അമേലിയ, ട്രംപ് പറഞ്ഞ രസകരമായ കഥയിലെ ആ യുവതി ആരാണ്? ദുരൂഹതയെന്ത്?
text_fieldsവാഷിങ്ടൺ: കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒരു പ്രഖ്യാപനം നടത്തി. ലോകത്തെ ലക്ഷക്കണിന് മനുഷ്യരിൽ കൗതുകമുണർത്തിയ തീരുമാനമായിരുന്നു അത്. വൈമാനികയായിരുന്ന അമേലിയ ഇയർഹാർട്ടിനെ കുറിച്ചുള്ള രഹസ്യ രേഖകൾ പുറത്തുവിടുമെന്നായിരുന്നു ട്രംപിന്റെ ഉത്തരവ്. അമേലിയയുടെ ജീവിത കഥ വളരെ രസകരമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
അവരെ കുറിച്ച് സർക്കാർ ഓഫിസ് മുറികളിൽ ഉറങ്ങിക്കിടക്കുന്ന രഹസ്യ രേഖകൾ പുറത്തുവിടണമെന്ന് ഒരുപാട് കാലമായി ആളുകൾ ആവശ്യപ്പെടുന്നുണ്ട്. ഇത്തവണ പ്രസിഡന്റാവുന്നതിന് മുമ്പ് അമേലിയയെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുമെന്ന് ട്രംപ് ഉറപ്പുനൽകിയിരുന്നു. അമേരിക്കൻ ജനതക്ക് ഊർജവും ആത്മവിശ്വാസവും പകർന്ന ഏറ്റവും പ്രായം കുറഞ്ഞ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ മരണത്തിന്റെ നിഗൂഢതകളിലേക്ക് വെളിച്ചം വീശുന്ന നിരവധി രേഖകൾ ഇതിനകം പുറത്തുവിട്ടിരുന്നു. എന്നാൽ, അമേലിയയുടെ കഥ കാണാമറയത്ത് തന്നെ തുടർന്നു.
ആരാണ് അമേലിയ ഇയർഹാർട്ട്?
അമേലിയ മേരി ഇയർഹാർട്ട് എന്നാണ് അവരുടെ യഥാർഥ പേര്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ധീരയായ വനിത പൈലറ്റാണ് അമേലിയ. സ്ത്രീകൾ വീട്ടിലിരുന്നാൽ മതി എന്ന് അമേരിക്കൻ സമൂഹം ചിന്തിച്ചിരുന്ന കാലത്ത് അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ ഒറ്റക്ക് വിമാനം പറത്തിയാണ് അവർ ചരിത്രത്തിൽ ഇടം പിടിച്ചത്. ലോകം മുഴുവൻ ഒറ്റക്ക് വിമാനം പറത്തുകയായിരുന്നു അമേലിയയുടെ സ്വപ്നം. അക്കാലത്ത് പാശ്ചാത്യൻ വിശ്വാസങ്ങളെയും നിലപാടുകളെയും വെല്ലുവിളിക്കുന്നതായിരുന്നു അവരുടെ തീരുമാനം.
ചരിത്ര യാത്ര
1937 ജൂൺ ഒന്നിനാണ് അമേലിയ ആ ചരിത്ര യാത്ര യു.എസിൽനിന്ന് തുടങ്ങിയത്. അന്ന് അവർക്ക് വയസ്സ് 39. ലോക്ഹീഡ് എയർക്രാഫ്റ്റ് കോർപറേഷൻ നിർമിച്ച ലോക്ഹീഡ് മോഡൽ 10-E ഇലക്ട്ര എന്ന വിമാനത്തിലായിരുന്നു യാത്ര. സൗത് അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ആസ്ട്രേലിയ തുടങ്ങിയ വൻകരകളെല്ലാം ആകാശയാത്രയിൽ അവർ കീഴടക്കി. എന്നാൽ, നിർഭാഗ്യവശാൽ ലോകം മുഴുവൻ ചുറ്റുക എന്ന ചരിത്ര ദൗത്യം ആ വനിതക്ക് പൂർത്തിയാക്കാനായില്ല. ലോകത്തെ ഏറ്റവും വലുതും ആഴമേറിയതുമായ സൗത് പസഫിക് സമുദ്രത്തിന് മുകളിൽ പറക്കവെ അമേലിയ അപ്രത്യക്ഷയായി. പിന്നീട് ഒരിക്കലും അവരെ ആർക്കും കാണാൻ കഴിഞ്ഞിട്ടില്ല. ആ യാത്രയിൽ അവർക്കൊപ്പം ഉണ്ടായിരുന്ന ഏക മനുഷ്യൻ നാവികനായ ഫ്രെഡ് നൂനാൻ മാത്രമായിരുന്നു. ന്യൂ ഗിനിയയിൽനിന്ന് ഹൗലാൻഡ് ദ്വീപിലേക്ക് പറക്കുന്നതിനിടയിലാണ് അവർ അപ്രത്യക്ഷമായത്.
എന്താണ് സംഭവിച്ചത്?
വിമാനത്തിൽ ഇന്ധനം കുറവാണെന്ന് അമേലിയ പറഞ്ഞിരുന്നതായാണ് അന്വേഷണ രേഖയിലുള്ളത്. എഫ്.ബി.ഐ അടക്കം നിരവധി ഏജൻസികൾ അമേലിയയുടെ തിരോധാനത്തെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. അമേരിക്കൻ നാവിക സേന അരിച്ചുപെറുക്കിയിട്ടും ഇരുവരെയും കണ്ടെത്താൻ കഴിഞ്ഞില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങൾ പോലും കിട്ടിയില്ല. ഒടുവിൽ, അമേലിയ മരണപ്പെട്ടതായി 1939ൽ യു.എസ് സർക്കാർ പ്രഖ്യാപിച്ചു. ആ സംഭവം നടന്നിട്ട് 90 വർഷം പൂർത്തിയായി. അമേലിയയെ അന്യഗ്രഹ ജീവികൾ തട്ടിക്കൊണ്ടു പോയെന്നും മറ്റൊരു പേരിൽ ന്യൂജഴ്സിയിൽ കഴിയുന്നുണ്ടെന്നും ഇരുവരെയും ജപ്പാൻകാർ വധിച്ചെന്നും ആളില്ലാ ദ്വീപിൽ മരിച്ചെന്നും അടക്കമുള്ള കഥകൾ പ്രചരിച്ചിരുന്നു. എല്ലാം കെട്ടുകഥകൾ മാത്രമായി അവശേഷിച്ചു.
വിമാനം പറത്തുക മാത്രമല്ല, എണ്ണമറ്റ സ്ത്രീകളെ വിമാനം പറത്താൻ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത അമേലിയ ഇന്നും പെൺകുട്ടികളുടെ പ്രചോദനമാണ്. അവരുടെ അവസാന യാത്രയിൽ എന്ത് സംഭവിച്ചു എന്നത് അജ്ഞാതമാണ്. ആ യാത്രയുടെ നിഗൂഢതകൾ തേടുന്നവർക്ക് ഏറെ സന്തോഷം നൽകുന്നതാണ് ട്രംപിന്റെ ഉത്തരവെന്ന് അമേലിയ ഇയർ ഹാർട്ട് ഹങർ മ്യൂസിയം എക്സികുട്ടിവ് ഡയറക്ടർ മിൻഡി ലവ് പാൻഡർഗ്രാഫ്റ്റ് പറഞ്ഞു.