ഫലസ്തീൻ: ദ്വിരാഷ്ട്ര പരിഹാരം നിര്‍ദേശിക്കുന്ന പ്രമേയം യു.എൻ പൊതുസഭയിൽ പാസായി; അനുകൂലിച്ച് ഇന്ത്യയടക്കം 142 രാജ്യങ്ങൾ
text_fieldsയു.എൻ: ‘ദ്വിരാഷ്ട്ര സ്ഥാപനത്തിലൂടെ ഫലസ്തീൻ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ’ ലക്ഷ്യമിടുന്ന ‘ന്യൂയോർക് പ്രഖ്യാപന’ പ്രമേയം ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ പാസായി. പ്രമേയത്തിന് അനുകൂലമായി ഇന്ത്യയടക്കം 142 രാജ്യങ്ങൾ വോട്ട് ചെയ്തു. ഇസ്രയേൽ, അമേരിക്ക, അർജന്റീന, ഹംഗറി തുടങ്ങിയ പത്ത് രാഷ്ട്രങ്ങൾ എതിർത്തു. 12 രാജ്യങ്ങൾ വിട്ടുനിന്നു.
ഫ്രാൻസ് ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ അറബ് രാജ്യങ്ങളെല്ലാം പിന്തുണച്ചു. ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുക, സംഘർഷത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക, മേഖലയിലെ എല്ലാ ജനവിഭാഗങ്ങളുടെയും മികച്ച ഭാവിക്കായുള്ള നടപടികൾ സ്വീകരിക്കുക തുടങ്ങിയ കാര്യങ്ങൾക്കാണ് പ്രമേയം ആഹ്വാനം ചെയ്യുന്നത്.
അടുത്തിടെ ഐക്യരാഷ്ട്ര സഭ പൊതുസഭയിൽ ഗസ്സ വിഷയത്തിൽ വോട്ടെടുപ്പ് വരുമ്പോൾ വിട്ടുനിൽക്കുകയായിരുന്നു ഇന്ത്യ. ഗസ്സ വിഷയത്തിൽ മൂന്ന് വർഷത്തിനിടെ നാലു വട്ടം ഇന്ത്യ വോട്ടെടുപ്പിൽനിന്നും വിട്ടുനിന്നിരുന്നു. എന്നാൽ, ഈ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു.
ഇസ്രായേലിനെതിരെ ഉപരോധമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ന്യൂസിലൻഡിൽ കൂറ്റൻ റാലി
വെല്ലിങ്ടൺ: ഇസ്രായേലിനെതിരെ ഉപരോധമേർപ്പെടുത്തണമെന്നാവശ്യപ്പെട്ട് ന്യൂസിലൻഡിൽ കൂറ്റൻ റാലി. ന്യൂസിലൻഡിലെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലൻഡിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ആയിരക്കണക്കിന് പേരാണ് അണി ചേർന്നത്. ഇസ്രായേൽ ഗസ്സയിൽ വംശഹത്യ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ റാലിയാണിതെന്ന് സംഘാടകർ പറഞ്ഞു.
ന്യൂസിലൻഡിലെ മധ്യ-വലതു സഖ്യ സർക്കാർ ഇസ്രായേലിനുമേൽ ഉപരോധം ഏർപ്പെടുത്തണമെന്ന് ഓട്ടേറോവ ഫോർ ഫലസ്തീൻ ആവശ്യപ്പെട്ടു. മാർച്ച് ഫോർ ഹ്യുമാനിറ്റിയിൽ ഏകദേശം 50,000 പേർ പങ്കെടുത്തതായും സംഘടന പറഞ്ഞു. വംശഹത്യയെ അവസാനിപ്പിക്കുക, നട്ടെല്ലോടെ ഫലസ്തീനൊപ്പം തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർന്നതായി റേഡിയോ ന്യൂസിലൻഡ് റിപ്പോർട്ട് ചെയ്തു.
ഗസ്സയിൽ പോകാൻ വിസമ്മതിച്ച് ഇസ്രായേൽ സൈനികർ
തെൽ അവിവ്: ഗസ്സയിലേക്ക് മടങ്ങാൻ ആയിരക്കണക്കിന് സൈനികരോട് ഇസ്രായേൽ ആവശ്യപ്പെടുമ്പോഴും താൽപര്യമില്ലെന്നാണ് മറുപടി ലഭിക്കുന്നതെന്ന് റിപ്പോർട്ട്. ഗസ്സയിൽ സേവനമനുഷ്ഠിക്കുന്നതിൽ സൈനികരുടെ അമ്മമാർക്കും താൽപര്യമില്ല. സൈനിക സേവനം നിരസിച്ചാൽ തടവ് ശിക്ഷ ലഭിക്കുമെങ്കിലും ഗസ്സയിൽ പോരാടാൻ വിസമ്മതിക്കുകയാണ് ചെറുപ്പക്കാരായ സൈനികർ.
രണ്ട് വർഷത്തെ യുദ്ധത്തിൽ ഇത് പുതിയ പ്രതിഭാസമാണെങ്കിലും ഇസ്രായേലിന്റെ സൈനിക നടപടികളെ ബാധിച്ചിട്ടില്ല. ബന്ദികളെ തിരികെ കൊണ്ടുവരാൻ ഹമാസുമായി കരാറിലെത്തുന്നതിനു പകരം പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രാഷ്ട്രീയ ആവശ്യങ്ങൾക്കായി യുദ്ധം നീട്ടിക്കൊണ്ടുപോകുകയാണെന്ന് ആരോപിച്ച് ഇസ്രായേലികൾ പ്രക്ഷോഭം നടത്തുന്നതിനിടെയാണ് സൈനികരുടെ വിസമ്മതം.