‘ഉത്തരവാദിത്തപൂർവമായ പരിഹാരത്തിനായി ഇരു രാജ്യങ്ങളും പ്രവർത്തിക്കണം’; ഇന്ത്യയെ പിന്തുണച്ചിട്ടും പാകിസ്താനെ വിമർശിക്കാതെ യു.എസ്
text_fieldsവാഷിംങ്ടൺ: കശ്മീരിലെ ഭീകരാക്രമണത്തെത്തുടർന്ന് രണ്ട് ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ സംഘർഷങ്ങൾ വർധിച്ചതിനാൽ വാഷിംങ്ടൺ ഇന്ത്യയുമായും പാകിസ്താനുമായും ബന്ധപ്പെട്ടുവെന്നും ‘ഉത്തരവാദിത്തപൂർവമായ പരിഹാരം’ എന്ന് വിളിക്കുന്ന കാര്യത്തിനായി പ്രവർത്തിക്കാൻ അവരോട് ആഹ്വാനം ചെയ്യുന്നുവെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ്.
ആക്രമണത്തിനു ശേഷം യു.എസ് സർക്കാർ പരസ്യമായി ഇന്ത്യയെ പിന്തുണച്ചെങ്കിലും പാകിസ്താനെ വിമർശിച്ചിട്ടില്ല. ‘ഇത് വികസിച്ചുകൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ്. ഞങ്ങൾ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ-പാക് സർക്കാറുകളുമായി ഞങ്ങൾ ഒന്നിലധികം തലങ്ങളിൽ ബന്ധപ്പെട്ടിട്ടുണ്ട്’- യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് ഇ-മെയിൽ പ്രസ്താവനയിൽ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഉത്തരവാദിത്തപരമായ ഒരു പരിഹാരത്തിനായി ഒരുമിച്ച് പ്രവർത്തിക്കാൻ എല്ലാ കക്ഷികളെയും അമേരിക്ക പ്രോത്സാഹിപ്പിക്കുന്നുവെന്നും വക്താവ് കൂട്ടിച്ചേർത്തു.
നേരത്തെ, പഹൽഗാമിലെ ഭീകരാക്രമണത്തിൽ യു.എസ് ഇന്ത്യക്കൊപ്പം നിൽക്കുകയും ശക്തമായി അപലപിക്കുകയും ചെയ്യുന്നുവെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് പറഞ്ഞിരുന്നു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപും വൈസ് പ്രസിഡന്‍റ് ജെ.ഡി. വാൻസും അടുത്തിടെ നടത്തിയ അഭിപ്രായങ്ങൾക്ക് സമാനമായ പ്രസ്താവനകൾ ആവർത്തിക്കുകയും ചെയ്തു.
2021ൽ അയൽരാജ്യമായ അഫ്ഗാനിസ്ഥാനിൽ നിന്ന് യു.എസ് പിൻവാങ്ങിയതിനുശേഷം മേഖലയിൽ അവരുടെ പ്രാധാന്യം കുറഞ്ഞിട്ടുണ്ട്. പാകിസ്താൻ ഒരു യു.എസ് സഖ്യകക്ഷിയായി തുടരുമ്പോൾ തന്നെയും ഏഷ്യയിൽ ചൈനയുടെ വർധിച്ചുവരുന്ന സ്വാധീനത്തെ ചെറുക്കാൻ യു.എസ് ലക്ഷ്യമിടുന്നു. അതിനാൽ, ഇന്ത്യ കൂടുതൽ പ്രധാനപ്പെട്ട ഒരു യു.എസ് പങ്കാളിയാണ്. പാകിസ്താനാവട്ടെ ചൈന പിന്തുണ അറിയിച്ചിട്ടുമുണ്ട്.
ഇന്ത്യ ഇപ്പോൾ പാകിസ്താനേക്കാൾ വളരെ അടുത്ത യു.എസ് പങ്കാളിയാണെന്ന് വാഷിംങ്ടൺ ആസ്ഥാനമായുള്ള ദക്ഷിണേഷ്യൻ വിശകലന വിദഗ്ധനും ‘ഫോറിൻ പോളിസി’ മാസികയുടെ കോളമിസ്റ്റുമായ മൈക്കൽ കുഗൽമാൻ പറഞ്ഞു. എന്നാൽ, റഷ്യയുടെ യുക്രെയ്‌ൻ യുദ്ധത്തിലും ഇസ്രായേൽ നടത്തുന്ന ഗസ്സ യുദ്ധത്തിലും യു.എസിന്റെ ഇടപെടലും തുടർച്ചയായ നയതന്ത്ര ശ്രമങ്ങളും കണക്കിലെടുക്കുമ്പോൾ, ട്രംപ് ഭരണകൂടം ആഗോളതലത്തിൽ നിരവധി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നും സംഘർഷങ്ങളുടെ ആദ്യ ദിവസങ്ങളിലെങ്കിലും ഇന്ത്യയെയും പാകിസ്താനെയും സ്വന്തമായി വിട്ടേക്കാമെന്നും കുഗൽമാൻ പറഞ്ഞു. ഈ നിമിഷം സ്ഥിതിഗതികൾ ശാന്തമാക്കാൻ യു.എസ് ആഗ്രഹിക്കുന്നില്ലെന്ന് യു.എസിലെ മുൻ പാകിസ്താൻ അംബാസഡറും ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ട് തിങ്ക് ടാങ്കിലെ സീനിയർ ഫെലോയുമായ ഹുസൈൻ ഹഖാനിയും പറഞ്ഞു.
ഏപ്രിൽ 22ന് കശ്മീരിൽ നടന്ന ആക്രമണത്തിൽ രണ്ട് ഡസനിലധികം ആളുകൾ കൊല്ലപ്പെട്ടതിന് ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തിയിരുന്നു. പാകിസ്താൻ ഉത്തരവാദിത്തം നിഷേധിക്കുകയും നിഷ്പക്ഷ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി പഹൽഗാം ആക്രമണകാരികളെ ‘ഭൂമിയുടെ അറ്റം വരെ’ പിന്തുടരുമെന്ന് പ്രതിജ്ഞയെടുത്തു. കശ്മീർ ആക്രമണം ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തവരെ ‘അവരുടെ സങ്കൽപ്പിക്കാവുന്നതിലും അപ്പുറത്തേക്ക് ശിക്ഷിക്കുമെന്നും’ പറഞ്ഞു. പാകിസ്താനെതിരെ സൈനിക നടപടിക്ക് ഇന്ത്യൻ രാഷ്ട്രീയക്കാരിൽ നിന്നും മറ്റുള്ളവരിൽ നിന്നും ആഹ്വാനങ്ങളും ഉയർന്നിട്ടുണ്ട്.