യു.എസിൽ നിന്ന് പാചകവാതകം വാങ്ങാൻ ഇന്ത്യ; നീക്കം 500 ശതമാനം താരിഫ് ഭീഷണിക്ക് പിന്നാലെ, ഉജ്വല പദ്ധതിയിൽ ഉപഭോഗം വർധിച്ചുവെന്ന് മന്ത്രാലയം
text_fieldsവാഷിങ്ടൺ: ട്രംപ് ഭരണകൂടം സമ്മർദ്ദം ശക്തമാക്കുന്നതിനിടെ യു.എസിൽ നിന്ന് പാചകവാതകം വാങ്ങാൻ കരാറിലൊപ്പിട്ട് ഇന്ത്യ. ഒരു വർഷത്തെ പ്രാരംഭ കരാറിന് കീഴിൽ ഇന്ത്യ യു.എസിൽ നിന്ന് 2.2 ദശലക്ഷം ടൺ ലിക്വിഡ് പെട്രോളിയം ഗ്യാസ് (എൽ.പി.ജി) വാങ്ങും.
ഇന്ത്യൻ വിപണിയിലേക്ക് ഇതാദ്യമായാണ് യു.എസിൽ നിന്ന് ചട്ടപ്പടി കരാർ മുഖേന പാചകവാതകം എത്തിക്കുന്നത്. 2026 ജനുവരി മുതൽ കരാർ പ്രാബല്യത്തിൽ വരും. പൊതുമേഖലാ എണ്ണക്കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ്, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് എന്നിവരാണ് രാജ്യത്ത് വിതരണം കൈകാര്യം ചെയ്യുക. ആഗോള ഭീമന്മാരായ ഷെവ്‌റോൺ, ഫിലിപ്‌സ് 66, ടോട്ടൽ എനർജിസ് ട്രേഡിംഗ് എസ്.എ എന്നിവരുടെ നേതൃത്വത്തിൽ 48 വലിയ ഗ്യാസ് ടാങ്കറുകളിലായി എൽ.പി.ജി ഇന്ത്യയിലേക്ക് എത്തിക്കും.
‘ചരിത്രത്തിലാദ്യം! ലോകത്തിലെ ഏറ്റവും വലുതും അതിവേഗം വളരുന്നതുമായ എൽ.പി.ജി വിപണികളിൽ ഒന്ന് അമേരിക്കയിലേക്ക് തുറക്കുന്നു,’ -ഇന്ത്യൻ പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി തിങ്കളാഴ്ച എക്സിൽ കുറിച്ചു.ഇന്ത്യയിലെ ജനങ്ങൾക്ക് മിതമായ നിരക്കിൽ പാചകവാതകം വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് ഉറവിടങ്ങൾ വൈവിധ്യവൽക്കരിക്കുന്നതിന്റെ ഭാഗമായാണ് യു.എസുമായി കരാറെന്ന് മന്ത്രി കുറിപ്പിൽ പറഞ്ഞു. രാജ്യത്തെ വാർഷിക ഇറക്കുമതിയുടെ 10 ശതമാനം 2026ൽ യു.എസിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ലക്ഷ്യമിടുന്നതാണ് കരാർ. നേരത്തെ, ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം യു.എസിലെത്തി പ്രധാന ഉൽപാദകരുമായി ചർച്ച നടത്തിയിരുന്നു. യു.എസിലെ പ്രധാന എൽ.പി.ജി വിലനിർണ്ണയ കേന്ദ്രമായ മോണ്ട് ബെൽവിയുവിനെ മാനദണ്ഡമാക്കിയാണ് കരാറെന്നും പുരി വ്യക്തമാക്കി.
