ഷട്ട്ഡൗണിൽ വലഞ്ഞ് യു.എസ്; കൂടുതൽ സർവീസുകൾ റദ്ദാക്കി വിമാനകമ്പനികൾ
text_fieldsവാഷിങ്ടൺ: യു.എസ് ഷട്ട്ഡൗൺ ദിവസങ്ങൾ കഴിഞ്ഞിട്ട് തുടരുന്നതിനിടെ വിമാനകമ്പനികൾ കൂടുതൽ സർവീസുകൾ റദ്ദാക്കുന്നു. യുണൈറ്റഡ്, സൗത്ത് വെസ്റ്റ്, ഡെൽറ്റ എയർലൈനുകളാണ് വിമാനസർവീസുകൾ വെട്ടിക്കുറക്കുന്നത്. 40ഓളം വിമാനത്താവളങ്ങളിൽ സർവീസുകൾ റദ്ദാക്കുമെന്നാണ് റിപ്പോർട്ട്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ നിർദേശപ്രകാരമാണ് നടപടി.
ജീവനക്കാരുടെ കുറവ് മൂലം കൂടുതൽ സർവീസുകൾ നടത്താൻ കഴിയാത്ത സാഹചര്യമാണെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വിമാനകമ്പനികളെ അറിയിച്ചതിനെ തുടർന്നാണ് നടപടി. വെള്ളിയാഴ്ച രാവിലേക്ക് മുമ്പ് നാല് ശതമാനം സർവീസുകൾ കുറക്കാനാണ് വിമാനകമ്പനികൾക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ നൽകിയിരിക്കുന്ന നിർദേശം. അതേസമയം, അന്താരാഷ്ട്ര സർവീസുകൾ റദ്ദാക്കരുതെന്ന് വിമാനകമ്പനികൾക്ക് നിർദേശമുണ്ടെന്നാണ് സൂചന.
വെള്ളിയാഴ്ച 170 വിമാനസർവീസുകൾ റദ്ദാക്കുമെന്ന് ഡെൽറ്റ എയർലൈൻ അറിയിച്ചു. സൗത്ത് വെസ്റ്റ് എയർലൈൻ 120 സർവീസുകളും റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ വിമാനകമ്പനികൾ സർവീസ് നിയന്ത്രണം തുടരുമെന്നാണ് റിപ്പോർട്ട്.
അടച്ചുപൂട്ടൽ മൂലം എയർ ട്രാഫിക് കൺട്രോളർമാർ അടക്കം പതിനായിരക്കണക്കിനു പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. 13,000 എയർ ട്രാഫിക് കൺട്രോളർമാരും 50,000 ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഏജന്റുമാരും ശമ്പളമില്ലാതെ നിർബന്ധിതാവസ്ഥയിൽ ജോലി ചെയ്യുകയാണ്. ഇത് ജീവനക്കാരുടെ ക്ഷാമം വഷളാക്കുകയും വ്യാപകമായ വിമാന കാലതാമസത്തിനും വിമാനത്താവള സുരക്ഷാ പരിശോധകൾ നീട്ടുന്നതിനും കാരണമാവുകയും ചെയ്തു.
ഫണ്ടിങ് ബില്ലിനെച്ചൊല്ലി കോൺഗ്രസിൽ റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും തർക്കം തുടരുകയാണ്. തൊഴിലാളികളുടെ ആരോഗ്യ ഇൻഷുറൻസ് സബ്‌സിഡികൾ നീട്ടാത്ത ഒരു പദ്ധതിയും അംഗീകരിക്കില്ലെന്ന് ഡെമോക്രാറ്റുകൾ ഉറച്ചുനിൽക്കുന്നു. അതേസമയം റിപ്പബ്ലിക്കൻമാർ അത് നിരസിക്കുകയുമാണ്.
ഒക്ടോബർ 1ന് ആരംഭിച്ച അടച്ചുപൂട്ടലിൽ താഴ്ന്ന വരുമാനക്കാരായ നിരവധി അമേരിക്കക്കാർക്ക് ഭക്ഷ്യസഹായം നഷ്ടപ്പെടുത്തുകയും നിരവധി സർക്കാർ സേവനങ്ങൾ ഇല്ലാതാക്കുകയും ഏകദേശം 750,000 ഫെഡറൽ ജീവനക്കാരെ പിരിച്ചുവിടുന്നതിലേക്ക് നയിക്കുകയും ചെയ്തു.


