ഗസ്സയിൽ യുദ്ധ ടാങ്ക് തകർത്ത് രണ്ട് ഇസ്രായേൽ സൈനികരെ വധിച്ചു; ഇന്നലെ കൊല്ലപ്പെട്ടത് മൂന്നുപേർ
text_fieldsഖാൻയൂനിസ്: ഫലസ്തീനികളെ കൂട്ടക്കുരുതി ചെയ്യാൻ ഗസ്സയിലെത്തിയ ഇസ്രായേൽ അധിനിവേശ സേനയിലെ രണ്ടുപേരെ യുദ്ധ ടാങ്ക് തകർത്ത് കൊലപ്പെടുത്തി.
ശനിയാഴ്ച വൈകീട്ട് തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലാണ് സംഭവം. ഗോലാനി ബ്രിഗേഡിലെ ടെക്നോളജി ആൻഡ് മെയിന്റനൻസ് കോർപ്സ് കമാൻഡർ അമീർ സാദ് (22), സർജന്റ് ഇനോൺ നുരിയേൽ വാന (20) എന്നിവരാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് സാരമായി പരിക്കേറ്റതായും ഇസ്രായേൽ പ്രതിരോധ സേന ഞായറാഴ്ച അറിയിച്ചു.
ഖാൻ യൂനിസിൽ ഇവർ സഞ്ചരിച്ച ‘നമിർ’ കവചിത വാഹനത്തിൽ ഹമാസ് സംഘം ഘടിപ്പിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഐ.ഡി.എഫ് അറിയിച്ചു. ബോംബ് എങ്ങനെയാണ് പൊട്ടിത്തെറിച്ചതെന്ന് അന്വേഷിക്കുന്നത് തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഖാൻ യൂനിസിൽ തന്നെ മറ്റൊരു യുദ്ധ ടാങ്കിന് നേരെ ഹമാസ് പ്രവർത്തകർ സ്ഫോടകവസ്തു എറിഞ്ഞതായും എന്നാൽ, സ്ഫോടനം നടക്കാത്തതിനാൽ .അകത്തുണ്ടായിരുന്ന ഗോലാനി ബ്രിഗേഡിലെ സൈനികർ പരിക്കേൽക്കാതെ രക്ഷപ്പെട്ടുവെന്നും സൈന്യം അറിയിച്ചു.
ഇരുസംഭവങ്ങളുടെയും ഉത്തരവാദിത്തം ടെലിഗ്രാം ചാനൽ വഴി ഹമാസ് ഏറ്റെടുത്തതായി റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു അനുശോചനം രേഖപ്പെടുത്തി.
അതിനിടെ, കഴിഞ്ഞ ആഴ്ച്ച ഗസ്സയിൽ റോഡരികിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ മറെറാരു ഐ.ഡി.എഫ് സൈനികൻ കൂടി ഇന്നലെ കൊല്ലപ്പെട്ടു. ഇതോടെ ഇന്നലെ മൂന്ന് സൈനികരാണ് കൊല്ലപ്പെട്ടത്. രണ്ടുവർഷത്തിനിടെ ഗസ്സയിൽ മരിച്ച ഇസ്രായേൽ സൈനികരുടെ എണ്ണം 459 ആയതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു.