‘വോയ്‌സ് ഓഫ് അമേരിക്ക’ അടച്ചുപൂട്ടാനുള്ള ട്രംപിന്റെ ശ്രമം തടഞ്ഞ് യു.എസ് ജഡ്ജി
text_fieldsവാഷിംങ്ടൺ: യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി നൽകി അന്താരാഷ്ട്ര വാർത്താ സേവന ഏജൻസിയായ ‘വോയ്‌സ് ഓഫ് അമേരിക്ക’യുടെ പ്രവർത്തനം തുടരാൻ അനുമതി നൽകി യു.എസ് ഫെഡറൽ ജഡ്ജി. ‘ഇടതു പക്ഷപാതം’ ആരോപിച്ച് ട്രംപ് അടച്ചുപൂട്ടിയ പ്രക്ഷേപകരുടെ സേവനം പുനഃസ്ഥാപിക്കാൻ ജഡ്ജി റോയ്‌സ് ലാംബർത്ത് ചൊവ്വാഴ്ചത്തെ വിധിന്യായത്തിൽ ഭരണകൂടത്തോട് ഉത്തരവിട്ടു. ഫെഡറൽ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ‘വോയ്സ് ഓഫ് അമേരിക്ക’ ട്രംപ് നിയമവിരുദ്ധമായാണ് നിർത്തിവെച്ചതെന്നും ജഡ്ജി പ്രസ്താവിച്ചു.
രണ്ടാം ലോകമഹായുദ്ധ കാലത്ത് സ്ഥാപിതമായ വോയ്സ് ഓഫ് അമേരിക്ക കഴിഞ്ഞ 83 വര്‍ഷമായി യു.എസില്‍ പ്രവര്‍ത്തനക്ഷമായ മാധ്യമസ്ഥാപനമാണ്. മാർച്ചിലാണ് ട്രംപ് ഭരണകൂടം ‘വോയ്സ് ഓഫ് അമേരിക്ക’യെ അടച്ചുപൂട്ടാനുള്ള നീക്കം തുടങ്ങിയത്. പ്രക്ഷേപകർക്കുള്ള ഫണ്ട് ട്രംപ് വെട്ടിക്കുറക്കുകയും നിരവധി പേരെ പിരിച്ചുവിടുകയും ചെയ്തു. എന്നാൽ, പഴയ അതേ അവസ്ഥയിലേക്ക് അതിനെ പുനഃസ്ഥാപിക്കാൻ ജഡ്ജി നിർദേശിച്ചു.
1,300 ജീവനക്കാരും അഡ്മിനിസ്ട്രേറ്റിവ് അവധിയിൽ പ്രവേശിപ്പിച്ചതായി മാർച്ചിലെ കോടതി ഫയലിങ്ങിൽ വോയ്സ് ഓഫ് അമേരിക്കയുടെ അഭിഭാഷകർ പറഞ്ഞിരുന്നു. പ്രക്ഷേപകൻ വാർത്തകൾ സത്യമായും, നിഷ്പക്ഷമായും, വസ്തുനിഷ്ഠമായും റിപ്പോർട്ട് ചെയ്യാൻ ശ്രമിക്കുന്നുവെന്നും ട്രംപ് ഭരണകൂടത്തിന്റെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് അവർ അറിയിച്ചു.
‘ഫെഡറൽ ഏജൻസി ഫോർ ഗ്ലോബൽ മീഡിയ’ ധനസഹായം നൽകുന്ന മറ്റ് രണ്ട് പ്രക്ഷേപകരായ റേഡിയോ ഫ്രീ ഏഷ്യ, മിഡിൽ ഈസ്റ്റ് ബ്രോഡ്കാസ്റ്റിംഗ് നെറ്റ്‌വർക്കുകൾ എന്നിവയുടെ ശേഷി പുനഃസ്ഥാപിക്കണമെന്നും ജഡ്ജി ഭരണകൂടത്തോട് ഉത്തരവിട്ടു.