ചൈനയിൽ കരതൊട്ട് ബാവി ചുഴലിക്കാറ്റ്
text_fieldsബീജിങ്: ചൈനയിൽ കര തൊട്ട് ബാവി ചുഴലിക്കാറ്റ്. ശനിയാഴ്ചയാണ് കിഴക്കന്‍ പ്രവിശ‍്യയായ ഷെയിജങിൽ ബാവി ചുഴലിക്കാറ്റ് വീശിയടിച്ചത്. ഒരാഴ്ചക്കിടെ ചൈനയിൽ ഉണ്ടായ രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. ജൂലൈ മൂന്നിന് ചൈനയുടെ തെക്കന്‍ മേഖലയിൽ മേയ്സാക്ക് ചുഴലിക്കാറ്റ് വീശിയടിച്ചിരുന്നു.
ശനിയാഴ്ച മണിക്കൂറിൽ 144 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാന്‍ സാധ‍്യത നിലനിന്നിരുന്നതിനാൽ മേഖലയിൽ നിന്ന് ഒരു ലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചിരുന്നു. തായ്‍വാനിലും ജപ്പാന്‍റെ തെക്കന്‍ ദ്വീപുകളിലും ശക്തമായ കാറ്റും മഴയും സൃഷ്ടിച്ചതിന് പിന്നാലെയാണ് ബാവി ചൈനയിലേക്ക് കടന്നത്. ഷെജിയങ്ങിലെ തീരദേശനഗരമായ യുഹുവാന്‍ തീരത്തിലൂടെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങി ചുഴലിക്കാറ്റിന്‍റെ തീവ്രത കുറയുമെന്നാണ് വിലയിരുത്തൽ. ബാവി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ 17 പേരാണ് തെക്കന്‍ ഫിലിപ്പിന്‍സിൽ മരണപ്പെട്ടത്.


