലെ ജോർദാൻ നഗരമായ മുദവ്വറ ആയിരിക്കും നിലവിലെ അവസാന സ്റ്റോപ്പ്. ചർച്ചയുടെ തുടർ ഘട്ടങ്ങളിൽ സൗദി അറേബ്യയും പദ്ധതിയുടെ ഭാഗമാകുമെന്നും അങ്ങനെ വന്നാൽ മദീന വരെ എത്തിക്കാമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ സൗദി അറേബ്യയുടെ റെയിൽവേ ശൃംഖല ജോർദാൻ അതിർത്തി പട്ടണമായ ഖുറയ്യാത്ത് വരെയുണ്ട്. റിയാദിൽ നിന്ന് അവിടേക്ക് സർവീസുമുണ്ട്. സൗദി അറേബ്യയും ഈ ശൃംഖലയുടെ ഭാഗമായാൽ റിയാദിൽ നിന്ന് ദമാസ്കസിലേക്കും പിന്നീട് ഭാവിയിൽ ഇസ്തംബൂളിലേക്കും ട്രെയിനിൽ സഞ്ചരിക്കാം. യാത്ര, ചരക്കുനീക്കത്തിന് ഉപകരിക്കുമെന്നതിലുപരി മേഖലയുടെ സവിശേഷമായ സമകാലീന രാഷ്ട്രീയ അന്തരീക്ഷത്തിൽ ഐക്യത്തിന്‍റെ കാഹളം മുഴക്കലായും ഹിജാസ് റെയിൽവേയുടെ പുനരുജ്ജീവനം വിലയിരുത്തപ്പെടുന്നു.
സാമ്പത്തിക പ്രതിസന്ധിയിലും മറ്റുപലവിധ പ്രശ്നങ്ങളും അകപ്പെട്ട് ഉഴലുന്ന സിറിയയെ ഈ പദ്ധതിയിൽ മറ്റുരണ്ടുരാഷ്ട്രങ്ങളാകും സഹായിക്കുക. സിറിയയിലെ നഷ്ടപ്പെട്ടുപോയ 30 കിലോമീറ്റർ റെയിൽപാത സ്ഥാപിക്കാൻ തുർക്കിയ മുൻകൈയെടുക്കും. തുർക്കിയ ഗതാഗത മന്ത്രി അബ്ദുൽഖാദിർ ഉറലോഗ്ലു ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം ജോർദാനിൽ നിന്ന് ഡമാസ്കസ് വരെയുള്ള ലോകോമോട്ടീവ് മെയിന്‍റനൻസ്, പാത നവീകരണം തുടങ്ങിയവയിൽ ജോർദാനും സഹായിക്കും.
ഓട്ടോമൻ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമന്‍റെ കാലത്ത് 1908 ലാണ് ഹിജാസ് റെയിൽവേ പ്രവർത്തനം തുടങ്ങിയത്. 1900 മുതൽ എട്ടുവർഷം കൊണ്ടാണ് പദ്ധതി പൂർത്തിയാക്കിയത്. പുണ്യനഗരങ്ങളിലേക്കുള്ള തീർഥാടനവും ചരക്കുനീക്കവും സൗകര്യ പ്രദമാക്കുകയെന്നതായിരുന്നു ലക്ഷ്യം. ദമാസ്കസ് മുതൽ മക്ക വരെ പദ്ധതിയിട്ടെങ്കിലും വിവിധ കാരണങ്ങളാൽ മദീനയിൽ ലൈൻ അവസാനിപ്പിക്കേണ്ടിവന്നു. ജിദ്ദ, യമൻ എന്നിവിടങ്ങളിലേക്കും നീട്ടാനും ആലോചനയുണ്ടായിരുന്നു.
ദമാസ്കസ് മുതൽ മദീന വരെ 1,300 കിലോമീറ്ററായിരുന്നു നീളം. ദമാസ്കസ്, ദെയ്ർ അലി, ശഖ്റ, മഫ്റഖ്, സർഖ, അമ്മാൻ, മഅൻ, മുദവ്വറ, ഹാലത് അമ്മാർ, ദാത് അൽ ഹജ്ജ്, തബൂക്ക്, ഉഖൈദിർ, മദായിൻ സാലിഹ്, അൽഉല തുടങ്ങി 70 ഓളം ചെറുതും വലുതുമായ സ്റ്റേഷനുകളും സ്റ്റോപ്പുകളും ഉണ്ടായിരുന്നു. ഒന്നാം ലോക മഹായുദ്ധ കാലത്ത് അറബ് വിപ്ലവത്തിന്‍റെ മുന്നണിയിൽ പ്രവർത്തിച്ചിരുന്ന ‘ലോറൻസ് ഓഫ് അറേബ്യ’ എന്ന് അറിയപ്പെട്ട ബ്രിട്ടീഷ് ഏജന്‍റ് ടി.ഇ ലോറൻസിന്‍റെ കാർമികത്വത്തിലാണ് ഹിജാസ് റെയിൽവേ ലൈനുകളും സ്റ്റേഷനുകളും ആക്രമിച്ച് തകർത്തത്. സൗദി അറേബ്യയിലെയും ജോർദാനിലെയും ലൈൻ നല്ലൊരു ഭാഗവും നശിച്ചു. പക്ഷേ, പ്രധാനപ്പെട്ട സ്റ്റേഷനുകൾ മൂന്നുരാജ്യങ്ങളിലും ഇപ്പോഴും നിലനിൽക്കുന്നുണ്ട്. മദീന, തബൂക്ക്, മാഅൻ, വാദി റം, അമ്മാൻ, പോലുള്ള സ്റ്റേഷനുകൾ മ്യൂസിയമായും പ്രവർത്തിക്കുന്നു.