‘റഷ്യക്കെതിരെ ഇന്ത്യക്കും ചൈനക്കും മേൽ സമ്മർദ്ദം ശക്തമാക്കണം’ ജി7 രാജ്യങ്ങളോട് യു.എസ്
text_fieldsവാഷിംഗ്ടൺ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യക്കും ചൈനക്കും മേൽ സമ്മർദ്ദം ശക്തമാക്കണമെന്ന് ജി-7 രാജ്യങ്ങളോട് യു.എസ്. വെള്ളിയാഴ്ച യു.എസ് ട്രഷറി വകുപ്പ് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച് വിശദാംശങ്ങളുള്ളത്. റഷ്യയുമായി എണ്ണയിടപാട് നടത്തുന്ന രാജ്യങ്ങൾക്കുമേൽ ഉപരോധ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിൽ ജി-7 രാജ്യങ്ങൾ പ്രതിബദ്ധത അറിയിച്ചതായും യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും യുണൈറ്റഡ് സ്റ്റേറ്റ്സ് വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറും ഒപ്പുവെച്ച പ്രസ്താവന വ്യക്തമാക്കുന്നു.
‘പുടിന്റെ യുദ്ധ സംവിധാനത്തിന് പിന്തുണ നൽകുന്ന വരുമാന സ്രോതസുകൾ തടയാൻ ഏകീകൃതമായ ശ്രമം വേണം. വിവേക ശൂന്യമായ കൊലപാതകങ്ങൾക്ക് അന്ത്യം കുറിക്കുന്ന തരത്തിൽ സാമ്പത്തിക സമ്മർദ്ദം ശക്തമാക്കാൻ അങ്ങിനെയേ കഴിയൂ.’ ജി-7 രാജ്യങ്ങളോടുള്ള അഭ്യർഥനയിൽ യു.എസ് ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50 ശതമാനവും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 30 ശതമാനവും തീരുവ ചുമത്തി ആഴ്ചകൾ പിന്നിടവെയാണ് ഇരു രാജ്യങ്ങൾക്കും മേൽ കൂടുതൽ സമ്മർദ്ദത്തിന് യു.എസ് ആഹ്വാനം.
‘പ്രസിഡന്റ് ട്രംപിന്റെ ധീരമായ നേതൃത്വത്തിന് നന്ദി, റഷ്യയുടെ എണ്ണ വാങ്ങുന്നവർക്കെതിരെ അമേരിക്ക ഇതിനകം തന്നെ നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ യുദ്ധം അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് സഹ ജി-7 രാജ്യങ്ങൾ നൽകുന്ന ഉറപ്പ് യു.എസിന് പ്രോത്സാഹനം നൽകുന്നു. ഈ നിർണായക സമയത്ത്, നിർണായക നടപടിയെടുക്കുന്നതിൽ അവർ ഞങ്ങളോടൊപ്പം ചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ ബെസെന്റും ഗ്രീറും പ്രസ്താവനയിൽ പറഞ്ഞു.
ലോകത്തിലെ വികസിത സമ്പദ്‌വ്യവസ്ഥകളായ ഫ്രാൻസ്, യു.എസ്, യു.കെ, ജർമ്മനി, ജപ്പാൻ, ഇറ്റലി, കാനഡ, യൂറോപ്യൻ യൂണിയൻ എന്നിവയുടെ അനൗപചാരിക ഗ്രൂപ്പാണ് ഗ്രൂപ്പ് ഓഫ് സെവൻ അഥവാ ജി7.
വെള്ളിയാഴ്ച, ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ, റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് മേൽ തീരുവ ചുമത്തുന്നത് എളുപ്പമുള്ള തീരുമാനമല്ലെന്നും അത് ന്യൂഡൽഹിയുമായി അകൽച്ചക്ക് കാരണമായെന്നും യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞിരുന്നു.
‘നോക്കൂ, ഇന്ത്യയായിരുന്നു അവരുടെ ഏറ്റവും വലിയ ഉപഭോക്താവ്. അവർ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് ഞാൻ ഇന്ത്യക്ക് മേൽ 50 ശതമാനം തീരുവ ഏർപ്പെടുത്തിയത്. അത് ചെയ്യാൻ എളുപ്പമുള്ള കാര്യമല്ല. അതൊരു വലിയ കാര്യമാണ്, അത് ഇന്ത്യയുമായി അകൽച്ചക്ക് കാരണമാകുന്നു. പക്ഷേ ഞാൻ ഇതിനകം അത് ചെയ്തിട്ടുണ്ട്. ഞാൻ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. ഇത് നമ്മുടെ പ്രശ്നത്തേക്കാൾ ഒരു യൂറോപ്യൻ പ്രശ്നമാണെന്ന് ഓർക്കണം,’- ട്രംപ് പറഞ്ഞു.
എങ്കിലും, റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് തുടരുമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. സാമ്പത്തികവും വാണിജ്യപരവുമായ പരിഗണനകളാണ് ഇന്ത്യയുടെ എണ്ണ ഇടപാടിനെ നയിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ സെപ്റ്റംബർ ആദ്യം വ്യക്തമാക്കിയിരുന്നു.
അടുത്തിടെ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി (ജി.എസ്.ടി) പരിഷ്കാരങ്ങളിൽ നിരവധി ഇനങ്ങളുടെ പരോക്ഷ നികുതി നിരക്കുകൾ ലഘൂകരിക്കുകയോ കുറയ്ക്കുകയോ ചെയ്തു. ഇത് യു.എസ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ഏർപ്പെടുത്തിയ 50 ശതമാനം തീരുവയുടെ ആഘാതം ഒരു പരിധിവരെ നികത്തുന്നതാണ്. ഉയർന്ന യു.എസ് താരിഫ് മൂലം ബുദ്ധിമുട്ടുന്നവരെ കണക്കിലെടുത്ത് സർക്കാർ കൂടുതൽ പദ്ധതികൾ ആവിഷ്‍കരിച്ച് നടപ്പാക്കുമെന്നും സി.എൻ.എൻ -ന്യൂസ് 18ന് നൽകിയ അഭിമുഖത്തിൽ സീതാരാമൻ പറഞ്ഞു .
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയിൽ ഉപഭോക്താവാണ് ഇന്ത്യ. രാജ്യത്തിന്റെ ആകെ ആവശ്യകതയുടെ 88 ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ, കിഴിവിൽ റഷ്യൻ അസംസ്കൃത എണ്ണ വാങ്ങിയതിലൂടെ കോടിക്കണക്കിന് ഡോളറിന്റെ വിദേശനാണ്യം ഇന്ത്യ ലാഭിച്ചതായാണ് കണക്കുകൾ.