'ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രഗത്ഭ; ഐക്യരാഷ്ട്രസഭയെ നയിക്കാൻ ഒരു വനിത എത്തേണ്ട സമയമായി': യു.എൻ 'തലൈവി'യാകാൻ യു.എ.ഇയുടെ ലാ നുസൈബെ, പിന്തുണയേറുന്നു
text_fieldsലാ നുസൈബെ
ന്യൂയോർക്ക്: അടുത്ത ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ പദവിയിലേക്കുള്ള യു.എ.ഇ അംബാസഡർ ലാ നുസൈബെയുടെ സ്ഥാനാർഥിത്വത്തിന് അന്താരാഷ്ട്ര തലത്തിൽ പിന്തുണയേറുന്നു. പ്രമുഖ നയതന്ത്രജ്ഞയായ ലാ നുസൈബെയെ പിന്തുണച്ചുകൊണ്ട് സൈപ്രസ് വിദേശകാര്യ മന്ത്രി കോൺസ്റ്റാന്റിനോസ് കൊമ്പോസും മാലിദ്വീപും രംഗത്തെത്തി. സംഭാഷണങ്ങളിലൂടെയും നയതന്ത്ര ചർച്ചകളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള പ്രഗത്ഭയായ ഒരു വ്യക്തിത്വമാണ് ലാ നുസൈബെയെന്നും, ഐക്യരാഷ്ട്രസഭയെ നയിക്കാൻ ഒരു വനിത എത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നും സൈപ്രസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
നേരത്തെ, ഗൾഫ് സഹകരണ കൗൺസിൽ (GCC) രാജ്യങ്ങൾ ഏകകണ്ഠമായി ലാ നുസൈബെയുടെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചിരുന്നു. ബഹുരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തുന്നതിനും ആഗോള സമാധാനത്തിന് ഐക്യരാഷ്ട്രസഭയുടെ പങ്ക് ഉറപ്പുവരുത്തുന്നതിനുമുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ പിന്തുണയ്ക്ക് പിന്നിലെന്ന് ജി.സി.സി ജനറൽ സെക്രട്ടറി ജാസെം മുഹമ്മദ് അൽബുദൈവി പറഞ്ഞു. ഗാസ ബോർഡ് ഓഫ് പീസ് പ്രതിനിധിയും ബൾഗേറിയൻ മുൻ വിദേശകാര്യ മന്ത്രിയുമായ നികോളായ് മ്ലാഡെനോവും നുസൈബെയുടെ സ്ഥാനാർത്ഥിത്വത്തിന് ആശംസകൾ അറിയിച്ചു.
2013 മുതൽ 2024 വരെ യു.എ.ഇയുടെ ഐക്യരാഷ്ട്രസഭാ സ്ഥിരം പ്രതിനിധിയായി സേവനമനുഷ്ഠിച്ച ലാ നുസൈബെ, വിദേശകാര്യ സഹമന്ത്രി പദവിയും വഹിച്ചിട്ടുണ്ട്. നിലവിൽ യു.എൻ വിമൻ എക്സിക്യൂട്ടീവ് ബോർഡ് പ്രസിഡന്റായി പ്രവർത്തിക്കുകയാണവർ. വിഭജനങ്ങളെ ഇല്ലാതാക്കാനും കൂടുതൽ കാര്യക്ഷമവും സുതാര്യവുമായ രീതിയിൽ പ്രശ്നങ്ങൾ പരിഹരിക്കാനും താൻ മുൻഗണന നൽകുമെന്ന് സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചുകൊണ്ട് ലാ നുസൈബെ വ്യക്തമാക്കി.
നിലവിലെ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ മേധാവിക്കായുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകൾ ഊർജ്ജിതമായി നടക്കുന്നത്. കോസ്റ്റാറിക്ക മുൻ വൈസ് പ്രസിഡന്റ് റെബേക്ക ഗ്രിൻസ്പാൻ, അർജന്റീനയിലെ ആറ്റോമിക് എനർജി ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി തുടങ്ങിയ പ്രമുഖരും ഈ മത്സരരംഗത്തുണ്ട്. ഐക്യരാഷ്ട്രസഭ രൂപീകൃതമായ ശേഷം ഇതുവരെ ഒരു വനിത സെക്രട്ടറി ജനറൽ പദവിയിൽ എത്തിയിട്ടില്ല എന്നതിനാൽ, ലാ നുസൈബെയുടെ സ്ഥാനാർത്ഥിത്വം ഏറെ പ്രാധാന്യത്തോടെയാണ് ലോകരാജ്യങ്ങൾ വീക്ഷിക്കുന്നത്.