കരാറനുസരിച്ച് ഇന്ത്യ വാങ്ങുന്ന പാചകവാതകത്തിന്റെ നിരക്ക് ഇനിയും പുറത്തുവന്നിട്ടില്ല. അതേസമയം, 2025 നവംബറിലെ മോണ്ട് ബെൽവിയു വിലനിലവാരമനുസരിച്ച് പ്രൊപ്പെയ്ൻ മെട്രിക് ടണ്ണിന് ഏകദേശം 650 മുതൽ 700 ഡോളറും ( ഏകദേശം 62,000 രൂപ), ബ്യൂട്ടെയ്ൻ ടണ്ണിന് 550 മുതൽ 600 ഡോളറുമാണെന്ന് (ഏകദേശം 53,000 രൂപ) വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ആഗോള വിലയിൽ 60 ശതമാനം വർദ്ധനവുണ്ടായിട്ടും കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഉജ്ജ്വല യോജനയിൽ (പി.എം.യു.വൈ) 14.2 കിലോഗ്രാം സിലിണ്ടറുകൾ സബ്സിഡി നിരക്കായ 500–550 രൂപക്ക് ലഭ്യമാക്കാനായെന്ന് മന്ത്രി കുറിപ്പിൽ പറഞ്ഞു. യഥാർത്ഥ വില 1100 രൂപയായിരിക്കെയായിരുന്നു ഇത്. വില കുറക്കാനായി കഴിഞ്ഞ വർഷം മാത്രം സർക്കാർ 40,000 കോടിയിലധികം രൂപ സബ്സിഡിയായി അനുവദിച്ചതായും മന്ത്രി കുറിപ്പിൽ പറയുന്നു.
യു.എസ് സമ്മർദ്ദവും വൈവിധ്യവൽക്കരണവും
2024-ൽ എൽ.പി.ജി ആവശ്യകതയുടെ 67 ശതമാനത്തിലധികം ഇറക്കുമതി ചെയ്യേണ്ടി വന്നതിന് പിന്നാലെയാണ് മേഖലയിൽ വൈവിധ്യവൽക്കരണത്തിനായി ഇന്ത്യയുടെ ശ്രമം. 2015-ൽ ഇത് 47 ശതമാനമായിരുന്നു. ആഭ്യന്തര ഉൽപ്പാദനത്തിലെ സ്തംഭനവും റിഫൈനറികൾ ഉയർന്ന ലാഭം ലഭിക്കുന്ന പെട്രോകെമിക്കലുകളിലേക്ക് ഉത്പാദനം വഴിതിരിച്ചുവിട്ടതുമാണ് കാരണമായി വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷം രാജ്യത്തെ എൽ.പി.ജി മൊത്ത ഉപഭോഗം 28.7 ദശലക്ഷം ടണ്ണിലെത്തിയിരുന്നു. പ്രതിമാസ ശരാശരി 2.6 ദശലക്ഷം ടണ്ണായി ഉയർന്നതിന് പിന്നാലെയായിരുന്നു ഇത്. പി.എം.യു.വൈക്ക് കീഴിൽ ഗുണഭോക്താക്കളുടെ എണ്ണം 10.3 കോടിയും ആകെ ആഭ്യന്തര ഉപഭോക്താക്കളുടെ എണ്ണം 33 കോടിയുമായി വികസിച്ചതാണ് ഇതിന് പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്.
റഷ്യൻ എണ്ണയും പ്രകൃതി വാതകവും വാങ്ങുന്ന രാജ്യങ്ങൾക്ക് 500 ശതമാനം വരെ താരിഫ് ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടമൊരുങ്ങുന്നുവെന്ന വാർത്തകൾക്കിടെയാണ് ഇന്ത്യയുടെ നീക്കമെന്നതും ശ്രദ്ധേയമാണ്. കുറഞ്ഞ നിരക്കിൽ റഷ്യൻ എണ്ണയും വാതകവും വാങ്ങി പുടിന്റെ യുദ്ധ യന്ത്രത്തെ പിന്തുണക്കുന്ന ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ അധിക തീരുവ ചുമത്തുന്നതിലൂടെ മാത്രമേ യുക്രൈയ്ൻ യുദ്ധം അവസാനിപ്പിക്കാനാവൂ എന്ന് യു.എസ് സെനറ്റർമാരായ ലിൻഡ്സെ ഗ്രഹാമും റിച്ചാർഡ് ബ്ലൂമെന്റലും ഞായറാഴ്ച സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയുടെ വാതക ഇറക്കുമതിയുടെ ഭൂരിഭാഗവും ഖത്തർ (27 ശതമാനം), യു.എ.ഇ (26 ശതമാനം), സൗദി അറേബ്യ (19 ശതമാനം) എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്നാണ്. ചെങ്കടലിലെ തടസ്സങ്ങൾക്ക് പുറമെ ഒപെക്+ വെട്ടിക്കുറക്കലുകളിലൂടെ വർധിച്ച അസ്ഥിരതയാണ് ഇന്ത്യയെ യു.എസുമായി കരാറിന് പ്രേരിപ്പിക്കുന്നതെന്നാണ് പെട്രോളിയം മന്ത്രാലയം വ്യക്തമാക്കുന്നത്.


